കടിച്ച പാമ്പിനെ തിരിച്ചു കടിച്ച് യുവാവിന്റെ പ്രതികാരം! പാമ്പിന്റെ തല വായിലെടുത്ത് ചവച്ചു! ബോധം പോയി
ഹർദോയിയിലെ സോനെലാൽ എന്ന യുവാവാണ് പാമ്പിന്റെ തല വായിലിട്ട് കടിച്ച് ചവച്ചരച്ച് പ്രതികാരം ചെയ്തത്.
ലഖ്നൗ: കടിച്ച പാമ്പിനെ തിരിച്ചുകടിച്ച് യുവാവിന്റെ പ്രതികാരം. വെറുതെ കടിക്കുക മാത്രമല്ല, പാമ്പിന്റെ തലയെടുത്ത് വായിലിട്ട് ചവയ്ക്കുകയും ചെയ്തു. ഉത്തർപ്രദേശിലെ ഹർദോയിലാണ് വ്യത്യസ്തമായ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഹർദോയിയിലെ സോനെലാൽ എന്ന യുവാവാണ് പാമ്പിന്റെ തല വായിലിട്ട് കടിച്ച് ചവച്ചരച്ച് പ്രതികാരം ചെയ്തത്. സംഭവം പെട്ടെന്നുണ്ടായ ദേഷ്യത്തിലാണ് ഇങ്ങനെയെല്ലാം കാണിച്ചുകൂട്ടിയതെങ്കിലും പാമ്പിനെ വായിൽ നിന്ന് തുപ്പിക്കളഞ്ഞതിന് പിന്നാലെ സോനെലാലിന്റെ ബോധം പോയി. തുടർന്ന് നാട്ടുകാർ ചേർന്നാണ് സോനെലാലിനെ ആശുപത്രിയിലെത്തിച്ചത്.

ശനിയാഴ്ച...
ശനിയാഴ്ച വൈകീട്ടാണ് ഹർദോയി മോഖഞ്ചിലെ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ആ ഫോൺ വിളിയെത്തുന്നത്. ശുക്ലപൂർ ബഗർ ഗ്രാമത്തിൽ ഒരു കർഷകന് പാമ്പ് കടിയേറ്റെന്നും, എത്രയും പെട്ടെന്ന് ആംബുലൻസ് വിട്ടയക്കണമെന്നുമായിരുന്നു ഫോൺ സന്ദേശം. ഉടൻതന്നെ ആശുപത്രിയിലെ 108 ആംബുലൻസ് ശുക്ലപൂർ ബഗറിലേക്ക് കുതിച്ചു.

പാമ്പ് കടിയേറ്റെന്ന്...
വൈകീട്ട് ഏഴ് മണിയോടെയാണ് സോനെലാലുമായി ആംബുലൻസ് ആശുപത്രിയിലെത്തിയത്. സോനെലാലിന് പാമ്പുകടിയേറ്റെന്നും തുടർന്ന് ബോധം നഷ്ടപ്പെട്ട് കുഴഞ്ഞുവീണെന്നുമാണ് ഇയാളോടൊപ്പം വന്ന അയൽവാസികൾ ഡോക്ടറോട് പറഞ്ഞത്.

പാടുകളൊന്നും ഇല്ല...
എന്നാൽ സോനെലാലിനെ വിശദമായി പരിശോധിച്ച ഡോക്ടർക്കും ആശുപത്രിയിലെ ഫാർമസിസ്റ്റിനും എത്രനോക്കിയിട്ടും പാമ്പ് കടിയേറ്റ പാട് മാത്രം കണ്ടെത്താനായില്ല. തുടർന്ന് സോനെലാലിന് ശരിക്കും എന്താണ് സംഭവിച്ചതെന്ന് ഡോക്ടർമാർ ബന്ധുക്കളോടും അയൽവാസികളോടും ആവർത്തിച്ച് ചോദിച്ചു.

