
മാധ്യമപ്രവർത്തകൻ അടക്കമുളളവരെ അടിവസ്ത്രത്തിൽ നിർത്തിച്ച് പോലീസ്, ചിത്രം വൈറൽ, വിവാദം
ഭോപ്പാല്‍: മാധ്യമപ്രവര്ത്തകന് അടക്കമുളള ഒരു കൂട്ടം യുവാക്കളെ സ്റ്റേഷനില്‍ അടിവസ്ത്രത്തില്‍ നിര്‍ത്തിച്ച് പോലീസ്. മധ്യപ്രദേശിലെ സിദ്ദിയിലെ പോലീസ് സ്റ്റേഷനിലാണ് സംഭവം. മാധ്യമ പ്രവര്‍ത്തകനും തിയറ്റര്‍ കലാകാരന്മാരും അടക്കമുളളവര്‍ പാതി വസ്ത്രത്തില്‍ പോലീസ് സ്റ്റേഷന് അകത്ത് നില്ക്കുന്ന ചിത്രം പുറത്ത് വന്നിട്ടുണ്ട്. കൈ കൊണ്ട് ദേഹം മറച്ച് പിടിച്ച് നില്ക്കുന്ന 8 പേരുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
വിദേശത്താണോ? 6 മാസങ്ങൾക്ക് ശേഷം 'പ്രത്യക്ഷപ്പെട്ട്' കാവ്യാ മാധവൻ, ചിത്രങ്ങൾ
പ്രാദേശിക ബിജെപി എംഎല്‍എയ്ക്ക് എതിരെയുളള പ്രതിഷേധം കവര്‍ ചെയ്യാന്‍ പോയപ്പോഴാണ് പോലീസ് കസ്റ്റഡിയിലെടുത്തത് എന്ന് ചിത്രത്തിലുളള മാധ്യമപ്രവര്‍ത്തകനും യൂട്യൂബറുമായ കനിഷ്ക തിവാരി പറയുന്നു. പോലീസുകാരില്‍ ചിലര്‍ അസഭ്യം പറയുകയും മര്‍ദ്ദിക്കുകയും വസ്ത്രം അഴിപ്പിക്കുകകയും ചെയ്തതായും ഇയാള്‍ വെളിപ്പെടുത്തി. ശനിയാഴ്ച ആയിരുന്നു സംഭവം.
ബിജെപി എംഎല്‍എ കേദാര്‍നാഥ് ശുക്ളയ്ക്കും മകന് കേദാര്‍ ഗുരു ദത്ത് ശുക്ളയ്ക്കും എതിരെ സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപ പരാമര്‍ശം നടത്തി എന്നാരോപിച്ച് തിയറ്റര്‍ കലാകാരനായ നീരജ് കുന്ദറിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വ്യാജ ഫേസ്ബുക്ക് പ്രൊഫൈല്‍ വഴി എംഎല്‍എയേയും മകനേയും അപമാനിച്ചു എന്നാണ് ആരോപണം. നീരജിന്റെ അറസ്റ്റിന് എതിരെയായിരുന്നു സിദ്ദിയിലെ പ്രതിഷേധം. ഈ പ്രതിഷേധ വാര്‍ത്ത നല്കാന് എത്തിയ തനിക്കും ക്യാമറാമാനും എതിരെ പോലീസ് നിരവധി വകുപ്പുകള്‍ ചുമത്തി കേസെടുത്തതായി കനിഷ്ക തിവാരി ആരോപിച്ചു.
അതിക്രമിച്ച് കടന്നതിനും ക്രമസമാധാന ലംഘനത്തിനും അടക്കമുളള വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. എന്തിനാണ് എംഎല്‍എയ്ക്ക് എതിരെ വാര്‍ത്ത നല്‍കുന്നത് എന്ന് പോലീസ് ചോദിച്ചതായും കനിഷ്ക തിവാരി ആരോപിക്കുന്നു. 18 മണിക്കൂറോളമാണ് കനിഷ്ക തിവാരി അടക്കമുളളവര്‍ പോലീസ് ക്സ്റ്റഡിയില്‍ കഴിഞ്ഞത്. ഏപ്രില്‍ 2ന് രാത്രി 8 മണിയോടെ തങ്ങളെ കസ്റ്റഡിയിലെടുത്ത പോലീസ് വിട്ടയച്ചത് ഏപ്രില്‍ മൂന്നിന് വൈകിട്ട് 6 മണിക്ക് മാത്രമാണെന്നും തിവാരി ആരോപിച്ചു.
പോലീസ് സ്റ്റേഷന് ചാര്‍ജില്‍ ഉണ്ടായിരുന്ന ഉദ്യോഗസ്ഥനായ അഭിഷേക് സിംഗ് ആണ് ചിത്രം പകര്‍ത്തിയത് എന്ന് കനിഷ്ക തിവാരി പറയുന്നു. എംഎല്‍എയ്ക്ക് എതിരെയുളള പ്രതിഷേധത്തിന്റെ വാര്‍ത്ത നല്കിയാല് നഗ്നരാക്കി നഗരത്തിലൂടെ ഓടിക്കും എന്ന് ഈ ഉദ്യോഗസ്ഥന് ഭീഷണിപ്പെടുത്തി. പോലീസുകാരാണ് ആ ചിത്രം വൈറലാക്കിയത്. ഇത് തങ്ങളുടെ മനുഷ്യാവകാശങ്ങളുടെ ലംഘനം ആണെന്നും തിവാരി പറഞ്ഞു. സംഭവം വിവാദമായതോടെ കുറ്റക്കാരായ പോലീസുകാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് വ്യക്തമാക്കി.