'നിന്നെ വല്ലാതെ മിസ് ചെയ്യും'; 13കാരി വിദ്യാര്‍ത്ഥിനിക്ക് അധ്യാപകന്റെ പ്രണയലേഖനം
ലക്‌നൗ: പതിമൂന്നുവയസുകാരിയായ വിദ്യാർത്ഥിനിയ്ക്ക് പ്രണയലേഖനം നൽകി അധ്യാപകൻ. വിദ്യാർത്ഥിനിക്ക് എഴുതിയ ഒരു പേജ് വരുന്ന പ്രണയലേഖനത്തിലാണ് അധ്യാപികൻ തനിക്ക് കുട്ടിയോട് പ്രണയമാണെന്ന് പറയുന്നത്.
കത്ത് വായിച്ച് ശേഷം കീറിക്കളയണം എന്നും ഇയാൾ കുട്ടിയോട് ആവശ്യപ്പെട്ടു. എന്നാൽ വിദ്യാർത്ഥിനി മാതാപിതാക്കളോട് അധ്യാപകൻ കത്ത് നൽകിയ കാര്യം പറയുകയും ഇവർ അധ്യാപകനെതിരെ പോലീസിൽ പരാതി നൽകുകയും ചെയ്തു.

ഉത്തർപ്രദേശിലെ സർക്കാർ സ്കൂളിലെ 47കാരനായ അധ്യാപകൻ ആണ് വിദ്യാർത്ഥിനിക്ക് കത്ത് കൊടുത്തത്. സംഭവത്തിന് പിന്നാലെ കുട്ടിയോട് മാപ്പ് പറയണമെന്ന് മാതാപിതാക്കൾ ആവശ്യപ്പെട്ടെങ്കിലും അധ്യാപകൻ തയ്യാറായില്ല. പകരം ഇയാൾ ഭീഷണിപ്പെടുത്തുകയായിരുന്നു.
പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തുകയും "പെൺകുട്ടിയെ കാണാതാക്കും" എന്ന് പറയുകയും ചെയ്തതായി വിദ്യാർത്ഥിയുടെ പിതാവ് ആരോപിച്ചു.
വിദ്യാർത്ഥിനിയുടെ പേരെഴുതി ആരംഭിച്ച കുറിപ്പിൽ താൻ കുട്ടിയെ വളരെയേറെ സ്നേഹിക്കുന്നുണ്ടെന്ന് അധ്യാപകൻ എഴുതി. സ്കൂൾ അവധിക്കാലമാകുമ്പോൾ കുട്ടിയെ വളരെയധികം 'മിസ്' ചെയ്യുമെന്നും അദ്ധ്യാപകൻ കത്തിൽ പറയുന്നു. അവസരം ലഭിക്കുകയാണെങ്കിൽ ഫോൺ ചെയ്യണം.
അവധിയ്ക്ക് പോകുന്നതിന് മുൻപ് കാണണം. സ്നേഹമുണ്ടെങ്കിൽ കുട്ടി തീർച്ചയായും കാണാൻ വരും. എപ്പോഴും കുട്ടിയെ സ്നേഹിക്കുമെന്നും കത്ത് മറ്റാരെയും കാണിക്കരുതെന്നും വായിച്ചുകഴിഞ്ഞാൽ കീറിക്കളയണമെന്നും അധ്യാപകൻ കത്തിൽ എഴുതി.
വീട്ടുകാരുടെ പരാതിയിൽ കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും എസ്പി കുൻവർ അനുപം സിംഗ് പറഞ്ഞു.
വിഷയം പുറത്തുവന്നതിന് പിന്നാലെ ഒരു സംഘത്തെ രൂപീകരിച്ചതായി ജില്ലാ അടിസ്ഥാന വിദ്യാഭ്യാസ ഓഫീസർ കൗസ്തുഭ് സിംഗ് പറഞ്ഞു.
വിഷയത്തിൽ റിപ്പോർട്ട് തേടിയിട്ടുണ്ട്. അധ്യാപകനെതിരെ കർശന നടപടി സ്വീകരിക്കും. അതേസമയം, ആരോപണങ്ങൾ ശരിയാണെന്ന് കണ്ടെത്തിയാൽ കുറ്റാരോപിതനായ അധ്യാപകനെതിരെ കർശന നടപടിയെടുക്കണമെന്ന് യൂണിയൻ ആവശ്യപ്പെടുമെന്ന് ടീച്ചേഴ്‌സ് യൂണിയൻ പ്രസിഡന്റ് അനുപ് മിശ്ര പറഞ്ഞു.












Click it and Unblock the Notifications