വിവാഹം കഴിക്കാമെന്നേറ്റ കാമുകന്‍ വാക്ക് മാറി; വീടിന് മുന്നില്‍ സമരം ചെയ്ത് യുവതി, ഒടുവില്‍ സംഭവിച്ചത് ഇങ്ങനെ
ഭുവനേശ്വര്‍: കാമുകന്‍ വിവാഹം കഴിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് കാമുകന്റെ വീടിന് പുറത്ത് കുത്തിയിരിപ്പ് സമരവുമായി യുവതി. ഒടുവില്‍ അഞ്ച് ദിവസത്തെ കുത്തിയിരിപ്പ് സമരത്തിന് ശേഷം ഗ്രാമീണരുടെ മധ്യസ്ഥതയിലും സാന്നിധ്യത്തിലും യുവകി കാമുകനെ തന്നെ വിവാഹം കഴിഞ്ഞു. ഒഡിഷയിലെ ഗഞ്ചമിലെ ബെര്‍ഹാംപൂരില്‍ ആണ് സംഭവം. ടീന സാഹു എന്ന യുവതിയാണ് കാമുകനൊപ്പം ജീവിക്കാന്‍ ധര്‍ണ്ണയുമായി മുന്നിട്ടിറങ്ങിയത്.
വിഷയത്തില്‍ ഗ്രാമീണര്‍ ഇടപെട്ടതോടെ ആണ് പെണ്‍കുട്ടിയുടെ കാമുകന്‍ പ്രാദേശിക സര്‍പഞ്ചിന്റെയും ഇരു കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തില്‍ അവളെ വിവാഹം കഴിച്ചത്. ഗഞ്ചം ജില്ലയിലെ ഭഞ്ജനഗര്‍ പൊലീസ് പരിധിയിലെ ഗലോരി ഗ്രാമത്തില്‍ ആണ് വിചിത്രമായ സമരവും വിവാഹവും കഴിഞ്ഞത്.

ഗലോറി ഗ്രാമത്തിലെ ടീനയും ദുഷ്മന്ത സാഹുവും കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു എന്നാണ് ഗ്രാമവാസികള്‍ പറയുന്നത്. ഇരുവരും ഒന്നിച്ച് ജീവിക്കാന്‍ തീരുമാനിച്ചതായിരുന്നു. വിവാഹം കഴിക്കേണ്ടതുമായിരുന്നു. എന്നാല്‍ പെട്ടെന്ന് ഒരിക്കല്‍ ദുഷ്മന്ത സാഹുവിന്റെ മനസ് മാറി. ടീനയെ വിവാഹം കഴിക്കാന്‍ സമ്മതമല്ല എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.

ഇത്തരത്തില്‍ ഒരു തീരുമാനമെടുക്കാന്‍ ദുഷ്മന്തയെ പ്രേരിപ്പിച്ചത് എന്താണ് എന്ന് ആര്‍ക്കും അറിയില്ലായിരുന്നു. ഇതോടെ ആണ് നീതി തേടി ദുഷ്മന്തയുടെ വീടിന് പുറത്ത് പ്രതിഷേധം നടത്താന്‍ ടീനയെ പ്രേരിപ്പിച്ചത്. സംഭവം വിവാദമായതോടെ ഗലോറി ഗ്രാമവാസികള്‍ ദുഷ്മന്തയെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തുകയും ടീനയുമായുള്ള വിവാഹം സര്‍പഞ്ചിന്റെ സാന്നിധ്യത്തില്‍ നടത്തുകയും ചെയ്തു.

അനുനയത്തിന് തയ്യാറായ ദുഷ്മന്ത് ടീനയുടെ നെറ്റിയില്‍ സിന്ദുരം പുരട്ടി ആണ് ടീനയെ തന്റെ ഭാര്യയായി സ്വീകരിച്ചത്. ടീന യഥാര്‍ത്ഥത്തില്‍ ദുഷ്മന്തയെ സ്‌നേഹിക്കുന്നുവെന്നും അവള്‍ ദുഷ്മന്തയെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും ഞങ്ങള്‍ മനസ്സിലാക്കി എന്ന് ഗ്രാമവാസിയായ റാബി സത്പതി പറയുന്നു.

ഞങ്ങള്‍ ഇരു വീട്ടുകാരെയും സമ്മതിപ്പിച്ച് അവരുടെ വിവാഹം ഉറപ്പിച്ചു. ജീവിതത്തില്‍ ഇത്തരം മണ്ടത്തരങ്ങള്‍ ചെയ്യരുത് എന്നതാണ് ഞങ്ങള്‍ക്ക് യുവാക്കളോട് പറയാനുള്ളത്. അല്ലെങ്കില്‍ നടുറോഡില്‍ വെച്ച് വിവാഹം കഴിക്കേണ്ടി വരും എന്നും റാബി പറയുന്നു.

പ്രണയം പരാജയപ്പെട്ടാല്‍ ആത്മഹത്യ ചെയ്യുന്നതിനു മുമ്പ് പെണ്‍കുട്ടികള്‍ രണ്ടാമതൊന്ന് ആലോചിക്കാറില്ലെന്ന് സാമൂഹിക പ്രവര്‍ത്തക പ്രമീള ത്രിപാഠി പറഞ്ഞു. ടീനയുടെ കാര്യത്തെക്കുറിച്ച് അറിഞ്ഞതിന് ശേഷം, അവള്‍ക്ക് നീതി ഉറപ്പാക്കാന്‍ വേണ്ടിയാണ് ഞാന്‍ ഇവിടെയെത്തിയത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇവര്‍ തമ്മില്‍ പ്രണയത്തിലായിരുന്നു എന്നും പ്രമീള ത്രിപാഠി കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications