പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി എംഎല്‍എ വെടിയേറ്റ് മരിച്ചു
അമൃത്സര്‍: പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി എംഎല്‍എ വെടിയേറ്റ് മരിച്ചു. ലുധിയാന വെസ്റ്റ് മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയായ ഗുര്‍പ്രീത് ഗോഗി ബസ്സിയാണ് മരിച്ചത്. വെള്ളിയാഴ്ച അര്‍ധരാത്രിയിലായിരുന്നു സംഭവം. എംഎല്‍എ ആത്മഹത്യ ചെയ്തതാണോ അബദ്ധത്തില്‍ വെടിയേറ്റ് മരിച്ചതാണോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
പകല്‍ സമയത്തെ പതിവ് പരിപാടികള്‍ക്ക് ശേഷം എംഎല്‍എ രാത്രിയോടെയാണ് ഘുമര്‍ മണ്ഡിയിലെ സ്വന്തം വീട്ടിലേക്ക് മടങ്ങിയത് എന്ന് എഎപി ജില്ലാ സെക്രട്ടറി പരംവീര്‍ സിംഗ് പറഞ്ഞു. ഗോഗി ഭാര്യയ്ക്കും മകനും മകള്‍ക്കുമൊപ്പമാണ് താമസിക്കുന്നത്. വെടിയൊച്ചയുടെ ശബ്ദം കേട്ട് ഭാര്യ ഡോ. സുഖ്ചെയിന്‍ കൗര്‍ വന്ന് നോക്കുമ്പോള്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്ന ഭര്‍ത്താവിനെയാണ് കണ്ടത് എന്നാണ് വൃത്തങ്ങള്‍ അറിയിക്കുന്നത്.

സുരക്ഷാ ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് കുടുംബം ഗോഗിയെ ആശുപത്രിയില്‍ എത്തിച്ചത്. രാത്രി 12 മണിയോടെയാണ് അദ്ദേഹത്തെ ദയാനന്ദ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ആശുപത്രിയില്‍ എത്തും മുന്‍പെ മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. എഎപി ജില്ലാ പ്രസിഡന്റ് ശരണ്‍പാല്‍ സിംഗ് മക്കറും പൊലീസ് കമ്മീഷണര്‍ കുല്‍ദീപ് സിംഗ് ചാഹലും മരണ വാര്‍ത്ത സ്ഥിരീകരിച്ചു.
വെള്ളിയാഴ്ച ലുധിയാന ബാര്‍ അസോസിയേഷന്‍ സംഘടിപ്പിച്ച ചടങ്ങില്‍ നിയമസഭാ സ്പീക്കര്‍ കുല്‍താര്‍ സാന്ധവാനൊപ്പം ഗോഗിയും പങ്കെടുത്തിരുന്നു. ഇത് കൂടാതെ പ്രാചിന്‍ ഷീറ്റ്ല മാതാ മന്ദിറും സന്ദര്‍ശിച്ചിരുന്നു. രണ്ട് ദിവസം മുമ്പ് ഈ ക്ഷേത്രത്തില്‍ നിന്ന് വെള്ളി മോഷ്ടിക്കപ്പെട്ടിരുന്നു. മോഷ്ടാക്കള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് അദ്ദേഹം ഭക്തര്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു.
രണ്ട് തവണ എംസി കൗണ്‍സിലറായിരുന്ന ഗോഗി കോണ്‍ഗ്രസ് ജില്ലാ (അര്‍ബന്‍) പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2022 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പാണ് ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നത്. ലുധിയാന (വെസ്റ്റ്) അസംബ്ലി മണ്ഡലത്തില്‍ നിന്ന് രണ്ട് തവണ എംഎല്‍എയായ ഭരത് ഭൂഷണ്‍ ആഷുവിനെ പരാജയപ്പെടുത്തിയാണ് നിയമസഭയില്‍ എത്തുന്നത്. ഭാര്യ സുഖ്ചെയിന്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയോട് പരാജയപ്പെട്ടിരുന്നു.
2024 ഓഗസ്റ്റില്‍ ഗുര്‍പ്രീത് ബസ്സി ഗോഗി ബുദ്ധ നുല്ലയിലെ പൈപ്പ്ലൈന്‍ പദ്ധതിയുടെ തറക്കല്ലിടല്‍ നശിപ്പിച്ചിരുന്നു. 2022 ല്‍ എം എല്‍ എ തന്നെ തറക്കല്ലിട്ട പദ്ധതിയായിരുന്നു ഇത്. എന്നാല്‍ പദ്ധതി വൈകുന്നതില്‍ ഗോഗി നിരാശ പ്രകടിപ്പിച്ചിരുന്നു.












Click it and Unblock the Notifications