'മണിപ്പൂരിൽ ജഡ്ജിമാരുടെ സംഘം എത്തി, എപ്പോഴാണ് പ്രധാനമന്ത്രി എത്തുക'; ചോദ്യവുമായി ജയറാം രമേശ്
സുപ്രീം കോടതി ജഡ്ജിമാരുടെ പ്രത്യേക സംഘം മണിപ്പൂർ സന്ദർശിച്ചതിന് പിന്നാലെ പ്രധാനമന്ത്രിയെ അതിരൂക്ഷമായി വിമർശിച്ച് കോൺഗ്രസ് എംപി ജയറാം രമേശ്. എന്തുകൊണ്ടാണ് അദ്ദേഹം മണിപ്പൂർ സന്ദർശിക്കാൻ ഇനിയും വൈകുന്നതെന്ന് ഡയറാം രമേശ് ചോദിച്ചു. ബാംങ്കോക്കിൽ നിന്നും മടങ്ങി വന്നതിന് ശേഷമെങ്കിലും അദ്ദേഹം മണിപ്പൂരിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജയറാം രമേശ് എക്സിൽ കുറിച്ചു.
' സുപ്രീം കോടതി ജഡ്ജിമാർ മണിപ്പൂർ സന്ദർശിച്ചുവെന്നത് നല്ല കാര്യം തന്നെ. എന്നാൽ വലിയ ചോദ്യം പ്രധാനമന്ത്രി എപ്പോൾ മണിപ്പൂർ സന്ദർശിക്കുമെന്നതാണ്. ബാംങ്കോക്കിലേക്ക് പോകും മുൻപോ അവിടെ നിന്ന് മടങ്ങി വന്നതിന് ശേഷമോ അദ്ദേഹം മണിപ്പീരിലേക്ക് പോകുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്', ജയറാം രമേശ് പറഞ്ഞു. മണിപ്പൂരിൽ രാഷ്ട്രപതി ഭരണം വൈകുന്നതിനെതിരേയും അദ്ദേഹം രൂക്ഷവിമർശനം ഉയർത്തി.

' മണിപ്പൂരിലെ ഭരണഘടന സംവിധാനങ്ങൾ പൂർണമായി തകർന്നുവെന്ന് 2023 ആഗസ്റ്റ് 1 ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടിയിരുന്നു. 18 മാസം കഴിഞ്ഞിട്ടും എന്തുകൊണ്ടാണ് രാഷ്ട്രപതി ഭരണം നടപ്പാക്കാൻ വൈകുന്നത്? കഴിഞ്ഞ ദിവസം ലോക്സഭയിൽ ആഭ്യന്തരമന്ത്രി തന്റെ വകുപ്പിന്റെ പ്രവർത്തനങ്ങളെ കുറിച്ച് നാല് മണിക്കൂറോളം സംസാരിച്ചു. എന്നാൽ മണിപ്പൂരിനെ കുറിച്ച് ഒന്നും സംസാരിക്കാൻ അദ്ദേഹം തയ്യാറായില്ല.
ആഭ്യന്തരമന്ത്രി മിസോറാം സന്ദർശിക്കും, പക്ഷെ എന്തുകൊണ്ടാണ് മണിപ്പൂരിലേക്ക് പോകാത്തത്?', ജയറാം രമേശ് ചോദിച്ചു.
ജസ്റ്റിസ് ബി ആർ ഗവായിയുടെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് കഴിഞ്ഞ ദിവസം മണിപ്പൂർ സന്ദർശിച്ചത്. ബി ആർ ഗവായിയെ കൂടാതെ സൂര്യകാന്ത്, വിക്രം നാഥ്, എം എം സുന്ദരേഷ്, കെ വി വിശ്വനാഥൻ, എൻ കോടീശ്വർ എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. മണിപ്പൂരിലെ ജനതയുടെ ദുഷ്കരമായ സാഹചര്യത്തെ കുറിച്ച് അറിയാമെന്നും എത്രയും വേഗം ഇവിടെ സമാധാനം പുലരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജസ്റ്റിസ് ബിആർ ഗവായ് പറഞ്ഞു. ജഡ്ജിമാരുടെ സംഘം മെയ്തെയ് , കുക്കി വിഭാഗങ്ങളുടെ ക്യാമ്പുകളും സന്ദർശിച്ചിരുന്നു.
രണ്ട് വർഷങ്ങൾക്ക് മുൻപാണ് മണിപ്പൂർ കലാപകലുഷിതമായ അന്തരീക്ഷത്തിലേക്ക് നീങ്ങിയത്. മെയ്തെയ് വിഭാഗത്തിന് പട്ടികജാതി വർഗ പദവി നൽകുന്നത് സംബന്ധിച്ച് പഠിക്കാൻ സമിതിയെ നിയോഗിച്ച് കൊണ്ടുള്ള മണിപ്പൂർ കോടതിയുടെ ഉത്തരവ് വലിയ സംഘർഷത്തിന് കാരണമാകുകയായിരുന്നു. കുക്കി -മെയ്തെയ് വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ നൂറുകണക്കിന് പേരാണ് കൊല്ലപ്പെട്ടത്.












Click it and Unblock the Notifications