ഡൽഹിയിൽ ആം ആദ്മിക്ക് 55 സീറ്റുകൾ കിട്ടും; മൂന്നാം തവണയും അധികാരത്തിലേറും; അരവിന്ദ് കെജ്രിവാൾ
ഡൽഹി: ആംആദ്മിക്ക് അധികാരത്തുടർച്ച ലഭിക്കുമെന്ന് ഡൽഹി മുൻ മുഖ്യമന്ത്രിയും ആം ആദ്മി കൺവീനറുമായ അരവിന്ദ് കെജ്രിവാൾ. പാർട്ടിക്ക് ഇക്കുറി 55 സീറ്റുകൾ വരെ ലഭിക്കുമെന്നും കെജ്രിവാൾ പറഞ്ഞു. അതേസമയം ഡൽഹിയിലെ സ്ത്രീകളെല്ലാവരും ചേർന്ന് ആം ആദ്മിയുടെ സീറ്റുകൾ 60 ൽ എത്തിക്കണമെന്നും കെജ്രിവാൾ അഭ്യർത്ഥിച്ചു.
'എന്റെ കണക്കുകൂട്ടൽ അനുസരിച്ച് ആം ആദ്മിക്ക് 55 സീറ്റുകൾ വരെ ഡൽഹിയിൽ ലഭിക്കും. പക്ഷെ സ്ത്രീകളെല്ലാവരും പരമാവധി പരിശ്രമിച്ചാൽ, തങ്ങളുടെ വീട്ടുകാരെ ആം ആദ്മിക്ക് വേണ്ടി വോട്ട് ചെയ്യാൻ പ്രേരിപ്പിച്ചാൽ ആം ആദ്മിയുടെ സീറ്റ് 60 ൽ എത്തും', കെജ്രിവാൾ പറഞ്ഞു. 2015 ൽ 67 സീറ്റുകൾ നേടിയായിരുന്നു ആം ആദ്മി സർക്കാർ അധികാരത്തിലേറിയത്. 2020 ൽ പാർട്ടിക്ക് ലഭിച്ചത് 62 സീറ്റുകളാണ്.

ഡൽഹി നിയമസഭയിൽ ആകെ 70 സീറ്റുകളാണ് ഉള്ളത്. കഴിഞ്ഞ തവണ 8 സീറ്റുകളാണ് ബി ജെ പിക്ക് ലഭിച്ചത്. ഒരുകാലത്ത് രാജ്യതലസ്ഥാനം ഭരിച്ചിരുന്ന കോൺഗ്രസ് തിരഞ്ഞെടുപ്പിൽ സംപൂജ്യരാകുന്നതായിരുന്നു കാഴ്ച. അതേസമയം ഇക്കുറി ശക്തമായ ത്രികോണ പോരാട്ടത്തിനാണ് ഡൽഹിയിൽ കളമൊരുങ്ങിയിരിക്കുന്നത്. കെജ്രിവാളിന്റെ നേതൃത്വത്തിൽ ശക്തമായ പ്രചരണമാണ് ആം ആദ്മി നടത്തുന്നത്. ബി ജെ പിയേയും കോൺഗ്രസിനേയും കടന്നാക്രമിച്ചാണ് ആം ആദ്മി പ്രചരണം.
ഡൽഹി ഭരണം ഉറപ്പിക്കാൻ വമ്പൻ വാഗ്ദാനങ്ങളും ജനങ്ങൾക്ക് മുൻപിൽ ആം ആദ്മി അവതരിപ്പിച്ചിട്ടുണ്ട്. കൂടുതൽ തൊഴിലവസരങ്ങൾ, മുതിർന്ന പൗരൻമാർക്ക് സൗജന്യ ചികിത്സ, മുടക്കമില്ലാത്ത ശുദ്ധജലവിതരണം, യമുനാ നദി ശുചീകരണം, റോഡുകളുടെ വികസനം , ഓട്ടോ-ടാക്സി ഡ്രൈവർമാർക്ക് ക്ഷേമനിധി ഇങ്ങനെ പോകുന്നു പ്രഖ്യാപനങ്ങൾ. മറുവശത്ത് ബി ജെ പിയും വാഗ്ദാനങ്ങളുടെ കാര്യത്തിൽ ഒട്ടും പുറകിലല്ല. സ്ത്രീ വോട്ടർമാരെ ലക്ഷ്യം വെച്ചുള്ളതാണ് ബി ജെ പിയുടെ വാഗ്ദാനങ്ങൾ ഏറെയും.
പ്രതിമാസം വനിതകൾക്ക് 2500 രൂപ, ഗർഭിണികൾക്ക് ഒറ്റത്തവണ 21,000 രൂപ, സൗജന്യ ചികിത്സ, വിദ്യാഭ്യാസം എന്നീ വാഗ്ദാനങ്ങളാണ് ബി ജെ പി പ്രഖ്യാപിച്ചത്. 219 വാഗ്ദാനങ്ങളാണ് കോൺഗ്രസ് പ്രകടന പത്രികയൽ പറയുന്നത്. സർക്കാർ ജോലിയിൽ 33 ശതമാനം വനിതാ സംവരണം, 100 ഇന്ദിരാ കന്റീനുകള്‍ ,ജാതി സെൻസസ് തുടങ്ങിയവയും കോൺഗ്രസ് വാഗ്ദാനങ്ങളിൽ പെടുന്നു.












Click it and Unblock the Notifications