പാട്ടത്തിനെടുത്ത ഭൂമി 2 വർഷം കുഴിച്ചു, സാവിത്രിക്ക് ലഭിച്ചത് ഡയമണ്ട്! വിലമതിക്കാനാവാത്തത്, പണമെത്ര കിട്ടും?
ഭോപ്പാല്‍: ഭാഗ്യത്തിന്റെ കളി, അതൊരു വല്ലാത്ത കളിയാണ്. മനുഷ്യനെ എപ്പോഴാണ് ഏത് രൂപത്തിലാണ് ഭാഗ്യം തേടിയെത്തുക എന്ന് പറയാനാകില്ല. ചിലപ്പോള്‍ പണത്തിന്റെ രൂപത്തിലാകാം, അല്ലെങ്കില്‍ സ്വര്‍ണത്തിന്റെ രൂപത്തിലാകാം, അതുമല്ലെങ്കില്‍ ഡയമണ്ടിന്റെ രൂപത്തിലുമാകാം.
മധ്യപ്രദേശിലെ പന്ന ജില്ലക്കാരിയായ സാവിത്രി ഭായ് സിസോദിയ എന്ന സ്ത്രീയെ ഭാഗ്യം തേടിയെത്തിയത് ഡയമണ്ടിന്റെ രൂപത്തിലാണ്. എങ്ങനെയെന്നല്ലേ.. ഹോളിവുഡില്‍ വളരെ പ്രശസ്തമായ ഒരു സിനിമയുണ്ട്, ലിയനാര്‍ഡോ ഡികാപ്രിയോ അഭിനയിച്ച ബ്ലഡ് ഡയമണ്ട്. ഈ ചിത്രം കണ്ടവരൊന്നും വജ്രം കുഴിച്ചെടുക്കുന്ന ഖനിത്തൊഴിലാളികളെ മറക്കില്ല.

AI Generated Image
സാവിത്രി ഭായ് സിസോദിയ ഒരു ഖനിത്തൊഴിലാളിയല്ല. സര്‍ക്കാര്‍ ഭൂമി പാട്ടത്തിനെടുത്ത് വര്‍ഷങ്ങളായി ഡയമണ്ട് കണ്ടെത്താനായി ഖനനം നടത്തുകയായിരുന്നു ഇവര്‍. കഴിഞ്ഞ രണ്ട് വര്‍ഷമായി കഠിനാധ്വാനം ചെയ്യുകയായിരുന്നു സാവിത്രി. മഴയെന്നോ വെയിലെന്നോ പൊടിയെന്നോ മണ്ണെന്നോ നോക്കാതെ രാപ്പകല്‍ സാവിത്രി ഖനി കുഴിച്ച് കൊണ്ടിരുന്നു. ഒരു ഡയമണ്ട് കണ്ടെത്താന്‍ സാധിച്ചാല്‍ അത് തന്റെയും കുടുംബത്തിന്റെയും തലവര തന്നെ മാറ്റിമറിക്കുമല്ലോ എന്നുളള പ്രതീക്ഷ മാത്രമായിരുന്നു സാവിത്രിയുടെ കൈമുതല്‍.
അങ്ങനെ കഴിഞ്ഞ ദിവസം സാവിത്രിയുടെ ഭാഗ്യം തെളിഞ്ഞു. 2.69 കാരറ്റ് ഡയമണ്ട് ആണ് സാവിത്രി കുഴിച്ചെടുത്തത്. ഇതിന്റെ വില എത്ര വരുമെന്ന് കണ്ടെത്തിയിട്ടില്ല. മധ്യപ്രദേശിലെ ചൊപാര മേഖലയില്‍ ആണ് സാവിത്രി വജ്രം കുഴിച്ചെടുത്ത സ്വകാര്യ ഖനി. സാവിത്രിയ്ക്കാണ് ഡയമണ്ട് ലഭിച്ചത് എങ്കിലും അത് അവര്‍ക്ക് സ്വന്തമാക്കാന്‍ സാധിക്കില്ല. നിയമപ്രകാരം അത് സര്‍ക്കാരിനെ ഏല്‍പ്പിക്കണം എന്നാണ്.
ഡയമണ്ട് ഓഫീസറായ അനുപം സിംഗ് ഡയമണ്ട് പരിശോധിച്ച് മൂല്യം വിലയിരുത്തി. ചട്ടപ്രകാരം ഈ ഡയമണ്ടിന് വില നിശ്ചയിച്ച് സര്‍ക്കാര്‍ ഇനി ലേലത്തില്‍ വെയ്ക്കും. ലേലത്തില്‍ ഡയമണ്ടിന് ലഭിക്കുന്ന വില സര്‍ക്കാരിന്റെ റോയല്‍റ്റി തുകയും നികുതിയും കിഴിച്ച ശേഷം സാവിത്രിക്ക് നല്‍കും. സര്‍ക്കാര്‍ ഭൂമി മിതമായ നിരക്കില്‍ ഡയമണ്ട് ഖനനത്തിനായി വ്യക്തികള്‍ക്ക് പാട്ടത്തിന് നല്‍കുന്നത് ഇവിടെ പതിവാണ്. നിരവധി ആളുകള്‍ ഇത്തരത്തില്‍ സര്‍ക്കാര്‍ ഭൂമി ലീസിനെടുത്ത് ഖനനം നടത്താറുണ്ട്. എന്നാല്‍ ചുരുക്കം ചിലരെ മാത്രമാണ് ഇതുവരെ ഭാഗ്യം കടാക്ഷിച്ചിട്ടുളളത്.
ഖനി പാട്ടത്തിന് എടുക്കാന്‍ ആദ്യം വേണ്ടത് ഡയമണ്ട് ഓഫീസില്‍ പോയി 250-350 രൂപയുടെ ചല്ലാന്‍ അടയ്ക്കുകയാണ്. അതിന് ശേഷം ഒരു അപേക്ഷാ ഫോം പൂരിപ്പിച്ച് നല്‍കണം. ഡയമണ്ട് ഓഫീസില്‍ നിന്ന് ഒരു കോണ്‍സ്റ്റബിള്‍ എത്തി പട്ടി ബജാരിയയില്‍ ഒരു സ്ഥലം അളന്ന് തരും. ഒരു നിശ്ചിത കാലയളവിലേക്ക് ആ വ്യക്തിക്ക് ഈ ഭൂമിയില്‍ ഖനനം നടത്താം.
പന്ന ഡയമണ്ട് ഖനനത്തിന് പേര് കേട്ട സ്ഥലം ആണ്. ഇതിന് മുന്‍പ് 2024 നവംബറിലാണ് ഇവിടെ നിന്ന് ഡയമണ്ട് ലഭിച്ചിട്ടുളളത്. ദിലീപ് മിശ്രി എന്ന തൊഴിലാളിക്കാണ് ഡയമണ്ട് ലഭിച്ചത്. രണ്ട് തവണയാണ് ദിലീപിനെ ഭാഗ്യം തേടി എത്തിയത്. മൂന്ന് മാസത്തിനിടെ രണ്ട് തവണ ദിലീപിന് ഡയമണ്ട് ലഭിച്ചു. മറ്റൊന്ന് 2024 ജൂലൈയിലാണ്. അന്ന് ഒരു തൊഴിലാളി കുഴിച്ചെടുത്തത് 19.22 കാരറ്റ് ഡയമണ്ട് ആയിരുന്നു.












Click it and Unblock the Notifications