ഡൽഹിയിൽ ആറുനിലക്കെട്ടിടം തകര്‍ന്ന് വീണു, 3 മരണം, നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം
ന്യൂ ഡല്‍ഹി: രാജ്യതലസ്ഥാനത്ത് സത്യ നികേതനില്‍ ആറ് നിലക്കെട്ടിടം തകര്‍ന്ന് വീണുണ്ടായ അപകടത്തില്‍ മൂന്ന് മരണം. പരിക്കേവരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 19 പേരെ കെട്ടിടത്തിന്റെ അവശിഷ്ടങ്ങളില്‍ നിന്ന് പുറത്തെടുത്തു. മുപ്പതോളം പേര്‍ കെട്ടിടത്തിനുളളില്‍ ഇപ്പോഴും കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് സൂചന.
എന്‍ഡിആര്‍എഫ് സംഘം സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. ഏകദേശം 50 വര്‍ഷത്തോളം പഴക്കമുളള കെട്ടിടമാണ് തകര്‍ന്ന് വീണത്. ഡല്‍ഹി യൂണിവേഴ്‌സിറ്റിയുടെ സൗത്ത് കാമ്പസ്സിന് സമീപത്ത് വിദ്യാര്‍ത്ഥികള്‍ക്ക് പേയിംഗ് ഗസ്റ്റ് താമസ സൗകര്യം ഒരുക്കിയിരുന്ന കെട്ടിടമാണിത്. കെട്ടിടത്തിന്റെ ഉടമസ്ഥന്‍ ആനന്ദ് ബന്‍സാല്‍ ഗുഡ്ഗാവ് സ്വദേശിയാണ്. ഇയാള്‍ക്കെതിരെ കേസടുത്തിട്ടുണ്ട്.
അപകടം നടക്കുന്ന സമയത്ത് കെട്ടിടത്തിന്റെ താഴെ ഭാഗത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു. ഉച്ചയ്ക്ക് ഒന്നരയോടെയാണ് കെട്ടിടം തകര്‍ന്ന് വീണത്. ഡല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്ത അപകട സ്ഥലം സന്ദര്‍ശിച്ചു. ഉത്തരവാദികളായവര്‍ക്ക് ശക്തമായ ശിക്ഷ ഉറപ്പാക്കുമെന്ന് രേഖാ ഗുപ്ത പ്രതികരിച്ചു.

കെട്ടിടത്തിനുളളില്‍ കുടുങ്ങി കിടക്കുന്ന എല്ലാവരേയും പുറത്ത് എത്തിക്കുന്നതിനാണ് സര്‍ക്കാര്‍ പ്രഥമ പരിഗണന കൊടുക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ജീവനുകള്‍ രക്ഷിക്കുക എന്നതാണ് പ്രധാനം. എല്ലാ സൗകര്യങ്ങളും രക്ഷാപ്രവര്‍ത്തനത്തിന് വേണ്ടി സജ്ജമാക്കിയിട്ടുണ്ടെന്നും രേഖാ ഗുപ്ത പറഞ്ഞു.
തകര്‍ന്ന് വീണ കെട്ടിടം വളരെ പഴയതും പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതുമാണ്. അതിനിടെ ഒരു തൂണ്‍ മാറ്റിയതാണ് കെട്ടിടം തകര്‍ന്ന് വീഴാന്‍ കാരണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അപകടത്തിന് കാരണക്കാരായവര്‍ ശക്തമായ നടപടികള്‍ നേരിടേണ്ടി വരും. അത് കെട്ടിട ഉടമ ആയാലും ഉദ്യോഗസ്ഥര്‍ ആയാലും വെറുതെ വിടില്ലെന്നും രേഖാ ഗുപ്ത കൂട്ടിച്ചേര്‍ത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഡല്‍ഹിയിലെ അപകടത്തില്‍ പ്രതികരിച്ചു. സത്യനികേതനിലുണ്ടായ അപകടം വേദനിപ്പിക്കുന്നതാണ്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട എല്ലാവര്‍ക്കും അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. അപകടത്തില്‍പ്പെട്ടവരെ സര്‍ക്കാര്‍ സഹായിക്കുന്നുണ്ടെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് എക്‌സില്‍ കുറിച്ചു.


Click it and Unblock the Notifications