മഹാരാഷ്ട്രയിൽ ചടുല നീക്കം! ഗവർണറെ കണ്ട് മന്ത്രിമാർ, സുപ്രീം കോടതിയിലും പോകും!
മുംബൈ: കൊവിഡ് മൂലമുളള പ്രതിസന്ധികള്‍ക്കിടെ സര്‍ക്കാര്‍ വീഴുമോ എന്ന ആശങ്കയ്ക്ക് നടുവിലാണ് മഹാരാഷ്ട്ര. ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരിയുടെ തീരുമാനത്തിന് പുറത്താണ് ഉദ്ധവ് താക്കറെ സര്‍ക്കാരിന്റെ ഭാവി. എന്നാല്‍ ഗവര്‍ണര്‍ തീരുമാനം വൈകിപ്പിക്കുകയാണ്.
ഉദ്ധവ് താക്കറെയെ രക്ഷിക്കാന്‍ ശിവസേനയ്‌ക്കൊപ്പം കോണ്‍ഗ്രസും എന്‍സിപിയും കൈ കോര്‍ത്തിരിക്കുകയാണ്. കൊവിഡിനെ പ്രതിരോധിക്കുന്നതിനൊപ്പം ചടുലമായ രാഷ്ട്രീയ നീക്കങ്ങൾക്കുമാണ് മഹാരാഷ്ട്ര സാക്ഷ്യം വഹിക്കുന്നത്. മന്ത്രിസഭ രണ്ടാമതും ഉദ്ധവ് താക്കറെയ്ക്ക് വേണ്ടി കഴിഞ്ഞ ദിവസം പ്രമേയം പാസ്സാക്കിയിരുന്നു. സർക്കാർ വീഴാതിരിക്കാൻ ഏതറ്റം വരെയും പോകാൻ കച്ച കെട്ടിയിരിക്കുകയാണ് മഹാവികാസ് അഘാഡി. വിശദാംശങ്ങളിലേക്ക്..

നിർണായക ചർച്ചകൾ
മുഖ്യമന്ത്രി പദവി തുലാസില്‍ തൂങ്ങുമ്പോഴും ഉദ്ധവ് താക്കറെ ഇതുവരെ അക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. തിങ്കളാഴ്ച രാത്രി എന്‍സിപി നേതാവ് ശരദ് പവാര്‍, കോണ്‍ഗ്രസ് നേതാവ് ബാലാസാഹേബ് തോറട്ട്, ഉപമുഖ്യമന്ത്രി അജിത് പവാര്‍ എന്നിവരുമായി ഉദ്ധവ് താക്കറെ ചര്‍ച്ച നടത്തിയിരുന്നു. നിലവിലെ രാഷ്ട്രീയ പ്രതിസന്ധി എങ്ങനെ മറികടക്കാം എന്നതുമായി ബന്ധപ്പെട്ടാണ് നേതാക്കള്‍ തമ്മില്‍ നിര്‍ണായക ചര്‍ച്ച നടത്തിയത്.

മന്ത്രിമാർ രാജ്ഭവനിൽ
അജിത് പവാറിന്റെ നേതൃത്വത്തില്‍ മന്ത്രിമാരുടെ സംഘം രാജ്ഭവനില്‍ എത്തി ഗവര്‍ണറെ കണ്ടു. എന്‍സിപിയില്‍ നിന്നും ജയന്ത് പട്ടീല്‍, ശിവസേനയില്‍ നിന്നും എകനാഥ് ഷിന്‍ഡേ, അനില്‍ പരഭ്, കോണ്‍ഗ്രസില്‍ നിന്നും ബാലാസാഹേബ് തോറട്ട്, അസ്ലം ഷെയ്ഖ് എന്നിവരാണ് ഗവര്‍ണറെ കണ്ടത്. താക്കറെയെ ലെജിസ്ലേറ്റീവ് കൗണ്‍സിലേക്ക് നാമനിര്‍ദേശം ചെയ്യാനുളള പുതുക്കിയ ശുപാര്‍ശ മന്ത്രിമാര്‍ ഗവര്‍ണര്‍ക്ക് കൈമാറി.

