'അടിച്ചമർത്താനാകില്ല; ഏകാധിപത്യം അനുവദിക്കില്ല'; കേന്ദ്ര സർക്കാരിന് എതിരെ ഇടത് എംപിമാർ
ദില്ലി: കൂട്ട സസ്‌പെന്‍ഷന് ആണ് ഇന്ന് രാജ്യസഭ സാക്ഷ്യം വഹിച്ചത്. വിലക്കയറ്റം അടക്കമുളള വിഷയങ്ങള്‍ ഉയര്‍ത്തി പ്രതിഷേധിച്ച പ്രതിപക്ഷത്തെ 19 എംപിമാര്‍ക്കാണ് സസ്‌പെന്‍ഷന്‍ ലഭിച്ചത്. കേരളത്തില്‍ നിന്നുളള എഎ റഹീം, വി ശിവദാസന്‍, പി സന്തോഷ് കുമാര്‍ എന്നിവര്‍ ഇക്കൂട്ടത്തിലുണ്ട്. പ്രതിപക്ഷ അംഗങ്ങൾക്ക് അഭിപ്രായം പറയാൻ പോലും സാധിക്കാത്ത സാഹചര്യമാണെന്ന് വി ശിവദാസൻ എംപി പ്രതികരിച്ചു. ജനാധിപത്യ അവകാശങ്ങൾ സഭയ്ക്കുള്ളിൽ പോലും അനുവദിക്കുന്നില്ലെന്ന് എഎ റഹീം എംപി കുറ്റപ്പെടുത്തി.
എഎ റഹീമിന്റെ പ്രതികരണം: '' രാജ്യസഭയിൽ നിന്ന് ഞങ്ങൾ 19 പ്രതിപക്ഷ
അംഗങ്ങളെ സസ്‌പെന്റ് ചെയ്തു. എന്നെക്കൂടാതെ കേരളത്തെ പ്രതിനിധീകരിക്കുന്ന സഖാവ് വി ശിവദാസൻ, സഖാവ് പി സന്തോഷ്‌കുമാർ എന്നിവരെയും സസ്‌പെന്റ് ചെയ്തു. ജനങ്ങളെ ദുരിതത്തിലാക്കുന്ന വിലക്കയറ്റം സഭ നിർത്തി വച്ചു ചർച്ച ചെയ്യണമെന്ന് കഴിഞ്ഞ ഒരാഴ്ചക്കാലമായി പ്രതിപക്ഷം ആവശ്യപ്പെടുകയാണ്. ചർച്ചയ്ക്ക് സർക്കാർ തയ്യാറാകുന്നില്ല.ഏകപക്ഷീയമായി ചർച്ചകളെയും സംവാദങ്ങളെയും അടിച്ചമർത്തുകയാണ്.
ജനാധിപത്യ അവകാശങ്ങൾ സഭയ്ക്കുള്ളിൽ പോലും അനുവദിക്കുന്നില്ല. ഇന്നാണെങ്കിൽ സിപിഐ(എം) ലെ ബികാസ് രഞ്ജൻ ഭട്ടാചാര്യയെ ഒരു ബില്ലിൽ ചർച്ച ചെയ്യാൻ പോലും അനുവദിച്ചില്ല.തുടർന്ന് പ്രതിഷേധിച്ച ഞാനടക്കമുള്ള പ്രതിപക്ഷ അംഗങ്ങളെ സസ്‌പെന്റ് ചെയ്യുകയായിരുന്നു. അടിച്ചമർത്താനാകില്ല. ഏകാധിപത്യം അനുവദിക്കില്ല. ജനങ്ങൾക്ക് വേണ്ടി ശബ്ദിച്ചതിന് ലഭിച്ച ഈ നടപടി അഭിമാനത്തോടെ സ്വീകരിക്കുന്നു''.

