എയര്‍ ഇന്ത്യ വിമാന ദുരന്തം; എന്‍ജിന്‍ ഫ്യൂവല്‍ സ്വിച്ചുകള്‍ പ്രവര്‍ത്തനം നിലച്ചു: പൈലറ്റുമാര്‍ പറഞ്ഞത്
ന്യൂഡല്‍ഹി: രാജ്യം നടുങ്ങിയ അഹമ്മദാബാദ് വിമാന ദുരന്തം നടന്ന് കൃത്യം ഒരു മാസം പിന്നിടുമ്പോള്‍ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്. ഞെട്ടിക്കുന്നതും ദുരൂഹത ഉണര്‍ത്തുന്നതുമായ റിപ്പോര്‍ട്ടാണ് ഇന്ന് രാവിലെ പുറത്തുവന്നത്. ബോയിംഗ് 787-8 വിമാനത്തിലെ വൈദ്യുതി സംവിധാനം നിലച്ചത് അപകടകാരണമെന്നാണ് അന്വേഷണം നടത്തിയ എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ റിപ്പോര്‍ട്ടിലുള്ളത്. ജൂണ്‍ 19-ന് ഉച്ചയോടെയാണ് രാജ്യത്തെ കണ്ണീരിലാഴ്ത്തിയ, സമീപ കാലത്തെ ഏറ്റവും വലിയ വിമാന ദുരന്തമുണ്ടായത്.
പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം രണ്ട് എന്‍ജിനുകളും പ്രവര്‍ത്തനം നിലച്ചു എന്നാണു കണ്ടെത്തല്‍. എന്‍ജിനിലേക്ക് ഇന്ധനം കടത്തിവിടുന്നത് നിയന്ത്രിക്കുന്ന രണ്ട് സ്വിച്ചുകളും കട്ട് ഓഫ് പൊസിഷനിലായി. ഫ്യുവല്‍ കണ്‍ട്രോള്‍ സ്വിച്ചുകള്‍ ആരാണ് കട്ട് ഓഫ് ചെയ്തതെന്ന് പൈലറ്റുമാര്‍ പരസ്പരം ചോദിക്കുന്നത് കോക്ക്പിറ്റ് വോയ്‌സ് റെക്കോര്‍ഡറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

'എനിക്കറിയില്ല' എന്ന് ഒരു പൈലറ്റ് മറുപടി നല്‍കുന്നുണ്ട്. എന്നാല്‍ ഇത് ആരുടെ ശബ്ദമെന്നത് വ്യക്തമല്ല. വിമാനം ടേക്ക് ഓഫ് ചെയ്തതും അപകട സമയത്ത് വിമാനം നിയന്ത്രിച്ചിരുന്നതും കോ പൈലറ്റാണ്. പ്രധാന പൈലറ്റ് ഇതിന് നേതൃത്വം നല്‍കുകയായിരുന്നു. പൈലറ്റുമാരുടെ സംഭാഷണമാണ് ദുരൂഹത ഉയര്‍ത്തുന്നത്. ഇന്ധന നിയന്ത്രണ സ്വിച്ചുകള്‍ ഓഫായത് ശ്രദ്ധയില്‍പെട്ട് പെട്ടെന്ന് ഓണ്‍ ചെയ്തെങ്കിലും എന്‍ജിനുകള്‍ അപ്പോഴേക്കും പ്രവര്‍ത്തനം നിലയ്ക്കുകയും വിമാനം പറന്നുയരാന്‍ ശക്തി കിട്ടാതെ തകര്‍ന്നുവീഴുകയുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
വിമാനത്തില്‍ 'റാറ്റ് സംവിധാനം (റാം എയര്‍ ടര്‍ബൈന്‍) പ്രവര്‍ത്തിച്ചിരുന്നു. എല്ലാ വൈദ്യുതി സ്രോതസുകളും പ്രവര്‍ത്തനരഹിതമാകുമ്പോഴാണ് വിമാനത്തിന്റെ അടിയില്‍നിന്ന് റാറ്റ് തനിയെ പുറത്തു വരുന്നത്. വിമാനം പറന്നുയര്‍ന്ന ശേഷം ഉച്ചയ്ക്ക് 2.09 ന് മെയ് ഡേ കോള്‍ എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ ലഭിച്ച് സെക്കന്റുകള്‍ക്കുള്ളില്‍ വിമാനം തകര്‍ന്നു വീണു.
വിമാനത്തില്‍ പക്ഷി ഇടിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ടിലുണ്ട്. പൈലറ്റിനോ സഹപൈലറ്റിനോ ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നുമില്ലെന്നും വിമാനത്തിലെ ഇന്ധനത്തിന്റെ അളവും തൃപ്തികരമായ നിലയിലാണെന്നുമാണ് അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്. യാത്രക്കാരും ജീവനക്കാരും ഉള്‍പ്പെടെ അനുവദനീയമായ ഭാരമേ വിമാനത്തിനുണ്ടായിരുന്നുള്ളൂ. ടേക്ക് ഓഫ് ചെയ്ത് വിമാനം 32 സെക്കന്‍ഡ് മാത്രമാണ് പറന്നത്.
230 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. 15 പേര്‍ ബിസിനസ് ക്ലാസിലും 215 പേര്‍ ഇക്കോണമി ക്ലാസിലും. ഇതില്‍ ഒരാള്‍ ഒഴികെ മറ്റെല്ലാവരും അപകടത്തില്‍ മരിച്ചു. ജൂണ്‍ 12-നുണ്ടായ അപകടത്തില്‍ പന്ത്രണ്ട് വിമാന ജീവനക്കാരടക്കം 241 പേരാണ് വിമാനത്തില്‍ കൊല്ലപ്പെട്ടത്. ഇതിന് പുറമെ വിമാനം തകര്‍ന്ന് വീണ മെഡിക്കല്‍ കോളജ് ഹോസ്റ്റലിലുണ്ടായിരുന്ന അഞ്ച് ഡോക്ടര്‍മാര്‍ക്കും ജീവന്‍ നഷ്ടമായി. നാട്ടുകാരായ ചിലര്‍ക്കും ജീവന്‍ നഷ്ടമായിട്ടുണ്ട്. വിമാനത്തിലെ ഒരു യാത്രക്കാരന്‍ മാത്രം അത്ഭുതകരമായി രക്ഷപ്പെട്ടു.












Click it and Unblock the Notifications