കോണ്‍ഗ്രസുമായി സഖ്യമില്ലെന്ന് ആം ആദ്മി; 'നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കും'
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാകില്ല എന്ന് ആം ആദ്മി പാര്‍ട്ടി. ഇന്ത്യാ മുന്നണി ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സംവിധാനമാണ് എന്നും നിയമസഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മി ഒറ്റക്ക് മത്സരിക്കും എന്നും ഡല്‍ഹി മന്ത്രി ഗോപാല്‍ റായ് പറഞ്ഞു. ഇന്ത്യാ സഖ്യം നിലവില്‍ വന്ന ആദ്യ ദിവസം മുതല്‍ ഇക്കാര്യം വ്യക്തമാക്കിയതാണ് എന്നും ഗോപാല്‍ റായ് പറഞ്ഞു.
പാര്‍ട്ടി എം എല്‍ എമാരുടെ യോഗം വിളിച്ചതിന് പിന്നാലെയാണ് ഗോപാല്‍ റായിയുടെ പ്രതികരണം. ഡല്‍ഹി, ഗുജറാത്ത് എന്നിവിടങ്ങളില്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും സഖ്യമുണ്ടാക്കിയിരുന്നു. എന്നാല്‍ പഞ്ചാബില്‍ ഇരുകക്ഷികളും തമ്മില്‍ സഖ്യമുണ്ടായിരുന്നില്ല. പഞ്ചാബില്‍ കോണ്‍ഗ്രസ് ഏഴ് സീറ്റുകള്‍ നേടിയപ്പോള്‍ ആം ആദ്മി മൂന്ന് സീറ്റുകള്‍ നേടി.

പഞ്ചാബിലും ആം ആദ്മിയാണ് അധികാരത്തിലുള്ളത്. ഡല്‍ഹിയില്‍ ഏഴ് സീറ്റും ബി ജെ പിയാണ് ജയിച്ചത്. ഡല്‍ഹി, ഹരിയാന, പഞ്ചാബ്, ഗുജറാത്ത്, അസം എന്നീ അഞ്ച് സംസ്ഥാനങ്ങളിലായി 22 സീറ്റുകളില്‍ മത്സരിച്ച ആം ആദ്മിക്ക് പഞ്ചാബിലെ മൂന്ന് സീറ്റുകളില്‍ മാത്രമാണ് വിജയിക്കാനായത്. പഞ്ചാബിലെ 13 ലോക്സഭാ മണ്ഡലങ്ങള്‍ കീഴില്‍ വരുന്ന 117 നിയമസഭാ മണ്ഡലങ്ങളില്‍ 33 എണ്ണത്തില്‍ മാത്രമേ ആം ആദ്മിക്ക് ലീഡ് നേടാനായിട്ടുള്ളൂ.
2022 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി 117 നിയമസഭാ സീറ്റുകളില്‍ 92 ഉം നേടിയിരുന്നു. രണ്ട് വര്‍ഷത്തിന് ശേഷം വലിയ തിരിച്ചടിയാണ് പാര്‍ട്ടി നേരിട്ടത്. ഡല്‍ഹിയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് 2025 ന്റെ തുടക്കത്തില്‍ നടക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2020 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഒരു സീറ്റ് പോലും നേടാനായിരുന്നില്ല, 70-ല്‍ 62 സീറ്റുകള്‍ ആം ആദ്മി നേടിയപ്പോള്‍ ബിജെപി എട്ട് സീറ്റുകള്‍ നേടി.
അതേസമയം എഎപി നിയമസഭാംഗങ്ങളോട് എല്ലാ ശനി, ഞായര്‍ ദിവസങ്ങളിലും അതത് മണ്ഡലങ്ങളില്‍ വികസന പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാന്‍ ഇന്ന് ചേര്‍ന്ന യോഗം ആവശ്യപ്പെട്ടു. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനാല്‍ ഡല്‍ഹിയിലെ വികസന പ്രവര്‍ത്തനങ്ങള്‍ നിലച്ചതായും ഗോപാല്‍ റായ് പറഞ്ഞു. അടുത്ത വര്‍ഷമാണ് ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.
ഡല്‍ഹിയിലും പഞ്ചാബിലും കോണ്‍ഗ്രസ് സര്‍ക്കാരുകളെ പരാജയപ്പെടുത്തിയാണ് ആം ആദ്മി അധികാരം പിടിച്ചത്. ഗുജറാത്തിലും ബി ജെ പിക്കെതിരെ കോണ്‍ഗ്രസിന് ബദലാകാന്‍ ആം ആദ്മിക്ക് സാധിച്ചിരുന്നു. എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച വിജയം സ്വന്തമാക്കാന്‍ പാര്‍ട്ടിക്ക് സാധിച്ചില്ല.












Click it and Unblock the Notifications