തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന് 8 വയസുകാരിയുടെ കള്ളപ്പരാതി; ഡെലിവറി ബോയിക്ക് മർദ്ദനം;സത്യം തെളിഞ്ഞത് ഇങ്ങനെ
ബെംഗളൂരു: എട്ട് വയസ്സുകാരി പറഞ്ഞ കള്ളക്കഥ വിശ്വസിച്ച് ഫുഡ് ഡെലിവറി ബോയിക്ക് മർദ്ദനം. കുട്ടിയുടെ മാതാപിതാക്കളും ഇവർ താമസിക്കുന്ന അപ്പാർട്ട്മെൻറിലെ താമസക്കാരുമാണ് ഡെലിവറി ബോയിയെ മർദ്ദിച്ചത്. ഫുഡ് ഡെലിവറി ബോയി തന്നെ നിർബന്ധിച്ച് ടെറസിൽ കൊണ്ടുപോയെന്നും അയാളുടെ കയ്യിൽ കടിച്ചാണ് രക്ഷപ്പെട്ടത് എന്നുമാണ് d കുട്ടി പറഞ്ഞത്.
ഇതിന് പിന്നാലെയാണ് 30 വയസ്സുകാരനായ യുവാവിനെ എല്ലാവരുംകൂടി മർദ്ദിച്ചത്. ജൂൺ 12 ന് രാവിലെയാണ് സംഭവം നടന്നത്. 5 വയസ്സുള്ള മകനെ സ്‌കൂളിൽ വിട്ട് 9.40 ഓടെ ഏഴാം നിലയിലെ തങ്ങളുടെ ഫ്ലാറ്റിൽ ദമ്പതികൾ തിരിച്ചെത്തിയപ്പോൾ മകൾ അവിടെ ഉണ്ടായിരുന്നില്ല.

മുന്നിലെ വാതിൽ പൂട്ടുകയും ചെയ്തിരുന്നു. ഇതോടെ ഇവർ ആകെ ഭയത്തിലായി. ദമ്പതികളും അയൽക്കാരും കുട്ടിയെ തിരയാൻ തുടങ്ങി. 30 മിനിറ്റിന് ശേഷം കുട്ടിയെ അയൽവാസികളിൽ ഒരാൾ ടെറസിൽ നിന്ന് കുട്ടിയെ കണ്ടെത്തി. എന്തിനാണ് ടെറസിൽ പോയതെന്ന് ചോദിച്ചപ്പോഴാണ് ഒരു ഫുഡ് ഡെലിവറി ബോയി ഡോർബെൽ അടിച്ചുവെന്നും വാതിൽ തുറന്നപ്പോൾ അയാൾ തന്നെ ടെറസിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയെന്നും പറഞ്ഞത്.
ഇതോടെ സെക്യൂരിറ്റി ഗാർഡുകളെ വിവരം അറിയിക്കുകയും ഡെലിവറി ഏജന്റുമാരിൽ ആരെയും പുറത്ത് വിടരുതെന്ന് പറയുകയും ചെയ്തു. പിന്നാലെ തന്നെ ബലമായി ടെറസിലേക്ക് കൊണ്ടുപോയ ഡെലിവെറി ബോയി ആണെന്ന് പറഞ്ഞ് കുട്ടി ഒരാളെ തിരിച്ചറിഞ്ഞു. ഇതോടെ ദമ്പതികളും മറ്റ് താമസക്കാരും ചേർന്ന് ഇയാളെ മർദിക്കുകയും സെക്യൂരിറ്റി ഇദ്ദേഹത്തെ മുറിയിൽ പൂട്ടിയിടുകയും ചെയ്തതായി പോലീസ് പറയുന്നു.
എന്നാൽ അടുത്ത ദിവസം പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് സംഭവത്തിൽ ട്വിസ്റ്റ് ഉണ്ടായത്. അപ്പാർട്ട്‌മെന്റിലെത്തി ഏഴാം നിലയിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു. എന്നാൽ ടെറസിലേക്കുള്ള പടികളുടെ സിസിടിവി ക്യാമറ സ്ഥാപിച്ചിരുന്നില്ല. പിന്നാലെ അപ്പാർട്ട്‌മെന്റിന് അടുത്തുള്ള വനിതാ ഹോസ്റ്റലിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയിൽ നിന്നും ഉള്ള ദൃശ്യങ്ങൾ പോലീസ് കണ്ടെത്തി.
ഈ ദൃശ്യങ്ങളിൽ കുട്ടിക്ക് തനിച്ച് മുകളിലേക്ക് പോകുന്നത് കണ്ടെത്തി. പോലീസ് ചോദിച്ചപ്പോഴാണ് താൻ കള്ളം പറഞ്ഞതാണെന്ന് പെൺകുട്ടി സമ്മതിക്കുന്നത്. ക്ലാസ് സമയത്ത് കളിച്ചതിന് മതാപിതാക്കൾ അടിത്തുമെന്ന് ഭയന്നാണ് കള്ളം പറഞ്ഞതെന്നാണ് കുട്ടിപറഞ്ഞത്. കുട്ടിയുടെ മാതാപിതാക്കൾ ഡെലിവറി ഏജന്റിനോട് ക്ഷമ പറഞ്ഞു. പരാതി നൽകാൻ ഡെലിവറി ഏജന്റിനോട് പറഞ്ഞെങ്കിലും അദ്ദേഹം പരാതി നൽകിയില്ല












Click it and Unblock the Notifications