വിജയിച്ചാൽ മൂന്ന് നില വീടും ഒരു കോടി രൂപയും ഹെലികോപ്റ്ററും: വൈറലായി സ്ഥാനാർത്ഥിയുടെ പ്രകടന പത്രിക
ചെന്നൈ: ഓരോ തിരഞ്ഞെടുപ്പിലും വ്യത്യസ്ത വാഗ്ധാനങ്ങളുമായിട്ടായിരിക്കും സ്ഥാനാർത്ഥികൾ വോട്ടർമാർക്ക് മുമ്പിലെത്തുന്നത്. എന്നാൽ വിജയിച്ചാൽ ഓരോ വീട്ടുകാർക്കും ഓരോ ഹെലികോപ്റ്റർ നൽകുമെന്ന് കേട്ടാലോ? സംഭവം ശരിയാണ് തമിഴ്നാട്ടിലാണെന്ന് മാത്രം. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ വോട്ടർമാർക്ക് വാഗ്ധാനപ്പെരുമഴയുമായെത്തിയിരിക്കുകയാണ് തുലാം ശരവണൻ. ശരവണന്റെ പത്രിക ഇതിനകം തന്നെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വൈറലായിക്കഴിഞ്ഞിട്ടുണ്ട്.
കര്‍ഷക പ്രതിഷേധം: 12 മണിക്കൂര്‍ ഭാരത് ബന്ദിന് തുടക്കമായി, ചിത്രങ്ങൾ കാണാം

വാഗ്ധാനപ്പെരുമഴ
തന്നെ വോട്ട് ചെയ്ത് വിജയിപ്പിച്ചാൽ വോട്ടർമാർക്ക് മൂന്ന് നില വീടും, പ്രതിവർഷം ഒരു കോടി രൂപയും വരെ സ്ഥാനാർത്ഥി വാഗ്ധാനം ചെയ്യുന്നു. ഒരു മിനി ഹെലികോപ്റ്റർ, വിവാഹാവശ്യത്തിനുള്ള സ്വർണം, ഐഫോൺ, നീന്തൽക്കുളമുള്ള മൂന്ന് നിലയുള്ള വീട്, വീട്ടമ്മമാരുടെ ജോലിഭാരം കുറയ്ക്കാൻ റോബോട്ട്, നിയോജകമണ്ഡലം തണുപ്പകറ്റാൻ 300 അടി കൃത്രിമ മഞ്ഞുമല എന്നിവയും ഒരു റോക്കറ്റ് ലോഞ്ച്പാഡ്, വൈകല്യമുള്ളവർക്ക് പ്രതിമാസം 10 ലക്ഷം രൂപ, ഓരോ കുടുംബത്തിനും ബോട്ട് എന്നിങ്ങനെയാണ് സ്ഥാനാർത്ഥിയുടെ പ്രകടന പത്രികയിലെ വാഗ്ധാനപ്പെരുമഴ.

എന്തുകൊണ്ട് പ്രകടന പത്രിക
തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ പോലും ഇതൊന്നും നടപ്പിലാക്കുക സാധ്യമല്ലെന്ന് സ്ഥാനാർത്ഥിക്കെന്ന പോലെ വോട്ടർമാർക്കുമറിയാം. എന്നാൽ ഒരിക്കലും നടപ്പാവാത്ത ഈ പ്രകടനപത്രികയ്ക്ക് പിന്നിൽ മറ്റൊരുദ്ദേശ്യം കൂടിയുണ്ട്. സ്ഥാനാർത്ഥികൾ മുന്നോട്ടുവെക്കുന്ന വാഗ്ദാനം കണ്ട് വോട്ട് രേഖപ്പെടുത്താതെ മറിച്ച് നേതൃഗുണവും നിലപാടും കണ്ട് വേണം വോട്ട് ചെയ്യാൻ എന്ന ഗുണപാഠമാണ് ഈ വേറിട്ട പ്രകടനപത്രിക മുന്നോട്ട് വയ്ക്കുന്നതിലൂടെ തുലാം ശരവണൻ മുന്നോട്ടുവയ്ക്കുന്നത്.

മധുരെ സൌത്തിൽ
ചവറ്റുകൊട്ട ചിഹ്നത്തിൽ മധുര സൗത്ത് മണ്ഡലത്തിൽ നിന്നാണ് തുലാം ശരവണൻ ഇത്തവണ ജനവിധി തേടുന്നത്. ഇവിടെയും കാത്തിരിക്കുന്നത് ട്വിസ്റ്റാണ്. സ്ഥാനാർത്ഥികൾ മുന്നോട്ടുവെക്കുന്ന ഇത്തരം പൊള്ളയായ വാഗ്ദാനങ്ങൾ വിശ്വസിച്ച് വോട്ട് ചെയ്യുന്നവരുടെ വോട്ട് ചവറ്റുകൊട്ടയിലേക്കാണ് പോവുകയെന്നതിനെ പ്രതിനിധാനം ചെയ്യുന്നതിന് വേണ്ടിയാണ് ഈ ചിഹ്നം തിരഞ്ഞെടുത്തിട്ടുള്ളത്. "ഭരണ സംവിധാനത്തിൽ കൈക്കൂലിയുടെയും അഴിമതിയുടെയും മാലിന്യങ്ങൾ നീക്കം ചെയ്യേണ്ടതിനാലാണ് ഞാൻ ചവറ്റുകൊട്ട തിരഞ്ഞെടുപ്പ് ചിഹ്നമായി തിരഞ്ഞെടുത്തിട്ടുള്ളതെന്നും അദ്ദേഹം പറയുന്നു.

സുഹൃത്തുക്കളും ബന്ധുക്കളും
താൻ പ്രചാരണത്തിനായി താൻ ഒട്ടും പണം മുടക്കിയിട്ടില്ല. സുഹൃത്തുക്കളും കുടുംബവുമാണ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുപയോഗിച്ച് തനിക്ക് വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതെന്നും തുലാം വ്യക്തമാക്കി. അതേ സമയം തിരഞ്ഞെടുപ്പിൽ താൻ വിജയിച്ചില്ലെങ്കിലും തന്റെ സന്ദേശം ജനങ്ങൾ അംഗീകരിച്ചുവെന്നും, അത് വിജയമായാണ് കണക്കാക്കുന്നതെന്നും തുലാം കൂട്ടിച്ചേർത്തു.

സമ്പാദ്യമെന്ത്?
10,000 രൂപയും ബാങ്കിൽ 2,000 രൂപയും ഉണ്ടെന്നാണ് 33 കാരനായ ശരവണൻ സത്യവാങ്മൂലത്തിൽ വെളിപ്പെടുത്തിയിട്ടുള്ളത്. എന്നിരുന്നാലും, തമിഴ്‌നാട്ടിലെ ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനാണ് താൻ ഈ വാഗ്ദാനങ്ങൾ നൽകിയതെന്നാണ് ശരവണനെ ഉദ്ധരിച്ച് ന്യൂസ് മിനുറ്റ് റിപ്പോർട്ട് ചെയ്യുന്നത്. ഒരു പത്രത്തിന്റെ റിപ്പോർട്ടറായി ജോലി ചെയ്തുവരികയാണ് ശരവണൻ.
ക്യൂട്ടായി പാർവ്വതി നായർ, ചിത്രങ്ങൾ കാണാം












Click it and Unblock the Notifications