'ഉച്ചഭാഷിണികളില്‍ നാണയപ്പെരുപ്പം ചര്‍ച്ച ചെയ്യാം': രാജ് താക്കറെക്കെതിരെ ആദിത്യ താക്കറെ
മുംബൈ: മുസ്ലിം പള്ളികളിലെ ഉച്ചഭാഷിണി എടുത്തുമാറ്റണമെന്ന മഹാരാഷ്ട്ര നവനിര്‍മാണ സേന നേതാവ് രാജ് താക്കറെയുടെ വിദ്വേഷ പ്രസ്താവനയ്ക്ക് ആദിത്യ താക്കറെയുടെ മറുപടി. കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുന്നതായിരുന്നു ആദിത്യ താക്കറെയുടെ പരാമര്‍ശം. ഉച്ചഭാഷിണികള്‍ നീക്കേണ്ടതില്ലെന്നും പണപ്പെരുപ്പം, പെട്രോള്‍, ഡീസല്‍, സിഎന്‍ജി വിലവര്‍ധനവ് എന്നിവയെപ്പറ്റി സംസാരിക്കാമെന്നും അദ്ദേഹം പറഞ്ഞു. 60 വര്‍ഷം മുമ്പ് സംഭവിച്ച വിഷയങ്ങള്‍ക്ക് പകരം രണ്ട് മൂന്ന് വര്‍ഷത്തിനുള്ളില്‍ എന്തു സംഭവിച്ചുവെന്ന് ചര്‍ച്ച ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു.
'ലൗഡ്സ്പീക്കറുകള്‍ നീക്കം ചെയ്യുന്നതിനുപകരം, വര്‍ധി ച്ചുവരുന്ന പണപ്പെരുപ്പത്തെക്കുറിച്ച് സംസാരിക്കാന്‍ ഉച്ചഭാഷിണി ഉപയോഗിക്കണം. പെട്രോള്‍, ഡീസല്‍, സിഎന്‍ജി വിലയെക്കുറിച്ച് സംസാരിക്കണം. കൂടാതെ 60 പിന്നോട്ട് പോകാതെ കഴിഞ്ഞ രണ്ട് മൂന്ന് വര്‍ഷമായി എന്താണ് സംഭവിച്ചതെന്നും നമുക്ക് സംസാരിക്കാം.' ആദിത്യ താക്കറെ പ്രതികരിച്ചു. രാജ് താക്കറെയുടെ വിദ്വേഷ പ്രതികരണത്തെ തുടര്‍ന്ന് സംസ്ഥാന രാഷ്ട്രീയം ചൂടിപിടിച്ചിരിക്കുകയാണ്.

മുസ്ലിം പള്ളികളില്‍ നിന്ന് ഉച്ചഭാഷിണി എടുത്തുമാറ്റണമെന്നായിരുന്നു രാജ് താക്കറെയുടെ വിദ്വേഷ പരാമര്‍ശം. മെയ് മൂന്നിനുള്ളില്‍ ഉച്ചഭാഷിണികള്‍ എടുത്ത് മാറ്റാത്ത പക്ഷം പള്ളികള്‍ക്ക് മുമ്പില്‍ ഹനുമാന്‍ ചാലിസ നടത്തുമെന്നും അദ്ദേഹം ഭീഷണി മുഴക്കിയിരുന്നു. മുംബൈയില്‍ എംഎന്‍എസ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യവെയാണ് രാജ് താക്കറെ ഇത്തരത്തില്‍ വിദ്വേഷ പരാമര്‍ശം നടത്തിയത്. ബിജെപിയുമായി ചേര്‍ന്ന് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ രാജ് താക്കറെ ശ്രമിക്കുന്നുവെന്ന് മഹാ അഗാഡി സഖ്യസര്‍ക്കാരിലെ നേതാക്കള്‍ ആവര്‍ത്തിക്കുന്നതിനിടെയാണ് രാജ് താക്കറെയുടെ വിവാദ പ്രസ്താവന വന്നത്.

