ബംഗാളില്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് 91 ലക്ഷം പേര്‍ പുറത്ത്; തൃണമൂല്‍ കോണ്‍ഗ്രസ് കോടതിയിലേക്ക്
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ നിയമസഭാ വോട്ടെടുപ്പ് പടിവാതിലില്‍ എത്തിനില്‍ക്കെ, എസ്‌ഐആറിന് ശേഷം 91 ലക്ഷം പേര്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്തായതിനെതിരെ മുഖ്യമന്ത്രി മമത ബാനര്‍ജി. തൃണമൂല്‍ കോണ്‍ഗ്രസ് വീണ്ടും കോടതിയെ സമീപിക്കുമെന്ന് അവര്‍ പറഞ്ഞു. ബിജെപിയും തിരഞ്ഞെടുപ്പ് കമ്മീഷനും ഒത്തുകളിക്കുകയാണെന്ന ആരോപണവും മമത ഉന്നയിച്ചു.
വോട്ടര് പട്ടികയില്‍ നിന്ന് പേരുകള്‍ നീക്കിയതുകൊണ്ട് നിങ്ങള്‍ക്ക് തൃണമൂല്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്താന്‍ സാധിക്കില്ലെന്നും മമത പറഞ്ഞു. ബിജെപി അധികാരത്തില്‍ വരുന്നത് എന്തുകൊണ്ടും തടയണം. ബിജെപി അധികാരത്തില്‍ എത്തിയാല്‍ മല്‍സ്യമോ മാംസമോ കഴിക്കാന്‍ സാധിക്കില്ല. ബംഗാളി ഭാഷ സംസാരിക്കാനും സാധിക്കില്ലെന്നും ഭബാനിപൂരില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ശേഷം മമത പറഞ്ഞു.

വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കിയ 91 ലക്ഷം പേരില്‍ 27.1 ലക്ഷം വോട്ടര്‍മാരെ 'ലോജിക്കല്‍ ഡിസ്‌ക്രെപന്‍സി' അഥവാ യുക്തിപരമായ പൊരുത്തക്കേടുകള്‍ എന്ന കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷമാണ് ഒഴിവാക്കിയത്. മുസ്ലിം ഭൂരിപക്ഷ ജില്ലയായ മുര്‍ഷിദാബാദിലാണ് ഈ വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ പേരെ ഒഴിവാക്കിയിരിക്കുന്നത്.
അതേസമയം, പട്ടികയില്‍ നിന്നുള്ള ഒഴിവാക്കല്‍ നിരക്ക് ഏറ്റവും കൂടുതല്‍ രേഖപ്പെടുത്തിയത് അതിര്‍ത്തി ജില്ലയായ നാദിയയിലാണ്. വിഭജനത്തിന് ശേഷം അഭയാര്‍ത്ഥികളായി ഇന്ത്യയിലെത്തിയ മതുവ ദളിത് വിഭാഗങ്ങള്‍ കൂടുതലായി താമസിക്കുന്ന ജില്ലയാണിത്. ഇവിടെ പരിശോധനയ്ക്ക് വിധേയമാക്കിയ നാലില്‍ മൂന്ന് പേരെയും പട്ടികയില്‍ നിന്ന് നീക്കം ചെയ്തു. ബിജെപി വഞ്ചിച്ചു എന്നാണ് മതുവ വോട്ടര്‍മാര്‍ പറയുന്നു.
ഫെബ്രുവരി 28ന് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചതിന് ശേഷം ഏകദേശം 60 ലക്ഷം പേരുടെ അപേക്ഷകളാണ് ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ പരിശോധനയ്ക്കായി മാറ്റിവെച്ചത്. ഇതില്‍ 45 ശതമാനം പേരും അയോഗ്യരാണെന്ന് കണ്ടെത്തിയതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. നന്തിഗ്രാമില്‍ പട്ടികയില്‍ നിന്ന ഒഴിവാക്കിയ 95 ശതമാനം പേരും മുസ്ലിങ്ങളാണ് എന്ന വാര്‍ത്തകളും വന്നിട്ടുണ്ട്.
ആകെയുള്ള വോട്ടര്‍മാരില്‍ നിന്ന് 11.6 ശതമാനം പേരെ ഒഴിവാക്കിയ ബംഗാള്‍, രാജ്യത്ത് ഈ എസ്‌ഐആര്‍ പൂര്‍ത്തിയാക്കിയ ഒമ്പത് സംസ്ഥാനങ്ങളില്‍ ഏറ്റവും കൂടുതല്‍ പേരെ നീക്കം ചെയ്ത മൂന്നാമത്തെ സംസ്ഥാനമാണ്. ഗുജറാത്ത്, ഛത്തീസ്ഗഢ് എന്നിവയാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളില്‍. ഏപ്രില്‍ 23ന് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് വോട്ടര്‍ പട്ടിക സംബന്ധിച്ച വിവാദം കോടതി കയറുന്നത് എന്നതും എടുത്തു പറയണം.












Click it and Unblock the Notifications