കിണഞ്ഞ് പരിശ്രമിച്ചിട്ടും ഹരിയാനയിൽ നിലംതൊട്ടില്ല; കാശ്മീരിൽ അക്കൗണ്ട് തുറന്ന് ആം ആദ്മി
ഹരിയാന നിയമസഭ തിരഞ്ഞെടുപ്പിൽ ഇക്കുറി തങ്ങൾ നിർണായക ശക്തിയാകുമെന്നും ആം ആദ്മിയുടെ പിന്തുണയില്ലാതെ സർക്കാർ രൂപീകരിക്കാൻ സാധിക്കില്ലെന്നുമായിരുന്നു ആപ് നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ കഴിഞ്ഞ ദിവസം പറഞ്ഞത്. എന്നാൽ ഹരിയാനയിൽ ഫലം വന്നപ്പോൾ ഒരു സീറ്റിൽ പോലും വിജയിക്കാൻ ആം ആദ്മിക്ക് സാധിച്ചില്ല. അതേസമയം ആം ആദ്മി വലിയ ശ്രദ്ധപതിപ്പിക്കാതിരുന്ന ജമ്മു കാശ്മീരിൽ പാർട്ടി ആദ്യമായി അക്കൗണ്ട് തുറക്കുകയും ചെയ്തു. ധോഡ മണ്ഡലത്തിൽ നിന്ന് ആം ആദ്മി സ്ഥാനാർത്ഥിയായ മെഹ്രാജ് മാലിക് ആണ് വിജയിച്ചത്. ഇവിടെ ഇന്ത്യ സഖ്യത്തിന്റെ ഭാഗമായിട്ടായിരുന്നു മെഹ്റാജിന്റെ മത്സരം.
1962 മുതൽ നാഷണൽ കോൺഫറൻസും കോൺഗ്രസും മാറി മാറി ഭരിച്ചിരുന്ന മണ്ഡലമാണ് ദോഡ. 2014 ൽ ബി ജെ പി സ്ഥാനാർത്ഥിയായിരുന്നു ഇവിടെ നിന്ന് വിജയിച്ചത്. മെഹ്റാജ് 4000ത്തോളം വോട്ടുകൾക്കാണ് മണ്ഡലം പിടിച്ചത്. ബി ജെ പിയുടെ ഗജയ് സിംഗ് റാണയെയാണ് മെഹ്രാജ് പരാജയപ്പെടുത്തിയത്. 2020 ൽ ജമ്മു കാശ്മീരിലെ ജില്ലാ വികസന കൗൺ സിൽ തിരഞ്ഞെടുപ്പിൽ മെഹ്റാജ് വിജയിച്ചിരുന്നു. ബി ജെ പിക്കെതിരേയും കാശ്മീരിലെ ലെഫ്റ്റനെന്റിന് കീഴിലുള്ള ഭരണത്തേയും അതിരൂക്ഷമായി വിമർശിച്ച നേതാവാണ് മെഹ്രാജ്.

36 കാരനായ മെഹ്രാജ് അതിശക്തമായ പ്രചരണമായിരുന്നു മണ്ഡലത്തിൽ കാഴ്ചവെച്ചത്. അടിസ്ഥാന സൗകര്യങ്ങൾ ജനങ്ങൾക്ക ഉറപ്പാക്കുമെന്നായിരുന്നു മെഹ്രാജിന്റെ വാഗ്ദാനം. ആം ആദ്മിയുടെ രാജ്യസഭ എംപിയായ സഞ്ജയ് സിംഗ് മെഹ്രാജിന്റെ പ്രചരണത്തിനായി കാശ്മീരിൽ എത്തിയിരുന്നു സഞ്ജയ് സിംഗിന്റെ റാലിക്ക് മണ്ഡലത്തിൽ വലിയ സ്വീകാര്യത ലഭിച്ചിരുന്നു.
