ഞങ്ങള്‍ക്കും വേണം മന്ത്രി പദവി: ജമ്മു കശ്മീരിലെ ഏക എംഎല്‍എയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമെന്ന് എഎപി
ശ്രീനഗർ: ജമ്മു കശ്മീർ മുഖ്യമന്ത്രിയായി നാഷണല്‍ കോണ്‍ഫറന്‍സ് (എന്‍ സി) നേതാവ് ഒമർ അബ്ദുള്ള നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ മന്ത്രിസഭ രൂപീകരണ ചർച്ചകള്‍ സജീവം. സഖ്യത്തിലെ പ്രധാന കക്ഷിയായ കോണ്‍ഗ്രസുമായുള്ള ചർച്ചകളില്‍ ഇതുവരെ അന്തിമ തീരുമാനം ഉണ്ടായിട്ടില്ല. 6 സീറ്റുകളില്‍ വിജയിച്ച കോണ്‍ഗ്രസ് ഉപമുഖ്യമന്ത്രി സ്ഥാനം ഉള്‍പ്പെടെ മൂന്ന് മന്ത്രി പദവികളാണ് ചോദിക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസിന് രണ്ട് മന്ത്രി പദവി എന്നതാണ് എന്‍ സി നിലപാട്. ഇതിനിടയിലാണ് മന്ത്രി പദവി ആവശ്യപ്പെട്ട് എ എ പിയും രംഗത്ത് വന്നിരിക്കുന്നത്.
ജമ്മു കശ്മീരിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു എം എല്‍ എയെ ജയിപ്പിക്കാന്‍ ഇത്തവണ എ എ പിക്ക് സാധിച്ചിരുന്നു. ദോഡ നിയമസഭ മണ്ഡലത്തില്‍ നിന്നും മത്സരിച്ച് വിജയിച്ച മെഹ്‌രാജ് മാലിക്കാണ് ജമ്മു കശ്മീർ നിയമസഭയിലെ ആദ്യ എം എല്‍ എ. ഇദ്ദേഹത്തെ എന്‍ സി - കോണ്‍ഗ്രസ് സഖ്യ സർക്കാറില്‍ ഉള്‍പ്പെടുത്തണമെന്നാണ് എ എ പി നേതൃത്വം ആവശ്യപ്പെടുന്നത്.

മെഹ്‌രാജ് മാലിക്കിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്ന കാര്യം സഖ്യകക്ഷികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് രാജ്യസഭയിലെ എ എ പി നേതാവ് സഞ്ജയ് സിങ് വ്യക്തമാക്കിയത്. "ഉടൻ രൂപീകരിക്കാൻ പോകുന്ന സർക്കാരിൽ ഞങ്ങളുടെ എം എൽ എയ്ക്ക് ഇടം നൽകുമെന്ന് ഉറപ്പാക്കാൻ ഞങ്ങൾ സഖ്യ പങ്കാളികളോട് അഭ്യർത്ഥിച്ചിട്ടുണ്ട്," സഞ്ജയ് സിംഗ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
കേന്ദ്ര സർക്കാർ ഉടൻ തന്നെ ജമ്മു കശ്മീരിന് പൂർണ സംസ്ഥാന പദവി നൽകണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും പ്രചാരണ വേളയിൽ നൽകിയ വാഗ്ദാനം പാലിക്കണമെന്നും എ എ പി നേതാവ് ആവശ്യപ്പെട്ടു.
സർക്കാർ രൂപീകരണത്തിന് എന്‍ സി - കോണ്‍ഗ്രസ് സഖ്യത്തെ എ എ പിയും പിന്തുണച്ചിട്ടുണ്ട്. ബി ജെ പിക്ക് സ്വാധീനമുള്ള ദോഡ മണ്ഡലത്തില്‍ അവരുടെ പ്രമുഖ നേതാവായ ഗജയ് സിംഗ് റാണയെ 4,538 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് മെഹ്‌രാജ് മാലിക്ക് വിജയിച്ചത്. ഇതോടെ നിയമസഭയിലെ തങ്ങളുടെ സാന്നിധ്യം അഞ്ച് ഇടങ്ങളിലേക്ക് വ്യാപിപ്പിക്കാനും എ എ പിക്ക് സാധിച്ചു. ഡൽഹിയിലും പഞ്ചാബിലും അധികാരത്തിലിരിക്കുന്ന പാർട്ടിക്ക് ഗുജറാത്തിലും ഗോവയിലും എം എൽ എമാരുണ്ട്.












Click it and Unblock the Notifications