ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നു!! ലോക്‌സഭയില്‍ സര്‍ക്കാരിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍!!
ദില്ലി: പല വെബ്‌സൈറ്റുകളിലൂടെയും പൗരന്‍മാരുടെ ആധാര്‍ വിവരങ്ങള്‍ ചോരുന്നതായി ലോക്‌സഭയില്‍ സര്‍ക്കാരിന്റെ വെളിപ്പെടുത്തല്‍. കേന്ദ്രസര്‍ക്കാരിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും ഉടമസ്ഥതയിലുള്ള 120 വെബ്‌സൈറ്റുകളില്‍ പലരുടെയും ആധാര്‍ വിവരങ്ങള്‍ പ്രത്യക്ഷപ്പെട്ടതായി കേന്ദ്ര വിവരാവകാശ സഹമന്ത്രി പിപി ചൗധരി ലോക്‌സഭയില്‍ അറിയിച്ചു.
ആധാര്‍ നല്‍കുന്ന യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ(യുഐഡിഎഐ) ഇതേക്കുറിച്ച് അന്വേഷിക്കുകയും വെബ്‌സൈറ്റുകളില്‍ നിന്നും ആധാര്‍ വിവരങ്ങള്‍ നീക്കം ചെയ്യാന്‍ ആവശ്യപ്പെടുമെന്നും മന്ത്രി അറിയിച്ചു.

വെബ്‌സൈറ്റുകളില്‍
വിദ്യാഭ്യാസ സ്ഥാപനങ്ങളുടേതടക്കമുള്ള വെബ്‌സൈറ്റുകളില്‍ ആധാര്‍ വിവരങ്ങള്‍ പ്രത്യക്ഷപ്പെട്ടതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് പിപി ചൗധരി അറിയിച്ചു. പ്രോട്ടോകോളുടെയും സുരക്ഷിതമായ ഘട്ടങ്ങളിലൂടെയും അനുവാദം ലഭിച്ചവര്‍ക്കു മാത്രമേ ആധാര്‍ വിവരങ്ങള്‍ പങ്കുവെയ്ക്കാനുള്ള അവകാശമുളള്ളൂ എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

അസാധുവാക്കി
81 ലക്ഷത്തോളം ആധാര്‍ കാര്‍ജുകള്‍ സര്‍ക്കാര്‍ നാലു ദിവസം മുന്‍പ് റദ്ദാക്കിയിരുന്നു. ആധാര്‍ കാര്‍ഡുകള്‍ നല്‍കുന്ന യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റിയുടെ വെബ്സൈറ്റായ http://uidai.gov.in തുറക്കുക. അതിനു ശേഷം Aadhaar Services
എന്ന ടാബിന് കീഴിലുള്ള verify Aadhaar numbers എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ നിങ്ങളുടെ ആധാര്‍ നമ്പര്‍ റദ്ദാക്കിയോ അല്ലെങ്കില്‍ ഇപ്പോഴും പ്രാബല്യത്തിലുണ്ടോ എന്നറിയാം.

റദ്ദാക്കാത്തവര്‍ക്ക്
ആധാര്‍ നമ്പര്‍ റദ്ദായിട്ടില്ലെങ്കില്‍ അടുത്ത പേജില്‍ നിങ്ങളുടെ ആധാര്‍ സ്റ്റാറ്റസ് കാണിക്കും. ആധാര്‍ ഉടമസ്ഥനെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങള്‍ ഈ പേജില്‍ കാണാം. ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈല്‍ നമ്പറിന്റെ അവസാന മൂന്ന് അക്കങ്ങളും ഈ പേജില്‍ ഉണ്ടാകും.

എന്തുകൊണ്ട് ആധാര്‍ നിര്‍ബന്ധമാക്കുന്നു..?
ആളുകളുടെ ബയോമെട്രിക് വിവരങ്ങള്‍ ഉള്‍പ്പെടെ രേഖപ്പെടുത്തുന്ന തിരിച്ചറിയല്‍ രേഖയാണ് ആധാര്‍ കാര്‍ഡ്. അതുകൊണ്ടു തന്നെ ആധാറില്‍ തട്ടിപ്പുകള്‍ക്കുള്ള സാധ്യത കുറവാണെന്നാണ് വിലയിരുത്തപ്പെടുന്നത്. അതിനാലാണ് ഇന്‍കം ടാക്സ് റിട്ടേണുകള്‍ക്കും സാമ്പത്തിക ഇടപാടുകള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കുന്നത്.

പാന്‍ കാര്‍ഡും
ചിലര്‍ വ്യാജ വിവരങ്ങള്‍ നല്‍കി എന്ന കണ്ടെത്തലിനെ തുടര്‍ന്ന് 11 ലക്ഷത്തോളം പാന്‍ കാര്‍ഡുകളും കേന്ദ്രസര്‍ക്കാര്‍ നേരത്തേ റദ്ദാക്കിയിരുന്നു. സാമ്പത്തിക ഇടപാടുകള്‍ക്ക് ചിലര്‍ ഒന്നിലധികം പാന്‍ കാര്‍ഡുകള്‍ ഉപയോഗിക്കുന്നതും ശ്രദ്ധയില്‍ പെട്ടിരുന്നു. നികുതി വെട്ടിക്കുന്നവരെ കണ്ടെത്തുന്നതിന്റെ ഭാഗമായാണ് 11 ലക്ഷം പാന്‍ കാര്‍ഡുകള്‍ റദ്ദാക്കിയത്.