പ്രധാനമന്ത്രി തിരഞ്ഞെടുപ്പ് പ്രചരണങ്ങൾക്ക് തുടക്കം കുറിച്ചതും ഇതേ മണ്ഡലത്തിലായിരുന്നു. എന്നാൽ മെഹ്റാജിന് മുന്നിൽ മോദിയുടേയും ബി ജെ പിയുടേയും ശ്രമങ്ങളൊന്നും വിജയിച്ചില്ലെന്ന് തെളിയിക്കുകയാണ് ഫലം. അതേസമയം മെഹ്രാജിന്റെ വിജയത്തിൽ അദ്ദേഹത്തെ അഭിനന്ദിച്ച് അരവിന്ദ് കെജ്രിവാൾ പ്രതികരിച്ചു. 'സമർത്ഥമായൊരു വിജയം കാഴ്ചവെച്ച മെഹ്റാജ് മാലിക്കിനെ അഭിനന്ദിക്കുന്നു. മികച്ച പോരാട്ടമാണ് താങ്കൾ കാഴ്ചവെച്ചത്. അങ്ങനെ 5ാമത്തെ സംസ്ഥാനത്ത് കൂടി ആം ആദ്മിക്ക് എം എൽ എയെ ലഭിച്ചിരിക്കുന്നു', അരവിന്ദ് കെജ്രിവാൾ എക്സിൽ കുറിച്ചു.
അതേസമയം കനത്ത തിരിച്ചടിയാണ് ഹരിയാനയിൽ ആം ആദ്മി നേരിട്ടിരിക്കുന്നത്. കെജ്രിവാൾ ഉൾപ്പെടെ നേരിട്ട് ഇറങ്ങിയിട്ടും പാർട്ടി പരാജയം രുചിച്ചു. 1.76 ശതമാനം വോട്ട് മാത്രമാണ് പാർട്ടിക്ക് നേടാൻ സാധിച്ചത്. 2014 ലെ ലോക്സഭ തിരഞ്ഞെടുപ്പിലാണ് ഹരിയാനയിൽ ആദ്യ പോരാട്ടത്തിന് ആം ആദ്മി ഇറങ്ങിയത്. 10 സീറ്റിൽ പാർട്ടി മത്സരിച്ചെങ്കിലും പാർട്ടി സ്ഥാനാർത്ഥികൾക്ക് കെട്ടിവെച്ച കാശടക്കം നഷ്ടമായി. 4.2 ശതമാനം വോട്ട് വിഹിതമാണ് പാർട്ടിക്ക് ലഭിച്ചത്. 2019 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ 46 സീറ്റിൽ എ എ പി മത്സരിച്ചിരുന്നു. എന്നാൽ ഒരു ശതമാനം വോട്ട് വിഹിതം മാത്രമായിരുന്നു പാർട്ടിക്ക് ലഭിച്ചത്. ഇത്തവണ വോട്ട് ശതമാനത്തിൽ കാര്യമായ വർധനവ് ഉണ്ടാക്കാനായില്ലെന്ന് മാത്രമല്ല പ്രമുഖ നേതാക്കളടക്കം പരാജയപ്പെട്ടു.
ഹരിയാന തിരഞ്ഞെടുപ്പിൽ സഖ്യത്തിൽ കോൺഗ്രസും ആം ആദ്മിയും തുടക്കത്തിൽ ചർച്ച നടത്തിയിരുന്നുവെങ്കിലും സീറ്റ് വിഭജനം കല്ലുകടിയായി. ഇതോടെ സഖ്യചർച്ചകൾ അവസാനിപ്പിച്ച് ഇരുപാർട്ടികളും തനിക്ക് മത്സരിക്കുകയായിരുന്നു. അതേസമയം ഹരിയാനയിലെ കോൺഗ്രസിന്റെ കനാത്ത പരാജയത്തിന് കാരണം പാർട്ടി വോട്ടുകളിൽ ആം ആദ്മി വിള്ളൽ വീഴ്ത്തിയതാണെന്ന വിലയിരുത്തലുകൾ ശക്തമാകുന്നുണ്ട്.












Click it and Unblock the Notifications