'അന്ന് ഫീസ് കൊടുക്കാനില്ലാതെ ഞാനും അമ്മയും ബാത്ത്റൂമിൽ ഇരുന്നുകരഞ്ഞു'; ഹൃദയംതൊടുന്ന കുറിപ്പുമായി ഒരു മകൻ
തന്റെ മക്കളെ വളർത്തിയെടുക്കാൻ വേണ്ടി ജീവിതത്തിലെ നല്ല കാലം മുഴുവൻ മാറ്റിവെച്ച എത്രയോ അമ്മമാരുണ്ട്. ആഗ്രഹങ്ങളും സ്വപ്നങ്ങളും ഒക്കെ മാറ്റിവെച്ച് മക്കളുടെ പഠനത്തിനും മറ്റ് ആവശ്യങ്ങൾക്കും പണം കണ്ടെത്താൻ രാവുംപകലും ജോലി ചെയ്യുന്ന അമ്മമാർ ഇപ്പോഴും ഉണ്ട്. തിരിച്ച് അമ്മമാരെ അതുപോലെ സ്നേഹിക്കുന്ന മക്കളുമുണ്ട്. ഇനി പറയാൻ പോകുന്നത് അത്തരത്തിലൊരു മകനെ കുറിച്ചാണ്. അമ്മയുടെ സ്വപ്നം നിറവേറ്റിയ ആ നിമിഷത്തെക്കുറിച്ച് മകൻ പങ്കിട്ട കുറിപ്പ് സോഷ്യൽമീഡിയയിൽ വൈറലാണ്.
ദാരിദ്ര്യവും കഷ്ടപ്പാടും നിറഞ്ഞ തങ്ങളുടെ ജീവിതത്തെക്കുറിച്ച് അദ്ദേഹം തന്റെ കുറിപ്പിൽ പറയുന്നു. തന്റെ കോളേജ് ഫീസ് അടിക്കാൻ പണമില്ലാത്തത് കൊണ്ട് ബാത്ത്റൂമിൽ നിന്ന് താനും അമ്മയും കരഞ്ഞ സംഭവവും അദ്ദേഹം പങ്കുവെയ്ക്കുന്നുണ്ട്. ഇപ്പോൾ തന്റേയും അമ്മയുടേയും ജീവിതം തന്നെ മാറിയെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

പഞ്ചാബിൽ നിന്നുള്ള ആയുഷ് ഗോയൽ ആണ് തന്റെ അമ്മയുടെ ആഗ്രഹത്തെക്കുറിച്ച് ട്വിറ്ററിൽ പങ്കുവെച്ചത്. ജോലി ചെയ്യുന്നത് നിർത്തി അമ്മയും ഭാര്യയുമായി ഇനിയുള്ള കാലം സമാധാനത്തോടെ ജീവിക്കണമെന്നായിരുന്നു അമ്മയുടെ ആഗ്രഹം. അങ്ങനെ മാസം 5000 രൂപയോളം ലഭിക്കുന്ന ജോലി അമ്മ ഉപേക്ഷിച്ചതായും സന്തോഷത്തോടെ കഴിയുന്നതായും ആയുഷ് ഗോയൽ പറഞ്ഞു.
ആയുഷിന്റെ പോസ്റ്റ്:
" മുഴുവൻ സമയവും അമ്മയും ഭാര്യയും ആകാൻ എന്റെ അമ്മ മാസം 5500 രൂപ ലഭിക്കുന്ന ജോലി ഉപേക്ഷിച്ചു. ഇതായിരുന്നു അവരുടെ സ്വപ്നം. എനിക്ക് കോളേജിൽ അടയ്ക്കാൻ പണമില്ലാത്തതിനാൽ ഞങ്ങൾ രണ്ടുപേരും ബാത്ത്റൂമിൽ ഇരുന്ന് കരഞ്ഞത് ഞാൻ ഇപ്പോഴും ഓർക്കുന്നു. ട്വിറ്റർ എന്റെ ജീവിതം മാത്രമല്ല എന്റെ അമ്മയുടെ ജീവിതവും മാറ്റി. എന്റെ 764 സുഹൃത്തുക്കൾക്ക് നന്ദി," ഗോയൽ തന്റെ അമ്മയുടെ രണ്ട് ചിത്രങ്ങൾ സഹിതം ട്വീറ്റ് ചെയ്തു.
ആയുഷ് ഗോയൽ ചൊവ്വാഴ്ചയാണ് തന്റെ ഹൃദയസ്പർശിയായ കഥ പങ്കിട്ടത്, പിന്നാലെ അദ്ദേഹത്തിന്റെ പോസ്റ്റ് ട്വിറ്ററിൽ വൈറലായി. ഗോയലിന്റെ ട്വിറ്റർ പോസ്റ്റിന് ഏകദേശം 6,000 ലൈക്കുകളും 423,000-ലധികം വ്യൂസും ലഭിച്ചു. നിരവധിപേരാണ് ഇദ്ദേഹത്തിന്റെ പോസ്റ്റിന് കമന്റുമായി എത്തിയിരിക്കുന്നത്.
ചെറുതാണെന്നോ വലുതാണെന്നോ എന്നും നേക്കേണ്ട, എന്ത് ആഗ്രഹമായാലും തങ്ങളുടെ അമ്മമാരുടെ ആഗ്രഹം സാധിപ്പിച്ചുകൊടുക്കണം എന്നാണ് ഒരു ഉപയോക്താവ് കമന്റിട്ടത്. ഈ എഴുത്ത് എന്നെ എന്തുമാത്രം സന്തോഷിപ്പിക്കുന്നുണ്ടെന്ന് താങ്കൾക്ക് മനസ്സിലാകില്ല, അത്രമാത്രം സന്തോഷത്തിലാണ് താൻ എന്നാണ് മറ്റാെരു ഉപയോക്താവ് കമന്റ് ഇട്ടത്.












Click it and Unblock the Notifications