ഒറ്റയ്ക്ക്...
സോനെലാൽ മാത്രമേ സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്നുള്ളുവെന്നും, സമീപത്തുണ്ടായിരുന്നവരാണ് അദ്ദേഹത്തിന് പാമ്പ് കടിയേറ്റതാണെന്ന് പറഞ്ഞതെന്നുമായിരുന്നു ബന്ധുക്കളുടെയും അയൽവാസികളുടെയും പ്രതികരണം. പക്ഷേ, സോനെലാലിന് പാമ്പു കടിയേറ്റിട്ടില്ലെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. തുടർന്ന് അദ്ദേഹത്തിന് പ്രാഥമിക ചികിത്സ നൽകുകയും ചെയ്തു. ഈ സമയത്ത് പാതി ബോധമുണ്ടായിരുന്നെങ്കിലും സംസാരിക്കാൻ കഴിയാത്ത നിലയിലായിരുന്നു സോനെലാൽ.

പത്ത് മണിയോടെ...
പിന്നീട് രാത്രി പത്തു മണിയോടെയാണ് സോനെലാലിന് ശരിക്കും ബോധംവീണത്. തുടർന്ന് സംഭവിച്ചതെന്താണെന്ന് അദ്ദേഹം തന്നെ ഡോക്ടർമാരോട് വിശദീകരിച്ചു. കന്നുകാലികളെ മേയ്ക്കുന്നതിനിടയിൽ തന്റെ കാലിൽ പാമ്പ് കടിച്ചെന്നും, ആ ദേഷ്യത്തിൽ പാമ്പിനെ കൈയിലെടുത്ത് അതിന്റെ തലയിൽ കടിച്ച് വായിലിട്ട് ചവച്ചെന്നുമാണ് സോനെലാൽ പറഞ്ഞത്. വായിലിട്ട് ചവച്ചതിന് പിന്നാലെതന്നെ പാമ്പിനെ പുറത്തുകളഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

സ്പർശിച്ചപ്പോൾ
എന്നാൽ എത്ര പരിശോധിച്ചിട്ടും സോനെലാലിന്റെ ശരീരത്തിൽ കടിയേറ്റ പാട് കണ്ടെത്താൻ ഡോക്ടർമാർക്കായില്ല. ഒരുപക്ഷേ, പാമ്പ് കാലിൽ സ്പർശിച്ചപ്പോൾ കടിച്ചെന്ന് അദ്ദേഹം തെറ്റിദ്ധരിച്ചതാകാമെന്നാണ് ഡോക്ടർമാരുടെ അഭിപ്രായം.

വിഷാംശം...
പാമ്പിനെ തിരിച്ചുകടിക്കുകയോ തല വായിലിട്ട് ചവച്ചപ്പോഴോ വിഷാംശം ശരീരത്തിൽ പ്രവേശിച്ചതുകൊണ്ടാകാം സോനെലാലിന് ബോധം നഷ്ടപ്പെട്ടതെന്നാണ് ഡോക്ടർമാരുടെ നിരീക്ഷണം. പാമ്പിനെ തിരിച്ചുകടിച്ച സോനെലാലിന്റെ ആരോഗ്യത്തിൽ ആശങ്കപ്പെടാനില്ലെന്നും ഡോക്ടർമാർ വ്യക്തമാക്കി.

ലഹരിക്ക് അടിമ..
അതേസമയം, യുവാവിന്റെ മാനസിക നിലയിൽ തകരാറുണ്ടെന്നും, ഇയാൾ ലഹരിക്ക് അടിമയാണെന്നും ചിലർ ആരോപിച്ചു. എന്തായാലും പാമ്പിനെ തിരിച്ചുകടിച്ച് പ്രതികാരം ചെയ്ത സോനെലാൽ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
കൂടുതൽ വാർത്തകൾ വായിക്കൂ:












Click it and Unblock the Notifications