യുഎസില്‍ നിന്നും മൂന്നാമത്തെ വിമാനം ഇന്നെത്തും: ഇന്നലെ എത്തിയവരേയും വിലങ്ങ് അണിയിച്ചു
ദില്ലി: അനിധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരുമായുള്ള മൂന്നാമത്തെ അമേരിക്കന്‍ സൈനിക വിമാനം ഇന്ന് എത്തും. രാത്രിയോടെ അമൃത്സറിലെത്തുന്ന വിമാനത്തില്‍ 150 ഓളം പേരുണ്ടെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. ഇതിന് പുറമെ രണ്ട് വിമാനങ്ങള്‍ കൂടെ അമേരിക്ക ഉടന്‍ തന്നെ ഇന്ത്യയിലേക്ക് അയച്ചേക്കും. അനധികൃത്യ കുടിയേറ്റക്കാരുമായുള്ള വിമാനം അമൃത്സറിൽ ഇറക്കുന്നത് പഞ്ചാബിനെ അപമാനിക്കാനാണെന്ന ആരോപണവുമായി മുഖ്യമന്ത്രി ഭഗവന്ത് മാന്‍ രംഗത്ത് വന്നിട്ടുണ്ട്.
അതേസമയം, ഇന്നലെ രാത്രിയോടെ എത്തിയ രണ്ടാമത്തെ വിമാനത്താവളത്തില്‍ 116 പേരാണ് ഉണ്ടായിരുന്നത്. ഇതില്‍65 പേർ പഞ്ചാബിൽ നിന്നുള്ളവരും, 33 പേർ ഹരിയാനയിൽ നിന്നുള്ളവരും, എട്ട് പേർ ഗുജറാത്തിൽ നിന്നുള്ളവരും, രണ്ട് പേർ വീതം ഉത്തർപ്രദേശ്, ഗോവ, മഹാരാഷ്ട്ര, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നും, ഒരാൾ വീതം ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ നിന്നുമുള്ളവരാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

രണ്ടാമത്തെ വിമാനത്തില്‍ എത്തിച്ചവരുടേയും കൈകാലുകള്‍ ചങ്ങലകളാല്‍ ബന്ധിച്ചിരുന്നുവെന്ന റിപ്പോർട്ടും പുറത്ത് വരുന്നുണ്ട്. യുഎസിൽ നിന്ന് അമൃത്സറിലേക്കുള്ള യാത്രാമധ്യേ നാടുകടത്തപ്പെട്ടവരെ വിമാനത്തിൽ കൈകാലുകള്‍ ബന്ധിപ്പിച്ചാണ് ഇരുത്തിയതെന്നാണ് നാടുകടത്തപ്പെട്ടവരിൽ ഒരാളായ ദൽജിത് സിംഗ് ഹോഷിയാർപൂരിൽ മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി. അമേരിക്കയില്‍ നിന്നും അയച്ച ആദ്യ വിമാനത്തിലെ ഇന്ത്യക്കാരുടെ കൈകളും കാലുകളും ചങ്ങലകളാല്‍ ബന്ധിപ്പിച്ചത് വലിയ വിവാദത്തിന് ഇടയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് രണ്ടാമത്തെ വിമാനത്തിലും സമാനമായ രീതിയില്‍ അമേരിക്ക അനധികൃത കുടിയേറ്റക്കാരെ ഇന്ത്യയിലേക്ക് തിരികെ അയച്ചിരിക്കുന്നത്.
'യാത്രയ്ക്കിടെ ഞങ്ങളുടെ കൈകളില്‍ വിലങ്ങ് അണിയിക്കുകയും കാലുകൾ ചങ്ങലയിൽ ബന്ധിക്കുകയും ചെയ്തു. ഒരു ട്രാവൽ ഏജന്റ് തന്നെ വഞ്ചിച്ചു.' എന്നും ദൽജിത് സിംഗ് പറഞ്ഞു. നേരിട്ട് യു എസിലേക്ക് കൊണ്ടുപോകുന്നതിനുപകരം നിയമവിരുദ്ധമായി അമേരിക്കയിലേക്ക് കടക്കാൻ 'ഡങ്കി/ഡോങ്കി' വഴിയിലുടെയാണ് അമേരിക്കയിലേക്ക് എത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.
രണ്ടാമത്തെ വിമാനത്തിലെ സ്ത്രീകളെ വിലങ്ങ് അണിയിച്ചിട്ടില്ലെന്ന റിപ്പോർട്ടും പുറത്ത് വരുന്നുണ്ട്. ഇമിഗ്രേഷൻ, പശ്ചാത്തല പരിശോധനകൾക്ക് ശേഷം പഞ്ചാബിൽ നിന്നുള്ളവരെ പോലീസ് വാഹനങ്ങളിലാണ് അവരുടെ വീടുകളിലേക്ക് എത്തിച്ചത്. തങ്ങളുടെ സംസ്ഥാനത്ത് നിന്നുള്ളവർക്കായി ഹരിയാന സർക്കാരും ഗതാഗത ക്രമീകരണങ്ങള്‍ ഏർപ്പെടുത്തി.
അതേസമയം, കൊലപാതകക്കേസുമായി ബന്ധപ്പെട്ട് നാടുകടത്തപ്പെട്ടവരിൽ ഉൾപ്പെട്ട രണ്ട് യുവാക്കളെ പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തു. 2023 ലെ ഒരു കൊലപാതക കേസിൽ പ്രതികളായ സന്ദീപ് സിംഗ്, പ്രദീപ് സിംഗ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തുവെന്ന് പട്യാല സീനിയർ പോലീസ് സൂപ്രണ്ട് (എസ്എസ്പി) നാനക് സിംഗ് പറഞ്ഞു.












Click it and Unblock the Notifications