പുകയില ഉപയോഗിച്ചെന്ന് ആരോപണം; സുവർണ ക്ഷേത്രത്തിന് സമീപം മൂന്നംഗ സംഘം യുവാവിനെ വെട്ടിക്കൊന്നു
അമൃത്‌സര്‍: സുവർണ ക്ഷേത്രത്തിന് സമീപം യുവാവിനെ മൂന്നംഗ സംഘം ആക്രമിച്ചു കൊലപ്പെടുത്തി. ചാതിവിന്ദ് ഗ്രാമത്തിലെ ഹർമൻജിത് സിങ് (35) ആണ് കൊല്ലപ്പെട്ടത്.പുകയില ഉപയോഗിച്ചെന്നാരോപിച്ചായിരുന്നു കൊലപാതകം.
അമൃത്‌സര്‍ കദിയാലിവാല ബസാറിനടുത്തുള്ള റോയൽ ഹോട്ടലിനടുത്ത് വെച്ചായിരുന്നു സംഭവം. രാത്രി 12നും 12.30നും ഇടയിലാണ് ആക്രമണം ഉണ്ടായത്.
യുവാവും മൂന്നംഗ സംഘവും തമ്മിലുണ്ടായ തർക്കത്തിനൊടുവിലാണ് മർദനവും കൊലപാതകവും ഉണ്ടായത്. തർക്കത്തിന് പിന്നാലെ രണ്ട് പേർ വാളുകൊണ്ട് ഇയാളെ ആക്രമിക്കുകയായിരുന്നു.

പിന്നീട് മൂന്നാമനും ഇയാൾക്കെതിരെ ആക്രമണം നടത്തുകയായിരുന്നു. സംഭവത്തിന് ശേഷം വ്യാഴാഴ്ച പുലർച്ചെയാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ രമൺജിത്തിനെ പിടികൂടിയതായും മറ്റ് രണ്ട് പ്രതികൾക്കായി തിരച്ചിൽ തുടരുകയാണെന്നും പോലീസ് കമ്മീഷണർ അരുൺ ലാൽ സിങ് അറിയിച്ചു.
ആക്രമണം നടന്ന പ്രദേശത്തിന് സമീപമുള്ള ഹോട്ടലിലെ ജീവനക്കാരനാണ് ആക്രമണത്തിൽ പങ്കെടുത്ത മൂന്നാമൻ രമൺജിത്ത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അതേസയം ആക്രമണത്തിൽ താൻ സ്വയം ചേർന്നതാണെന്നും ആദ്യം മർദിച്ച രണ്ടു പേരെ അറിയില്ലെന്നുമാണ് ഇയാൾ പോലീസിന് നൽകിയ മൊഴി.
ഹർമൻജിത് സിങ് മദ്യപിച്ച് പുകയില ഉപയോഗിക്കുന്നതു കണ്ട രണ്ട് പേർ എതിർക്കുകയും അയാളെ ക്രൂരമായി മർദിക്കുകയുമായിരുന്നു. എന്നാൽ സംഭവം നടക്കുമ്പോൾ ആരും ഹർമൻജിത്തിനെ സഹായിക്കുകയോ പോലീസിനെ വിളിക്കുകയോ ചെയ്തിട്ടില്ലന്ന് പോലീസ് കമ്മീഷണർ അറിയിച്ചു.
പ്രതിരോധ ശേഷി വർധിപ്പിക്കണോ? എന്നാൽ ഈ ഭക്ഷണങ്ങൾ തിരഞ്ഞെടുത്ത് കഴിച്ചോളു...












Click it and Unblock the Notifications