രാഷ്ട്രീയ പാർട്ടികൾക്കുള്ള കോർപറേറ്റ് സംഭാവന; ഏറ്റവും കൂടുതൽ ബിജെപിക്ക്..കണക്ക് പുറത്ത്
ദില്ലി; 2019-20 സാമ്പത്തിക വര്‍ഷത്തില്‍ കോര്‍പറേറ്റുകളില്‍ നിന്നും രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന ഇനത്തിൽ ലഭിച്ചത് 920 കോടി രൂപ രൂപ. അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റീഫോംസാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. ഇക്കാലയളവിൽ ബി ജെ പിക്കാണ് ഏറ്റവും അധികം സംഭാവന ലഭിച്ചത്. തൊട്ട് പിന്നിൽ കോൺഗ്രസ് ആണ്. രാഷ്ട്രീയ പാർട്ടികൾക്ക് ലഭിക്കുന്ന സംഭാവനയുടെ 91 ശതമാനവും കോർപറേറ്റ് ഫണ്ടാണ്. 2018-19 കാലയളവിൽ 900 കോടിയിൽ താഴെയായിരുന്നു പാർട്ടികൾക്ക് ലഭിച്ചത്.
ബി ജെ പി, കോണ്‍ഗ്രസ്, സി പി എം, എൻ സി പി, തൃണമൂണ്‍ കോണ്‍ഗ്രസ് എന്നിങ്ങനെ അഞ്ച് പാർട്ടികൾക്ക് ലഭിച്ച സംഭാവനയാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ഇതിൽ 2019-20 വര്‍ഷം കോര്‍പറേറ്റുകളില്‍ നിന്നും 720 കോടിയിലധികം രൂപയുടെ സംഭാവനയാണ് ബി ജെ പിക്ക് ലഭിച്ചത്. 2025 കോര്‍പറേറ്റുകളില്‍ നിന്നാണ് ബി ജെ പിക്ക് ഇത്രയും തുക സംഭാവനയായി ലഭിച്ചത്.

കോൺഗ്രസിന് ലഭിച്ചത് 133.04 കോടി രൂപയാണ്. 154 ദാതാക്കളില്‍ നിന്നാണ് ഈ തുക ലഭിച്ചത്. എൻ സി പിക്ക് 57.086 കോടിയും സി പി എമ്മിന് 6.19 കോടി രൂപയും ലഭിച്ചു. 6 കോര്‍പ്പറേറ്റ് ദാതാക്കളില്‍ നിന്നാണ് പാർട്ടിക്ക് ഈ തുക ലഭിച്ചത്.
പ്രൂഡന്റ് ഇലക്‌ട്രൽ ട്രസ്റ്റാണ് ഏറ്റവും കൂടുതൽ തുക ബി ജെ പിക്കും കോൺഗ്രസിനും സംഭാവന നൽകിയത്. മൊത്തം 247.75 കോടി രൂപയാണ് ലഭിച്ചത്. 55.02 കോടി രൂപ ഐ ടി സി ലിമിറ്റഡും 45.95 കോടി രൂപ ജനകല്യാൺ ഇലക്ടറൽ ട്രസ്റ്റുമാണ് ബി ജെ പിക്ക് സംഭാവന നൽകിയത്. ജനകല്യാൺ ഇലക്ടറൽ ട്രസ്റ്റ്, ഐ ടി സി ലിമിറ്റഡ് എന്നിവയാണ് കോൺഗ്രസിന് സംഭാവന നൽകിയ സ്ഥാപനങ്ങൾ. 2019-20 ല്‍ എന്‍ സി പിക്ക് ഏറ്റവും കൂടുതല്‍ സംഭാവന നല്‍കിയത് ബിജി ഷിര്‍കെ കണ്‍സ്ട്രക്ഷന്‍ ടെക്‌നോളജി പ്രൈവറ്റ് ലിമിറ്റഡാണ്. മുത്തൂറ്റ് ഫിനാന്‍സില്‍ നിന്നുമാണ് സി പി എം ഇക്കാലയളവില്‍ ഏറ്റവുമധികം സംഭാവന സ്വീകരിച്ചത്. കൂടാതെ കല്യാൺ ജ്വല്ലേഴ്സിൽ നിന്നും സി പി എമ്മിന് സംഭാവന ലഭിച്ചിട്ടുണ്ട്. ഇതിനു പുറമേ കിറ്റെക്‌സ് ചില്‍ഡ്രണ്‍ വെയര്‍ പ്രൈവറ്റ് ലിമിറ്റഡില്‍ നിന്നും നവയുഗ എഞ്ചിനീയറിംഗ് കമ്പനിയില്‍ നിന്നും രാജധാനി മിനെറല്‍സ് ആന്‍ഡ് മെറ്റല്‍സില്‍ നിന്നും ഇന്‍ഡസ് മോട്ടോര്‍സില്‍ നിന്നും പാർട്ടിക്ക് സംഭാവന ലഭിച്ചു.
Recommended Video
20,000 രൂപയ്ക്ക് മുകളിലുള്ള സംഭാവനകളുടെ വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് മുന്‍പാകെ ഹാജരാക്കേണ്ടത്. എന്നാൽ തങ്ങൾക്ക് 20000 രൂപയ്ക്ക് മുകളിലുള്ള സംഭാവന ലഭിച്ചിട്ടില്ലെന്നാണ് ബി എസ് പി വ്യക്തമാക്കിയത്. തങ്ങൾക്ക് കോർ്പറേറ്റുകളിൽ നിന്ന് പണം ലഭിച്ചിട്ടില്ലെന്നാണ് സി പി ഐയും വ്യക്തമാക്കിയിരുന്നു.
ബി ജെ പിക്ക് 70.52 ശതമാനവും ഇലക്ടറർ ബോണ്ടാണ്. 19.88 ശതമാനം കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ നിന്നും 9.6 ശതമാനം മറ്റ് ശ്രോതസുകളിൽ നിന്നും ലഭിച്ചു. കോൺഗ്രസിന് 46.59 ശതമാനം ഇലക്ടറൽ ബോണ്ടും 19.5 ശതമാനം കോർപ്പറേറ്റ് വരുമാനവുമാണ്. മറ്റ് ശ്രോതസുകളിൽ നിന്നും 33.91 ശതമാനം സംഭാവനയും ലഭിച്ചു. തൃണമൂൽ കോൺഗ്രസ് 69. 92 ശതമാനം ഇലക്ടറൽ ബോണ്ട് ആണ്. 26.94 ശതമാനം മറ്റ് സ്ത്രോതസുകളിൽ നിന്നും ലഭിച്ചതാണെന്ന് എ ഡി ആർ റിപ്പോർട്ടിൽ പറയുന്നു.


Click it and Unblock the Notifications