മതത്തിൻ്റെ പേരിൽ വോട്ട് ചോദിച്ചു: ബിജെപി നേതാവ് തേജസ്വി സൂര്യക്കെതിരെ കേസെടുത്തു
ബെംഗളൂരു: മതത്തിൻ്റെ പേരിൽ വോട്ട് ചോദിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ബെംഗളൂരു സൗത്ത് മണ്ഡലം ബി ജെ പി സ്ഥാനാർത്ഥിയും എംപിയുമായ തേജസ്വി സൂര്യയ്‌ക്കെതിരെ കേസെടുത്തു. "മതത്തിൻ്റെ അടിസ്ഥാനത്തിൽ വോട്ട് അഭ്യർത്ഥിക്കുന്ന" ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ സൂര്യ പോസ്റ്റ് ചെയ്തുവെന്നാണ് കർണാടക ചീഫ് ഇലക്ടറൽ ഓഫീസർ എക്സില്‍ പങ്കുവെച്ച പോസ്റ്റില്‍ വ്യക്തമാക്കിയത്.
ബെംഗളൂരുവിലെ ജയനഗർ പോലീസ് സ്റ്റേഷനിലാണ് തേജസ്വി സൂര്യക്കെതിരെ കേസ് ഫയൽ ചെയ്തിരിക്കുന്നത്. ബിജെപിയെ പിന്തുണയ്ക്കുന്ന 80 ശതമാനം ആളുകളുണ്ടെങ്കിലും 20 ശതമാനം മാത്രമാണ് വോട്ട് ചെയ്യുന്നതെന്നും, കോൺഗ്രസിന് 20 ശതമാനം വോട്ടർമാരെ ഉള്ളൂവെങ്കിലും 80 ശതമാനം ആളുകളും വോട്ട് ചെയ്യുന്നുണ്ടെന്നുമായിരുന്നു തേജസ്വി സൂര്യ സാമൂഹ്യ മാധ്യമങ്ങളിലൂടെ അഭിപ്രായപ്പെട്ടത്.

അതേസമയം,ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് 30 സീറ്റിൽ കൂടുതൽ വിജയിക്കില്ലെന്നായിരുന്നു വോട്ട് രേഖപ്പെടുത്തിയ ശേഷം എംപി മാധ്യമപ്രവർത്തകരോട് പ്രതികരിച്ചത്. "കോൺഗ്രസ് പാർട്ടി തീർത്തും നിരാശയിലാണ്. 30 സീറ്റിൽ കൂടുതൽ അവർ നേടില്ലെന്നാണ് എല്ലാ സർവ്വേയും പറയുന്നത്. പ്രധാനമന്ത്രിക്ക് എതിരെ അവർ ഉന്നയിക്കുന്ന വ്യക്തിപരമായ ആക്രമണങ്ങളും അടിസ്ഥാനരഹിതമായ ആരോപണങ്ങളും, പ്രധാനമന്ത്രി കൂടുതൽ ശക്തനായെന്നും ബിജെപിക്ക് കൂടുതൽ ജനപ്രീതി ലഭിച്ചുവെന്നുമാണ് ചരിത്രം തെളിയിക്കുന്നത്, "സൂര്യ വാർത്താ ഏജൻസിയായ എ എൻ ഐയോട് പറഞ്ഞു.
ഈ വർഷം കൂടുതൽ മുതിർന്ന പൗരന്മാർ വോട്ട് ചെയ്യുന്നുണ്ടെന്നും യുവാക്കൾ വൻതോതിൽ വോട്ട് ചെയ്യണമെന്നും സൂര്യ പറഞ്ഞു. "ഇന്ന് കർണാടകയിൽ ആഘോഷ ദിനമാണ്. ഇത് ജനാധിപത്യത്തിൻ്റെ ഉത്സവമാണ്. ദശലക്ഷക്കണക്കിന് ആളുകൾ പുറത്തിറങ്ങി വോട്ടുചെയ്യും... ഇത് ഒരു അവകാശമല്ല, കടമ കൂടിയാണ്, കാരണം നമ്മൾ വോട്ട് ചെയ്തില്ലെങ്കിൽ നമ്മൾ അല്ല. വോട്ടെടുപ്പിലൂടെ നമ്മളുടെ ശബ്ദം രജിസ്റ്റർ ചെയ്യുകയും ഒരു ജനാധിപത്യത്തിന് അർത്ഥവത്തായ സംഭാവന നൽകുകയും ചെയ്യുന്നു," അദ്ദേഹം എഎൻഐയോട് പറഞ്ഞു.
ഇത്തവണയും ബെംഗളൂരു സൗത്ത് സീറ്റിൽ നിന്നാണ് തേജസ്വി സൂര്യ വീണ്ടും ജനവിധി തേടുന്നത്. തൻ്റെ മണ്ഡലത്തിലെ ജനങ്ങളോട് റെക്കോർഡ് ശതമാനത്തില്‍ വോട്ട് ചെയ്യാനും തേജസ്വി സൂര്യ അഭ്യർത്ഥിച്ചു. ബെംഗളൂരു സൗത്ത് മണ്ഡലത്തിൽ സൗമ്യ റെഡ്ഡിയെയാണ് കോൺഗ്രസ് ഇത്തവണ സ്ഥാനാർത്ഥിയാക്കിരിക്കുന്നത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ജയനഗർ മണ്ഡലത്തില്‍ മത്സരിച്ച് പരാജയപ്പെട്ട വ്യക്തി കൂടിയാണ് സൗമ്യ റെഡ്ഡി.












Click it and Unblock the Notifications