ആര്‍. കെ. പച്ചൗരിക്കെതിരെ വീണ്ടും ലൈംഗികാരോപണം
ദില്ലി: നേരത്തെ രണ്ടുതവണ ലൈംഗിക ആരോപണത്തിന് വിധേയനായ ദ എനര്‍ജി ആന്‍ഡ് റിസോഴ്‌സസ് ഇന്‍സ്റ്റിറ്റിയൂട്ട് (ടെറി) വൈസ് ചെയര്‍മാന്‍ ആര്‍.കെ പച്ചൗരിക്കെതിരെ വീണ്ടും ലൈംഗികാരോപണം. 75കാരനായ പച്ചൗരിക്കെതിരെ ടെറിലെ ഒരു മുന്‍ ഉദ്യോഗസ്ഥയാണ് ലൈംഗിക ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.
പച്ചൗരിയുടെ കൂടെ ജോലി ചെയ്യുന്നത് തനിക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നുവെന്ന് ഇന്ത്യയില്‍ പച്ചൗരിയുടെ സെക്രട്ടറിയായിരുന്ന സ്ത്രീ പരാതിയില്‍ പറയുന്നു. അനാവശ്യമായി സ്വകാര്യ ജീവിതത്തെക്കുറിച്ച് തിരക്കുന്നതും ഓഫീസില്‍ കൂടുതല്‍ അടുപ്പം കാട്ടുന്നതും തനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നുന്നെന്ന് സ്ത്രീ പറയുന്നു.

അസുഖം മൂലം അവധിയെടുക്കാന്‍ പോലും കഴിയാത്ത അവസ്ഥയായിരുന്നു തനിക്ക്. അവധിയെടുക്കേണ്ടിവന്നാല്‍ പച്ചൗരി റോസാപൂക്കളുമായി വീട്ടിലേക്ക് വരുന്നതാണ് ഇതിന് കാരണം. പലതവണ താന്‍ ഇത് എതിര്‍ത്തിരുന്നെങ്കിലും പച്ചൗരി തന്നെ ശല്യം ചെയ്യുന്നത് തുടര്‍ന്നുവെന്നും അവര്‍ തന്റെ അഭിഭാഷകയായ വൃന്ദാ ഗ്രോവര്‍ വഴി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
നേരത്തെ രണ്ട് തവണ പച്ചൗരിക്കെതിരെ ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് അദ്ദേഹം അവധിയില്‍ പ്രവേശിച്ചിരുന്നു. ആരോപണം അടിസ്ഥാന രഹിതമാണെന്ന് അദ്ദേഹം ആരോപിച്ചിരുന്നെങ്കിലും പച്ചൗരിയില്‍ നിന്ന് ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ സ്വീകരിക്കില്ലെന്ന് വിദ്യാര്‍ഥികള്‍ നിലപാടെടുത്തതോടെയാണ് അവധിയില്‍ പ്രവേശിക്കേണ്ടിവന്നത്.












Click it and Unblock the Notifications