ഹണിട്രാപ്പില്‍പ്പെട്ട് വ്യവസായി, നഷ്ടമായത് 2.69 കോടി രൂപ; 'സിബിഐയും കോടതിയും' വരെ ഉള്‍പ്പെട്ട തട്ടിപ്പ്
അഹമ്മദാബാദ്: ഹണി ട്രാപ്പില്‍ പെട്ട് ഗുജറാത്തിലെ ഒരു വ്യവസായിയ്ക്ക് നഷ്ടമായത് 2.69 കോടി രൂപ. ഗുജറാത്തില്‍ റിന്യൂവബിള്‍ എനര്‍ജി സ്ഥാപനം നടത്തുന്ന ആള്‍ക്കാണ് വിചിത്രമായ രീതിയില്‍ കബളിപ്പിക്കല്‍ നേരിടേണ്ടി വന്നതും കോടികള്‍ നഷ്ടമായതും. സംഭവത്തെ കുറിച്ച് പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത് ഇപ്രകാരമാണ്.
റിന്യൂവബിള്‍ എനര്‍ജി സ്ഥാപനം നടത്തുന്ന വ്യവസായിക്ക് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് എട്ടിന് മോര്‍ബിയില്‍ നിന്നുള്ള റിയ ശര്‍മ്മ എന്ന് സ്വയം പരിചയപ്പെടുത്തിയ ഒരു സ്ത്രീയില്‍ നിന്ന് ഒരു ഫോണ്‍ കോള്‍ വന്നു. വൈകാതെ സൗഹൃദം സ്ഥാപിച്ച സ്ത്രീ പിന്നീട് ഒരു വീഡിയോ കോളിനിടെ വ്യവസായിയോട് വസ്ത്രങ്ങള്‍ അഴിക്കാന്‍ പറഞ്ഞു. ഇതിന് ശേഷം വീഡിയോ കോള്‍ കട്ടാക്കിയ സ്ത്രീ വ്യവസായിയോട് നഗ്‌ന വീഡിയോ ക്ലിപ്പ് പ്രചരിപ്പിക്കാതിരിക്കാന്‍ 50,000 രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ടു.

കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം, ഡല്‍ഹി പോലീസിലെ ഇന്‍സ്പെക്ടര്‍ ഗുഡ്ഡു ശര്‍മ്മ എന്ന് അവകാശപ്പെട്ട ഒരാളില്‍ നിന്ന് വ്യവസായിക്ക് ഒരു കോള്‍ ലഭിച്ചു. പ്രസ്തുത നഗ്ന വീഡിയോ ക്ലിപ്പ് തന്റെ കൈവശമുണ്ട് എന്നും മൂന്ന് ലക്ഷം രൂപ വേണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇത് പ്രകാരം വ്യവസായി മൂന്ന് ലക്ഷം രൂപ നല്‍കി. പിന്നീട് ആഗസ്റ്റ് 14 ന്, ഡല്‍ഹി പോലീസിന്റെ സൈബര്‍ സെല്‍ ഉദ്യോഗസ്ഥനെന്ന് സ്വയം പരിചയപ്പെടുത്തിയ മറ്റൊരാള്‍ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന് അവകാശപ്പെട്ട് 80.97 ലക്ഷം രൂപ ആവശ്യപ്പെട്ടു. ഈ പണവും വ്യവസായി നല്‍കി.

പിന്നീട് യുവതിയുടെ അമ്മ കേന്ദ്ര അന്വേഷണ ഏജന്‍സിയെ സമീപിച്ചതായി അവകാശപ്പെട്ട് കേസ് ഒത്തുതീര്‍പ്പാക്കാന്‍ 8.5 ലക്ഷം രൂപ ആവശ്യപ്പെട്ട് സി ബി ഐ ഉദ്യോഗസ്ഥന്‍ എന്ന പേരില്‍ വ്യവസായിയ്ക്ക് മറ്റൊരു ഫോണ്‍ കോള്‍ ലഭിച്ചു. ഇതിന് ശേഷം കേസ് അവസാനിപ്പിച്ചു എന്ന തരത്തില്‍ ഡിസംബര്‍ 15 ന് ദല്‍ഹി ഹൈക്കോടതിയുടെ പേരില്‍ വ്യാജ ഉത്തരവ് വരുന്നത് വരെ വ്യവസായി പണം നല്‍കി.

പിന്നീട് സംഭവത്തില്‍ സംശയം തോന്നിയ വ്യവസായി ഈ വര്‍ഷം ജനുവരി 10ന് സൈബര്‍ ക്രൈംബ്രാഞ്ച് പോലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കി. വ്യവസായി നല്‍കിയ പരാതിയില്‍ 11 പേരോണ് ഉള്‍പ്പെട്ടിരിക്കുന്നത്. ഐ പി സി 387 (അപഹരണം), 170 (പൊതുസേവകനായി ആള്‍മാറാട്ടം), 465 (വ്യാജരേഖ ചമയ്ക്കല്‍) 420 (വഞ്ചന), 120-ബി (ക്രിമിനല്‍ ഗൂഢാലോചന) എന്നിവ പ്രകാരം എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.












Click it and Unblock the Notifications