പഞ്ചാബിലെ വിജയത്തിന് പിന്നാലെ യുപിയിൽ വേരുറപ്പിക്കാൻ ആംആദ്മി; യുപിയിൽ വിജയ റാലി നടത്തും
ലഖ്‌നൗ: പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയം ആഘോഷിക്കാൻ ആം ആദ്മി പാർട്ടി ഉത്തർപ്രദേശിൽ വിജയഘോഷയാത്രകൾ നടത്തും. പാർട്ടി രാജ്യസഭാ എംപി സഞ്ജയ് സിംഗ് ആണ് ഇക്കാര്യം പറഞ്ഞത്. പഞ്ചാബിലെ ആം ആദ്മി പാർട്ടിയുടെ വിജയം കാണിക്കുന്നത് ജനങ്ങൾ പാർട്ടിയെ ദേശീയ ബദലായി അംഗീകരിച്ചിട്ടുണ്ടെന്നും. രാജ്യം വൃത്തിയാക്കാൻ അവർ ചൂൽ (എഎപിയുടെ തിരഞ്ഞെടുപ്പ് ചിഹ്നം) ഉപയോഗിക്കാൻ ആഗ്രഹിക്കുന്നു എന്നാണെന്നും അദ്ദേഹം പറഞ്ഞു.
മാർച്ച് 12ന് ഉത്തർപ്രദേശിൽ ഉടനീളം ആം ആദ്മിയുടെ നേതൃത്വത്തിൽ വിജയഘോഷയാത്രകൾ നടത്തും. എല്ലാവർക്കും തുല്യാവകാശം ഉറപ്പാക്കാൻ ഉത്തർപ്രദേശിൽ ഗ്രാമതലം വരെ ശക്തമായ ഒരു സംഘടന എഎപി രൂപീകരിക്കും. ഈ ദിശയിലുള്ള പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നും സിംഗ് പറഞ്ഞു. ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലെ പാർട്ടിയുടെ പ്രകടനം അവലോകനം ചെയ്യുന്നതിനായി മാർച്ച് 23, 24 തീയതികളിൽ ലഖ്‌നൗവിൽ എഎപി ജില്ലാ, സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗങ്ങൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ പാർട്ടി സംഘടനാ വിപുലീകരണവും യോഗത്തിൽ ചർച്ചയാകും.

ഉത്തർ പ്രദേശിലെ 403 സീറ്റുകളിൽ മത്സരിച്ചെങ്കിലും ഒരു സീറ്റിൽ പോലും വിജയിക്കാൻ ആപ്പിന് സാധിച്ചില്ല. ബിജെപിയും സമാജ്‌വാദി പാർട്ടിയും സഖ്യകക്ഷികളും തമ്മിലുള്ള നേരിട്ടുള്ള മത്സരമായിരുന്നു ഈ തെരഞ്ഞെടുപ്പിൽ കാണാൻ സാധിച്ചത്. അതിനാൽ, മറ്റ് രാഷ്ട്രീയ പാർട്ടികൾക്ക് വോട്ടൊന്നും ലഭിച്ചില്ലെന്നും എഎപിയുടെ കാര്യത്തിലും ഇതുതന്നെയാണ് സംഭവിച്ചുവെന്നും സിംഗ് കൂട്ടിച്ചേർത്തു. ഉത്തർപ്രദേശിൽ 255 നിയമസഭാ സീറ്റുകളാണ് ബിജെപി നേടിയത്. സഖ്യകക്ഷികളായ അപ്നാ ദൾ (എസ്), നിഷാദ് പാർട്ടി യഥാക്രമം 12 സീറ്റുകളും ആറ് സീറ്റുകളും നേടി.
സമാജ്‌വാദി പാർട്ടി 111 സീറ്റുകളും സഖ്യകക്ഷികളായ സുഹേൽദേവ് ഭാരതീയ സമാജ് പാർട്ടിയും രാഷ്ട്രീയ ലോക്ദളും യഥാക്രമം ആറ്, എട്ട് സീറ്റുകൾ നേടി. കോൺഗ്രസിനും ജനസത്താദളിനും രണ്ട് സീറ്റ് വീതവും ബഹുജൻ സമാജ് പാർട്ടിക്ക് ഒരു സീറ്റും ലഭിച്ചു. രണ്ടാം യോ ഗി സർക്കാർ ഹോളിക്ക് ശേഷം മാത്രമേ സത്യപ്രതിജ്ഞ ചെയ്യു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിലവിലെ മന്ത്രിസഭാംഗങ്ങളിൽ ഭൂരിഭാഗം പേർക്കും പുതിയ രൂപീകരണത്തിൽ അവസരം ലഭിക്കില്ലെന്ന ഊഹാപോഹങ്ങളും ശക്തമാണ്. വെള്ളിയാഴ്ച ഒന്നാം യോ ഗി സർക്കാരിന്റെ അവസാനത്തെ മന്ത്രിസഭായോഗം ലഖ്‌നൗവിലെ പാർട്ടി ഓഫീസിൽ വെച്ച് നടത്തിയിരുന്നു. പിന്നീട് രാജ്ഭവനിൽ വെച്ച് അദ്ദേഹം ഗവർണർ ആനന്ദിബെൻ പട്ടേലിന് രാജിക്കത്തും നൽകി.












Click it and Unblock the Notifications