ലേഡീസ് കോച്ചില്‍ ഗർഭിണിക്കെതിരെ പീഡന ശ്രമം; ചെറുത്ത യുവതിയെ ട്രെയിനില്‍നിന്ന് തള്ളിയിട്ടു: പ്രതി പിടിയില്‍
കോയമ്പത്തൂർ: തമിഴ്നാട്ടിൽ ബലാത്സംഗത്തെ ചെറുത്ത ഗർഭിണിയെ ഓടുന്ന ട്രെയിനിൽ നിന്ന് തള്ളിയിട്ടു. സംഭവത്തില്‍ ഹേമരാജ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാവിലെ 10:30 ഓടെ തിരുപ്പൂരിൽ നിന്ന് ആന്ധ്രാപ്രദേശിലെ ചിറ്റൂരിലേക്ക് കോയമ്പത്തൂർ-തിരുപ്പതി ഇന്റർസിറ്റി എക്സ്പ്രസ് ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന രേവതി (36) എന്ന യുവതിയാണ് ആക്രമണത്തിന് ഇരയായത്.
വനിത കോച്ചില്‍ തനിച്ച് സഞ്ചരിക്കുമ്പോഴാണ് ആക്രമണമുണ്ടാകുന്നത്. രാവിലെ 6:40 ഓടെയാണ് യുവതി ട്രെയിനില്‍ കയറുന്നത്. ആ സമയത്ത് ഏഴ് സ്ത്രീകളെങ്കിലും കോച്ചിലുണ്ടായിരുന്നു. എന്നാല്‍ 10:15 ഓടെ ട്രെയിൻ ജോലാർപേട്ട റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ എല്ലാ സ്ത്രീകളും ഇറങ്ങിയപ്പോള്‍ കോച്ചില്‍ രേവതി തനിച്ചായി.

ജോലാർപേട്ട റെയിൽവേ സ്റ്റേഷനിൽ നിന്നും ട്രെയിന്‍ നീങ്ങിത്തുടങ്ങിയപ്പോഴാണ് ഹേമരാജ് കോച്ചിലേക്ക് ചാടികയറുന്നത്. കുറച്ചുനേരം മറ്റൊരു സീറ്റില്‍ ഇരുന്ന പ്രതി സ്ത്രീ ഒറ്റയ്ക്കാണെന്ന് കണ്ടപ്പോൾ അവരെ ഉപദ്രവിക്കാന്‍ ശ്രമിക്കുകയായിരുന്നു. ആക്രമണം ശക്തമായി എതിർത്ത യുവതിയെ ഹേമരാജ് ട്രെയിനിയില്‍ നിന്നും പുറത്തേക്ക് വലിച്ച് എറിയുകയായിരുന്നു.
ഓടിക്കൊണ്ടിരിക്കുകയായിരുന്ന ട്രെയിനില്‍ നിന്നും പുറത്തേക്ക് വീണ സ്ത്രീയുടെ കൈകളിലും കാലുകളിലും തലയിലും പരിക്കേറ്റു. യുവതിയെ വിദഗ്ധ ചികിത്സയ്ക്കായി വെല്ലൂർ സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയതായും പൊലീസ് അധികൃതർ അറിയിക്കുന്നു. മൂന്ന് മാസം ഗർഭിണിയായ യുവതി അമ്മയുടെ വീട്ടിലേക്ക് പോകുന്നതിന് ഇടയിലാണ് ആക്രമണമുണ്ടാകുന്നത്. പ്രതി ഹേമരാജ് സ്ഥിരം കുറ്റവാളിയാണെന്നും നേരത്തേയും സമാനമായ കേസില്‍ ഉള്‍പ്പെട്ടിട്ടുമുണ്ട്. ഇതിന് പുറമെ ഇയാള്‍ക്കെതിരെ കൊലപാതകത്തിനും കവർച്ചയ്ക്കും കേസുകളുണ്ട്.












Click it and Unblock the Notifications