വാക്സിൻ മിക്സിംഗിന് ഡിസിജിഐയുടെ പച്ചക്കൊടി: ഇന്ത്യയുടെ കൊവിഡ് പോരാട്ടത്തിന് പുത്തൻ കരുത്ത്
ദില്ലി: രാജ്യത്ത് കൊവിഡ് പ്രതിരോധത്തിൽ നിർണ്ണായകമാകുമെന്ന് കരുതുന്ന വാക്സിനുകൾ കലർത്തി ഉപയോഗിക്കുന്നതിന് ഡിസിജിഐ അനുമതി നൽകിയതായി റിപ്പോർട്ട്. ഇന്ത്യയിൽ ഉപയോഗിച്ച് വരുന്ന കൊവിഷീൽഡ്, കോവാക്സിൻ എന്നീ വാക്സിനുകളുടെ ഓരോ ഡോസ് ചേർത്തുകൊണ്ടുള്ള മിക്സിന് അനുമതി നൽകിയതായി എൻഡിടിവിയാണ് റിപ്പോർട്ട് ചെയ്യുന്നത്. രാജ്യത്ത് കൊവിഡ് വാക്സിൻ ക്ഷാമം നിലനിൽക്കെ ഈ നീക്കം നിർണ്ണായകമായിത്തീരും.
വാക്സിനുകൾ ഇത്തരത്തിൽ കൂട്ടിക്കലർത്തി നൽകുന്നത് കൊവിഡിനെതിരായ രോഗപ്രതിരോധ ശേഷി വർധിപ്പിക്കുമെന്നും യുപിയിലെ 18 പേരിൽ നടത്തിയ പഠനത്തിൽ തെളിഞ്ഞതായി നേരത്തെ ഇന്ത്യൻ കൌൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് വ്യക്തമാക്കിയിരുന്നു. 60 വയസ്സിന് മുകളിൽ പ്രായമുള്ളവരിലായിരുന്നു മെയ്, ജൂൺ മാസങ്ങളിലായി പഠനം നടത്തിയത്. ഒരേ വാക്സിന്റെ രണ്ട് ഡോസ് സ്വീകരിച്ചവരേക്കാൾ രോഗപ്രതിരോധ ശേഷി ഇത്തരത്തിൽ വാക്സിൻ മിക്സിംഗ് നടത്തിയവരിലാണെന്നും പഠനത്തിൽ കണ്ടെത്തിയിരുന്നു. രണ്ട് ഡോസ് കോവിഷീൽഡ്, കോവാക്സിൻ എന്നിവ എടുത്ത 80 പേരെ വെച്ചായിരുന്നു താരതമ്യ പഠനം നടത്തിയത്.

വാക്സിൻ മിക്സിംഗ് സംബന്ധിച്ച പഠനവും അതിന്റെ ക്ലിനിക്കൽ പരീക്ഷണങ്ങളും വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജിലാണ് നടത്തുന്നത്. ജൂലൈ 29 ന്, സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെ (സിഡിഎസ്സിഒ) ഒരു സബ്ജക്ട് എക്സ്പെർട്ട് കമ്മിറ്റിയാണ് ഈ പഠനം നടത്താൻ ശുപാർശ ചെയ്തത്. കൊവിഷീൽഡ്-കോവാക്സിൻ മിക്സിംഗ് സംബന്ധിച്ച പഠനങ്ങളാണ് നടക്കുന്നത്. 300 ആരോഗ്യമുള്ള സന്നദ്ധപ്രവർത്തകരെ ഉൾക്കൊള്ളുന്നതാണ് നാലാം ഘട്ട ക്ലിനിക്കൽ ട്രയൽ. ഫൈസർ- അസ്ട്രാസെനേക്ക, സ്പുട്നിക്- അസ്ട്രാസെനേക്ക തുടങ്ങിയ വാക്സിനുകൾ കലർത്തിയുള്ള പരീക്ഷണം വിദേശത്തും നടന്നുവരികയാണ്. വാക്സിനേഷൻ കോഴ്സ് പൂർത്തിയാക്കാൻ ഒരാൾക്ക് രണ്ട് വ്യത്യസ്ത വാക്സിൻ ഷോട്ടുകൾ നൽകാനാകുമോ എന്ന് വിലയിരുത്തുക എന്നതാണ് ഈ പഠനത്തിന്റെ ലക്ഷ്യം.
2021ന്റെ തുടക്കത്തിൽ ഉത്തർപ്രദേശിൽ വ്യത്യസ്ത കോവിഡ് -19 വാക്സിനുകളുടെ ഡോസുകൾ അബദ്ധത്തിൽ സ്വീകരിച്ച നൽകിയ ഒരു കൂട്ടം ആളുകളെക്കുറിച്ച് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) അടുത്തിടെ നടത്തിയ പഠനത്തിൽ നിന്ന് വ്യത്യസ്തമായിരിക്കും ഈ നിർദ്ദിഷ്ട പഠനം. കൊവിഡിന് കാരണമാകുന്ന വൈറസിന്റെ വകഭേദങ്ങൾക്കെതിരെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിൽ കോവാക്സിൻ, കോവിഷീൽഡ് എന്നിവയുടെ മിശ്രിത ഡോസുകൾ മികച്ച ഫലങ്ങൾ കാണിച്ചതായി ഐസിഎംആർ പഠനത്തിൽ കണ്ടെത്തിയിരുന്നു.












Click it and Unblock the Notifications