ആം ആദ്മി പോസ്റ്ററിൽ ഒതുങ്ങും; ഗുജറാത്തിൽ ജയിക്കുക ബിജെപി മാത്രമെന്ന് ഭൂപേന്ദർ പട്ടേൽ
ദില്ലി; നിയമസഭ തിരഞ്ഞെടുപ്പിൽ ഗുജറാത്തിൽ ബി ജെ പി തന്നെ അധികാരം നിലനിർത്തുമെന്ന് മുഖ്യമന്ത്രി ഭൂപേന്ദർ പട്ടേൽ. ആം ആദ്മിക്ക് ഗുജറാത്തിൽ മത്സരിക്കുന്നതിന് യാതൊരു തടസവുമില്ല. എന്നാൽ അവർ സംസ്ഥാനത്ത് വെറും പോസ്റ്ററിൽ മാത്രം ഒതുങ്ങുമെന്നും ഭൂപേന്ദർ പട്ടേൽ പറഞ്ഞു.
ആം ആദ്മി പാർട്ടിയെന്നല്ല ഏത് പാർട്ടിക്കും നിയമസഭതിരഞ്ഞെടുപ്പിൽ മത്സരിക്കാം. അത് ജനാധിപത്യ സംവിധാനത്തിന്റെ ഭാഗമാണ്. പക്ഷേ ഇപ്പുറത്ത് ബിജെപി ഉണ്ടാകുമ്പോൾ ഒരു പാർട്ടിയുടേയും മാജിക് പ്രവർത്തിക്കില്ല. ഗാന്ധി നഗർ തിരഞ്ഞെടുപ്പ് വേളയിൽ ആം ആദ്മി വരും എന്ന തരത്തിലുള്ള ചർച്ചകൾ ഒക്കെയുണ്ടായിരുന്നു. എന്നാൽ 44ൽ 41 സീറ്റും ബിജെപി നേടിയതോടെ ആം ആദ്മിയുടെ സ്വപ്നം തകർന്നു, ഭൂപേന്ദർ പട്ടേൽ പറഞ്ഞു.

സംസ്ഥാനത്ത് ചില സീറ്റുകൾ മാത്രമേ പ്രതിപക്ഷത്തിന് നൽകൂവെന്ന് ജനങ്ങൾ തിരുമാനിച്ചിട്ടുണ്ട്. കോൺഗ്രസായാലും എഎപിയായാലും ഏതാനും സീറ്റുകളിൽ മാത്രം തൃപ്തിപ്പെടേണ്ടി വരും. ഇപ്പോഴും സംസ്ഥാനത്തെ ജനങ്ങൾ ബിജെപിയെ ഇഷ്ടപ്പെടുന്നു. ഞങ്ങൾ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നത് തുടരും. ജനങ്ങളുടെ ആദ്യ ചോയ്സ് ബിജെപിയായിരിക്കും. ആറാം തവണയും ജനങ്ങളെ സേവിക്കാൻ ഞങ്ങൾക്ക് അവസരം ലഭിക്കും. ഞങ്ങളുടെ ട്രാക്ക് റെക്കോർഡ് അത് വ്യക്തമാക്കുന്നുണ്ട്, ഭൂപേന്ദർ പറഞ്ഞു.
ഈ വർഷം അവസാനമാണ് ഗുജറാത്തിൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. ആം ആദ്മിയുടെ വരവ് തങ്ങൾക്ക് ഭീഷണിയല്ലെന്ന് ബി ജെ പി നേതൃത്വം ആവർത്തിക്കുമ്പോഴും അധികാരം നിലനിർത്താനുള്ള തിരക്കിട്ട പ്രവർത്തനങ്ങളിലാണ് ബി ജെ പി ക്യാമ്പ്. 2017 ൽ 99 സീറ്റ് നേടിയായിരുന്നു സംസ്ഥാനത്ത് ബിജെപി അധികാര തുടർച്ച നേടിയത്. നിലവിൽ 112 അംഗങ്ങളാണ് ബി ജെ പിക്കുള്ളത്. ആം ആദ്മി പാർട്ടി അധികാരം പിടിക്കുമെന്ന് ബി ജെ പി ആശങ്കപ്പെടുന്നില്ലേങ്കിലും കൂടുതൽ വോട്ടുകൾ അവർ പിടിച്ചെടുത്തേക്കുമെന്നതാണ് ബി ജെ പിയുടെ കണക്ക് കൂട്ടൽ. ഈ സാഹചര്യത്തിൽ നരേന്ദ്ര മോദിയെ ഉൾപ്പെടെ അണിനിരത്തി തിരഞ്ഞെടുപ്പിന് മാസങ്ങൾക്ക് മുൻപ് തന്നെ പ്രവർത്തനം ശക്തമാക്കാൻ ഒരുങ്ങുകയാണ് ബി ജെ പി ക്യാമ്പ്. അതേസമയം ആം ആദ്മി പാർട്ടിയും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ആരംഭിച്ച് കഴിഞ്ഞു. പഞ്ചാബിൽ ആം ആദ്മിയുടെ വിജയത്തിന് ചുക്കാൻ പിടിച്ച സന്ദീപ് പഥകിനാണ് ഗുജറാത്തിൽ പാർട്ടിയുടെ ചുമതല നൽകിയിരിക്കുന്നത്.












Click it and Unblock the Notifications