വി ശിവദാസൻ എംപിയുടെ പ്രതികരണം ഇങ്ങനെ: ' ജനാധിപത്യത്തിന്റെ ശ്രീകോവിലെന്നാണ് ഇന്ത്യൻ പാർലമെന്റിനെ പല പ്രമുഖരും സംബോധന ചെയ്തിട്ടുള്ളത്. എന്നാൽ വിലക്കയറ്റമുൾപ്പെടെ ജനജീവിതപ്രശ്നങ്ങളെക്കുറിച്ചുള്ള ചർച്ചകൾ അവിടെ വിലക്കപ്പെട്ടിരിക്കുകയാണ്. എന്തൊരു ദയനീയമായ ചിത്രമാണിത്. പ്രതിപക്ഷ പാർടികളിൽപ്പെട്ടവർക്ക് അവരുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ പോലും സാധ്യമല്ലാത്ത സ്ഥിതി വിശേഷമാണ് നിലവിലുള്ളത്. വിലക്കയറ്റം , നിത്യോപയോഗ വസ്തുക്കളുടെ മേലുള്ള ജി എസ് ടി , തൊഴിലില്ലായ്മ , അഗ്നിപഥ് വഴി സൈന്യത്തിലെ കരാർവത്കരണം എന്നീ ഗൗരവമേറിയ വിഷയങ്ങളിൽ ചർച്ചയ്ക്ക് പോലും തയ്യാറാവാൻ മോഡി സർക്കാർ ഒരുക്കമല്ല.
ഈ വിഷയങ്ങൾ സഭയിൽ നിരന്തരം ഉന്നയിച്ചിട്ടും, ഒരു തവണ പോലും ഭരണപക്ഷം ഇത് ചർച്ച ചെയ്യാൻ തയ്യാറായില്ല. തൊഴിലന്വേഷിക്കുന്ന യുവാക്കളേയും രാജ്യത്തെ സാധാരണക്കാരായ ജനങ്ങളേയും വെല്ലുവിളിക്കുന്ന നിലപാട് ആണ് ബിജെപി സ്വീകരിച്ചിരിക്കുന്നത്. ചർച്ച ആവശ്യപ്പെട്ട അംഗങ്ങളെ സസ്പെൻഡ് ചെയ്ത് തങ്ങളുടെ ജനവിരുദ്ധ നടപടികൾ മറച്ചു വെക്കാനുള്ള ബിജെപിയുടെ ശ്രമങ്ങളെ പരാജയപ്പെടുത്തേണ്ടത് ജനാധിപത്യ വിശ്വാസികളുടെ കടമയാണ്.
ബിജെപി ഭരണത്തിന്റെ രണ്ടാംഘട്ടത്തിൽ ജനാധിപത്യ സംവിധാനങ്ങളെയെല്ലാം രൂക്ഷമായി അടിച്ചമർത്തുന്ന സ്ഥിതി വിശേഷമാണ് നിലനിൽക്കുന്നത്. ജനങ്ങളുടെ ജീവൽ പ്രശ്നങ്ങൾ ഉയർത്തിസംസാരിച്ചതിന് രാജ്യസഭയിൽനിന്നും 19 പേരെ സസ്പെൻഡ് ചെയ്തിരിക്കുന്നു. ജീവൻ തന്നെ ജനകീയ പോരാട്ടങ്ങൾക്കായി സമർപ്പിക്കാനുള്ള സന്നദ്ധതയുമായി പ്രവത്തിക്കുന്ന അനേകായിരങ്ങളുടെ പാർടിയായ കമ്മ്യൂണിസ്റ്റുപാർടിയുടെ പ്രവർത്തകനെന്ന നിലയിൽ അഭിമാനത്തോടെ പറയുന്നു, സസ്പെൻഷനുകളിലൂടെ ഭയപ്പെടുത്താനാകുമെന്നത് ദിവാസ്വപ്നം മാത്രമാണ്. ഞങ്ങൾ പോരാടും ഞങ്ങൾ വിജയിക്കും. ഭരണാധികാരികൾ വരും പോകും അന്തിമ വിജയം ജനങ്ങൾക്കായിരിക്കും''.












Click it and Unblock the Notifications