ഞാന്‍ പ്രാര്‍ഥനയ്ക്ക് എതിരല്ല. നിങ്ങള്‍ക്ക് വീട്ടില്‍ പ്രാര്‍ഥിക്കാം. പള്ളികളിലെ ഉച്ചഭാഷിണികള്‍ സര്‍ക്കാര്‍ എടുത്തുമാറ്റണം. ഇതൊരു താക്കീതാണ്. ഉച്ചഭാഷിണി നീക്കിയില്ലെങ്കില്‍ പള്ളിക്ക് മുമ്പില്‍ ഉച്ചഭാഷിണി സ്ഥാപിച്ച് ഹനുമാന്‍ ചാലിസ നടത്തുമെന്നും രാജ് താക്കറെ പറഞ്ഞു. കൂടാതെ മുസ്ലിം സ്വാധീന മേഖലയിലെ പള്ളികളില്‍ റെയ്ഡ് നടത്തണമെന്നും രാജ് താക്കറെ ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടാണ് രാജ് താക്കറെ ഇത്തരത്തിലൊരു ആവശ്യം മുന്നോട്ട് വച്ചത്. ഈ പ്രദേശങ്ങളില്‍ പാകിസ്താനെ പിന്തുണയ്ക്കുന്നവരുണ്ടെന്നും രാജ് താക്കറെ ആരോപിച്ചു. മഹാരാഷ്ട്രയില്‍ ജാതി രാഷ്ട്രീയം വളരാന്‍ കാരണം എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറാണ്. എന്‍സിപി രൂപീകരിച്ച 1999ന് ശേഷമാണ് ജാതി രാഷ്ട്രീയം വളര്‍ന്നതെന്നും രാജ് താക്കറെ പറഞ്ഞിരുന്നു.

ഈ പരാമര്‍ശത്തിന് മറുപടിയുമായി ശിവസേന അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു. ഇവിടെയൊരു നിയമമുണ്ട് എന്നായിരുന്നു ശിവസേന നേതാവ് സഞ്ജയ് റാവത്തിന്റെ പ്രതികരണം.
ആഭ്യന്തര മന്ത്രി വളരെ കൃത്യമായി ക്രമസമാധാന പാലനം ചെയ്യുന്നുണ്ട്. നിയമപ്രകാരം പ്രവര്‍ത്തിക്കുന്ന ഒരു സംസ്ഥാനമാണ് മഹാരാഷ്ട്ര എന്നും സഞ്ജയ് റാവത്ത് പറഞ്ഞു. ആദ്യം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ബാങ്ക് വിളിക്കുന്നത് നിര്‍ത്തൂ. പള്ളികളില്‍ നിന്ന് ലൗഡ് സ്പീക്കര്‍ എടുത്തുമാറ്റൂ. എന്നിട്ട് മതി മഹാരാഷ്ട്രയില്‍ സംസാരിക്കാന്‍. ഇത് മഹാരാഷ്ട്രയാണ്. ഇവിടെ കൃത്യമായ നിയമം പാലിക്കുന്നുണ്ടെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.

ഇവിടെ ഒരു ആഭ്യന്തര മന്ത്രിയുണ്ട്. അദ്ദേഹം കൃത്യമായി ജോലി ചെയ്യുന്നുണ്ടെന്നും സഞ്ജയ് റാവത്ത് പറഞ്ഞു. കൂടാതെ എന്‍സിപിക്കെതിരായ രാജ് താക്കറെയുടെ ആരോപണം തള്ളി എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറും രംഗത്തെത്തി. രാജ് താക്കറെയ്ക്ക് വ്യക്തമായ നിലപാടില്ലെന്ന് ശരദ് പവാര്‍ പറഞ്ഞു. ഏതെങ്കിലും ഒരു വിഷയത്തില്‍ വ്യക്തമായ നിലപാട് രാജ് താക്കറെക്കുണ്ടോ. ഒരു വിഷയത്തില്‍ മാസങ്ങള്‍ക്കിടെ വ്യത്യസ്തമായ നിലപാടാണ് രാജ് താക്കറെ സ്വീകരിക്കുന്നതെന്നും പവാര്‍ പ്രതികരിച്ചു.












Click it and Unblock the Notifications