സാങ്കേതിക പ്രശ്നങ്ങൾ
എത്രയും വേഗത്തില്‍ തീരുമാനം എടുക്കണമെന്ന് ഗവര്‍ണറോട് മന്ത്രിമാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഗവര്‍ണര്‍ ഇക്കാര്യത്തില്‍ ഒരുറപ്പും മന്ത്രിമാര്‍ക്ക് നല്‍കിയിട്ടില്ല എന്നാണ് അറിയുന്നത്. ഏപ്രില്‍ 9ന് മഹാരാഷ്ട്ര സര്‍ക്കാര്‍ ഗവര്‍ണര്‍ ആദ്യ ശുപാര്‍ശ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഈ ശുപാര്‍ശയില്‍ ഗവര്‍ണര്‍ ഒരു നടപടിയുമെടുത്തില്ല. സാങ്കേതിക കാരണങ്ങളാണ് നടപടി വൈകുന്നതിന് ചൂണ്ടിക്കാണിക്കപ്പെട്ടിരിക്കുന്നത്.

നിയമോപദേശം തേടി
സര്‍ക്കാരിന്റെ ആദ്യത്തെ ശുപാര്‍ശ നിയമവിരുദ്ധമാണ് എന്നാണ് ആരോപണം. അജിത് പവാര്‍ വിളിച്ച് ചേര്‍ത്ത മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പങ്കെടുത്തിരുന്നില്ല. ഇക്കാര്യം ഗവര്‍ണറെ അറിയിച്ചിരുന്നതുമില്ല എന്നാണ് പറയുന്നത്. ഇക്കാര്യത്തില്‍ ഗവര്‍ണര്‍ വിദഗ്ധ നിയമോപദേശം തേടിയിരുന്നു. അജിത് പവാറിന് അധികാരം കൈമാറാതെ മന്ത്രിസഭ വിളിച്ച് ചേര്‍ത്തത് നിയമവിരുദ്ധമാണ് എന്നാണ് നിയമവിദഗ്ധര്‍ വ്യക്തമാക്കിയിരിക്കുന്നത്.

അധികാരം ഗവർണർക്ക്
മാത്രമല്ല ഉദ്ധവ് താക്കറെയുടെ വിഷയം മന്ത്രിസഭയുടെ ഔദ്യോഗിക അജണ്ടയിലും ഉള്‍പ്പെടുത്തിയിരുന്നില്ല. ഈ സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണര്‍ ശുപാര്‍ശയില്‍ നടപടിയെടുക്കാതിരുന്നത്.
അതിനിടെ ഉദ്ധവിനെ ലെജിസ്ലേറ്റീവ് കൗണ്‍സിലില്‍ എത്തിക്കാനുളള സര്‍ക്കാരിന്റെ ശുപാര്‍ശ റദ്ദാക്കണം എന്നാവശ്യപ്പെട്ട് ബിജെപി ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ തീരുമാനമെടുക്കാനുളള അധികാരം ഗവര്‍ണര്‍ക്കാണ് എന്നാണ് കോടതി ഉത്തരവിട്ടത്.

ശുപാര്‍ശ ചെയ്യേണ്ടതുണ്ടോ
ലെജിസ്ലേറ്റീവ് കൗണ്‍സിലിലെ രണ്ട് സീറ്റുകളിലാണ് ഒഴിവുളളത്. ജൂണ്‍ 10നാണ് ഈ സീറ്റുകളുടെ കാലാവധി അവസാനിക്കുന്നത്. ഈ കുറഞ്ഞ സമയത്തിനുളളില്‍ ഉദ്ധവിനെ നാമനിര്‍ദേശം ചെയ്യുന്നത് ശരിയാണോ എന്നും നേരത്തെ സര്‍ക്കാര്‍ നിര്‍ദേശിച്ച രണ്ട് പേരുകള്‍ ഗവര്‍ണര്‍ അംഗീകരിക്കാത്ത സാഹചര്യത്തില്‍ ഉദ്ധവിന്റെ പേര് ശുപാര്‍ശ ചെയ്യേണ്ടതുണ്ടോ എന്നുമാണ് ഗവര്‍ണര്‍ കോഷിയാരി നിയമ വിദഗ്ധര്‍ക്ക് മുന്നില്‍ ഉന്നയിച്ച ചോദ്യം.

