
കാമുകന് ഇന്ത്യയില്‍; വിവാഹം കഴിക്കാന്‍ അതിര്‍ത്തി നീന്തിക്കടന്ന് ബംഗ്ലാദേശ് യുവതി, ഒടുവില്‍ സംഭവിച്ചത്
കൊല്‍ക്കത്ത: ഇന്ത്യയിലുള്ള കാമുകനെ വിവാഹം കഴിക്കുന്നതിന് വേണ്ടി ബംഗ്ലാദേശി യുവതി നദി നീന്തി കടന്ന് ഇന്ത്യയിലെത്തി. 22കാരിയായ ബംഗ്ലാദേശി യുവതിയാണ് ഇന്ത്യയില്‍ നിന്നുള്ള കാമുകനെ വിവാഹം കഴിക്കാന്‍ അതിര്‍ത്തി കടന്നെത്തിയത്. സുന്ദര്‍ ബനിലെ വന്യ വനങ്ങളെ ധൈര്യപൂര്‍വം നേരിട്ട് ഒരു മണിക്കൂര്‍ കൊണ്ട് നീന്തി ഇന്ത്യയില്‍ പ്രവേശിച്ചാണ് യുവതി തന്റെ കാമുകനെ തേടിയെത്തിയത്.
കൃഷ്ണ മണ്ഡല് എന്ന ബംഗ്ലാദേശി യുവതിയാണ് അഭിക് മണ്ഡല് എന്ന യുവാവിനെ ഫേസ്ബുക്കിലൂടെ പരിചയപ്പെടുകയും പ്രണയത്തിലാകുകയും ചെയ്തത്. കൃഷ്ണയുടെ കൈവശം പാസ്പോര്‍ട്ട് ഇല്ലാത്തതിനാല്‍ അവര്‍ അനധികൃതമായി അതിര്‍ത്തി കടക്കാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്നാണ് നീന്തി ഇന്ത്യയിലേക്ക് എത്തിയത്.
റോയല്‍ ബംഗാള്‍ കടുവകള്‍ക്ക് പേരുകേട്ട സുന്ദര്‍ബന്‍സിലേക്കാണ് കൃഷ്ണ ആദ്യം പ്രവേശിച്ചതെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. തുടര്‍ന്ന് നദിയില്‍ ഒരു മണിക്കൂറോളം നീന്തിയാണ് ലക്ഷ്യസ്ഥാനത്ത് എത്തിയത്. അതേസമയം, ഇന്ത്യയിലെത്തിയ കൃഷ്ണ മൂന്ന് ദിവസം മുമ്പ് കൊല്‍ക്കത്തയിലെ കാളിഘട്ട് ക്ഷേത്രത്തില്‍ വെച്ച് അഭിക്കിനെ വിവാഹം കഴിച്ചു. എന്നാല്‍, നിയമവിരുദ്ധമായി രാജ്യത്ത് പ്രവേശിച്ചതിന് തിങ്കളാഴ്ച പൊലീസ് കൃഷ്ണയെ അറസ്റ്റ് ചെയ്തു. കൃഷ്ണയെ ബംഗ്ലാദേശ് ഹൈക്കമ്മീഷന് കൈമാറിയേക്കുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു. ഈ വര്‍ഷമാദ്യം ഒരു ബംഗ്ലാദേശി കൗമാരക്കാരന് ഇന്ത്യയില്‍ നിന്ന് ചോക്ലേറ്റ് വാങ്ങാന്‍ സമാനരീതിയില്‍ അതിര്‍ത്തി കടന്നിരുന്നു.