Get Updates
Get notified of breaking news, exclusive insights, and must-see stories!

'കണ്ണിന് പകരം കണ്ണ്. പല്ലിന് പകരം പല്ല്...' യുപിയിലെ ആതിഖ് കൊലപാതകത്തിൽ പ്രതികരിച്ച് എഎ റഹീം എംപി

ദില്ലി: ഗുണ്ടാത്തലവനും മുൻ എംപിയുമായ ആതിഖ് അഹമ്മദിനേയും സഹോദരനേയും വെടി വെച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരണവുമായി എംപിയും ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡണ്ടുമായ എഎ റഹീം. ഇത്തരം കിരാത നടപടികളെ രാജ്യം ഒറ്റപ്പെടുത്തണമെന്ന് എഎ റഹീം ഫേസ്ബുക്കിൽ കുറിച്ചു. സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും എംപി ആവശ്യപ്പെട്ടു.

എഎ റഹീമിന്റെ കുറിപ്പ്: ' കണ്ണിന് പകരം കണ്ണ്. പല്ലിന് പകരം പല്ല്... യു പി യിൽ നടക്കുന്നത് ബാർബേറിയൻ കാലത്തെ അനുസ്മരിപ്പിക്കുന്ന സംഭവങ്ങൾ. കഴിഞ്ഞ ദിവസം മുൻ എംപിആതിഖ് അഹമ്മദും അയാളുടെ സഹോദരനും പോലീസ് കസ്റ്റഡിയ്ക്കിടെ ഒരു പൊതുസ്ഥലത്തു വച്ചു വെടിവയ്പ്പിൽ കൊല്ലപ്പെട്ടു.മാധ്യമങ്ങളുടെയും വൻ പോലീസ് സന്നാഹത്തിന്റെയും നടുവിൽ വച്ചാണ് ഇരുവരും വെടിയേറ്റ് കൊല്ലപ്പെട്ടത്!!

aa rahim

മാധ്യമപ്രവർത്തകരുടെ വേഷത്തിലെത്തിയ ക്രിമിനൽ സംഘമാണ് കൃത്യം ചെയ്തത്.
തെരുവിൽ ക്രിമിനൽ സംഘങ്ങൾ വെടിയുതിർത്തു പരസ്പരം കൊല്ലുന്നു. പോലീസ് 'എൻകൗണ്ടർ'പരമ്പരകളിൽ കൊല്ലപ്പെടുന്നവർ വേറെ... ഓരോ പതിമൂന്ന് ദിവസങ്ങൾക്കിടയിലും ഒരാൾ വീതം യുപിയിൽ പോലീസ് എൻകൗണ്ടറിൽ കൊല്ലപ്പെടുന്നു എന്നാണ് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ ആറ്‌ വർഷത്തിനിടയിൽ സമാന സ്വഭാവമുള്ള പതിനായിരത്തി എഴുന്നൂറ്റി പതിമൂന്ന് 'എൻകൗണ്ടർ'സംഭവങ്ങൾ ഉണ്ടായി.

ഈ സംഭവങ്ങളിൽ 183 പേർ കൊല്ലപ്പെട്ടു, 4911 പേർക്ക് പരിക്കേറ്റു!!. ഇങ്ങനെ കൊല്ലപ്പെടുന്നവരൊക്കെ ക്രിമിനലുകൾ ആണെന്നാണ് പോലീസ് വാദം. ക്രിമിനലുകളും ഗുണ്ടകളും ആണെങ്കിൽ, വെടിയുതിർത്ത് അവരെ കൊല്ലാൻ ആരാണ് യുപിയിലെ ബിജെപി സർക്കാരിന് അധികാരം നൽകുന്നത്? മേല്പറഞ്ഞ വലിയ പട്ടിക യാദൃശ്ചികമോ സ്വാഭാവികമോ അല്ല ഈ സംഭവങ്ങൾ എന്ന് ഏതൊരാൾക്കും വ്യക്തമാകുന്നതാണ്.

ഈ എക്സ്ട്രാ ജുഡീഷ്യൽ എക്സിക്യൂഷൻ പരമ്പരയും ക്രിമിനൽ സംഘങ്ങളുടെ ഏറ്റുമുട്ടലും കൊലപാതകങ്ങളും വെടിവയ്പ്പും യുപിയിൽ നിയമവാഴ്ച്ച പൂർണ്ണമായി തകർന്നതിന്റെ നേർസാക്ഷ്യമാണ്. പോലീസ് നടത്തുന്ന കൊലപാതകങ്ങളെയാകെ മഹത്വവൽക്കരിക്കാനും, മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ഹീറോ ആയി വാഴ്ത്താനും നടത്തുന്ന സംഘപരിവാർ ശ്രമങ്ങൾ അങ്ങേയറ്റം അപകടകരമാണ്. അത്, ഇന്ത്യൻ നിയമ വ്യവസ്ഥയോടുള്ള
സംഘപരിവാറിന്റെ വെല്ലുവിളിയുമാണ്.

കുറ്റം ചെയ്യുന്നവർ ആരായാലും അവരെ നിയമത്തിന്റെ മുന്നിലെത്തിയ്ക്കുകയും നിയമപ്രകാരമുള്ള ശിക്ഷ ഉറപ്പു വരുത്തുകയുമാണ് ചെയ്യേണ്ടത്. നിയമ വാഴ്ചയിലൂടെയാണ് ക്രിമിനലുകളെ അമർച്ച ചെയ്യേണ്ടത്. അല്ലാതെ, കണ്ണിന് പകരം കണ്ണ്, പല്ലിനു പകരം പല്ല് എന്ന അപരിഷ്കൃതവും, ഇന്ത്യൻ ഭരണഘടനാ വിരുദ്ധവുമായ ഈ വന്യമായ രീതി തിരഞ്ഞെടുക്കുന്നത് അംഗീകരിക്കാനാകില്ല.

ഈ കിരാതമായ നടപടികളെ രാജ്യം ഒറ്റപ്പെടുത്തേണ്ടതുണ്ട്. യുപിയിൽ നടന്ന സമാന സ്വഭാവമുള്ള എല്ലാ സംഭവങ്ങളുടെയും നിജസ്ഥിതി പുറത്തുകൊണ്ടുവരാൻ സമഗ്രമായ അന്വഷണം നടത്തണം. ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ ഈ അന്വഷണം നടക്കണം. സ്റ്റേറ്റ് സ്‌പോൺസേർഡ് അരാജകത്വം അനുവദിക്കരുത്. ക്രിമിനലുകളെ നിയമപരമായി അടിച്ചമർത്തുകയാണ് വേണ്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+