സുപ്രീം കോടതിയെ സമീപിച്ചേക്കും
ഗവര്‍ണര്‍ ഉദ്ധവിനെ നോമിനേറ്റ് ചെയ്യാന്‍ വിസമ്മതിക്കുകയാണെങ്കില്‍ മറ്റ് വഴികള്‍ മഹാവികാസ് അഘാഡി ആലോചിക്കുന്നുണ്ട്. ഗവര്‍ണറുടെ തീരുമാനത്തെ ചോദ്യം ചെയ്ത് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചേക്കും. അതല്ലെങ്കില്‍ ഉദ്ധവ് മുഖ്യമന്ത്രി പദവി രാജി വെച്ചതിന് ശേഷം വീണ്ടും സത്യപ്രതിജ്ഞ ചെയ്യും. മെയ് 28നാണ് ഉദ്ധവ് മുഖ്യമന്ത്രിക്കസേരയില്‍ ആറ് മാസം തികയ്ക്കുന്നത്.

തിരഞ്ഞെടുപ്പ് നേരത്തെ നടത്തണം
അതല്ലെങ്കില്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുന്നതിനെ കുറിച്ചും സര്‍ക്കാര്‍ ഗൗരവമായി ആലോചിക്കുന്നുണ്ട്. ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്കുളള തിരഞ്ഞെടുപ്പ് നേരത്തെ നടത്തണം എന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെടുക. ഏപ്രില്‍ 24നായിരുന്നു 9 സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്. എന്നാല്‍ കൊവിഡിന്റെ പശ്ചാത്തലത്തില്‍ തിരഞ്ഞെടുപ്പ് അനിശ്ചിതമായി നീട്ടി വെച്ചിരിക്കുകയാണ്.

സ്ഥിരതയുളള സര്‍ക്കാർ വേണം
മെയ് 20ന് മുന്‍പ് തിരഞ്ഞെടുപ്പ് നടത്തണം എന്നാവശ്യപ്പെട്ട് മന്ത്രിസഭ പ്രമേയം പാസ്സാക്കാനും ആലോചിക്കുന്നുണ്ട്. സാമൂഹ്യ അകലം പാലിക്കാന്‍ തങ്ങള്‍ തയ്യാറാണെന്നും നോട്ടീസ് കാലാവധി കുറയ്ക്കാനുളള അധികാരം തിരഞ്ഞെടുപ്പ് കമ്മീഷനുണ്ടെന്നും ഉദ്ധവ് സര്‍ക്കാരിലെ പേര് വെളിപ്പെടുത്താത്ത മന്ത്രി പ്രതികരിച്ചു. ഈ പ്രതിസന്ധി ഘട്ടത്തില്‍ സ്ഥിരതയുളള സര്‍ക്കാരുണ്ടാകേണ്ടത് ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.

ചട്ടത്തില്‍ ഇളവ് വരുത്തണം
ഒരു സഭയിലും അംഗമല്ലാത്ത വ്യക്തി മന്ത്രിയോ മുഖ്യമന്ത്രിയോ ആയാല്‍ ആറ് മാസത്തിനകം ഏതെങ്കിലും ഒരു സഭയിലേക്ക് തിരഞ്ഞെടുക്കപ്പെടേണ്ടതുണ്ട്. ഇന്നത്തെ അസാധാരണ സാഹചര്യത്തില്‍ ആറ് മാസത്തിനകം തിരഞ്ഞെടുപ്പ് എന്ന ചട്ടത്തില്‍ ഇളവ് വരുത്തണം എന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കാനാണ് ആലോചിക്കുന്നത്.

സര്‍ക്കാരിനുളള ആശങ്ക
താക്കറെയ്ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധിക്കാതെ വന്നത് ലോക്ക്ഡൗണ്‍ കാരണമാണ്. താക്കറെ രാജി വെക്കുന്ന സാഹചര്യമുണ്ടായാല്‍ ബിജെപിക്ക് അധികാരത്തില്‍ തിരികെ വരാനുളള അവസരമുണ്ടാകുമോ എന്നതാണ് സര്‍ക്കാരിനുളള ആശങ്ക. ദേവേന്ദ്ര ഫട്‌നാവിസ് അടക്കമുളള ബിജെപി നേതാക്കള്‍ ഇടയ്ക്കിടെ ഗവര്‍ണറെ സന്ദര്‍ശിക്കുന്നതും മഹാവികാസ് അഘാഡി നേതാക്കളെ പരിഭ്രാന്തിയിലാക്കുന്നുണ്ട്.












Click it and Unblock the Notifications