ഗുജറാത്ത് പിടിക്കാൻ 'ആപ്പിന്' വേണ്ടി സന്ദീപ് പഥക് ഇറങ്ങും; പഞ്ചാബ് പിടിച്ച തന്ത്രജ്ഞൻ
ദില്ലി; പഞ്ചാബ് നിയമസഭ തിരഞ്ഞെടുപ്പ് വിജയത്തോടെ ബി ജെ പി കോട്ടയായ ഗുജറാത്ത് ലക്ഷ്യം വെച്ചുള്ള നീക്കത്തിലാണ് ആം ആദ്മി പാർട്ടി. നേരത്തേ സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പിൽ മുന്നേറാൻ ആം ആദ്മിക്ക് സാധിച്ചിരുന്നു. സൂറത്ത് മുനിസിപ്പൽ കോർപറേഷൻ തിരഞ്ഞെടുപ്പിലായിരുന്നു ആം ആദ്മി ഞെട്ടിക്കുന്ന പ്രകടനം കാഴ്ച വെച്ചത്. സാധരണ ബി ജെ പിയും കോൺഗ്സും നേർക്ക് നേർ പോരാടുന്ന തിരഞ്ഞെടുപ്പില്‍ 27 സീറ്റുകളിലായിരുന്നു ആം ആദ്മിയുടെ വിജയം. 28. 58 ശതമാനം വോട്ട് നേടാനും ആപ്പിന് സാധിച്ചിരുന്നു. ഈ ആത്മവിശ്വാസം കൈമുതലാക്കിയാണ് 'ആപ്പിന്റെ' നീക്കം.മോദിയടെ തട്ടകത്തിൽ തന്ത്രങ്ങൾ മെനയാൻ പഞ്ചാബ് പിടിക്കാൻ ആപ്പിനെ തുണച്ച ഡോ സന്ദീപ് പഥകിനെയാണ് ആം ആദ്മി ചുമതലപ്പെടുത്തിയിരിക്കുന്നത്.

2017 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ 20 സീറ്റുകൾ നേടിയ ആം ആദ്മി പാർട്ടി 92 സീറ്റുകൾ നേടി ചരിത്ര വിജയം കുറിച്ചതിൻറെ ഞെട്ടൽ കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികൾക്ക് ഇപ്പോഴും മാറിയിട്ടില്ല. തിരഞ്ഞെടുപ്പിന് മുൻപേ തന്നെ ആം ആദ്മി വിജയിക്കുമെന്ന് അഭിപ്രായ സർവ്വേകൾ പ്രവചിക്കുമ്പോഴും ഇതുപോലൊരു കൂറ്റൻ വിജയം പാർട്ടി നേതൃത്വം പോലും സ്വപ്നം കണ്ട് കാണില്ല. ചിട്ടയായ പ്രവർത്തനമാണ് കൂറ്റൻ മുന്നേറ്റത്തിന് തുണച്ചതെന്ന് നേതൃത്വം പറയുന്നു, ഇതിന് പിന്നിൽ പ്രവർത്തിച്ചതാകട്ടെ ഡൽഹി ഐഐടിയിലെ ഫിസിക്സ് പ്രഫസറായിരുന്ന ഡോ സന്ദീപ് പഥകും.

ബൂത്ത് തലം മുതൽ പാർട്ടിയെ കെട്ടിപടുക്കുന്നതിൽ നിർണായക പങ്കാണ് സന്ദീപ് പഥക് വഹിച്ചത്. മാത്രമല്ല വീടു വീടാന്തരം കയറി ഇറങ്ങിയ പ്രചരണവും മികച്ച രീതിയിൽ അദ്ദേഹം നടപ്പാക്കി. നേരത്തേ ദില്ലിയിൽ ആപിന്റെ വിജയത്തിന് പ്രവർത്തിച്ചതും സന്ദീപ് തന്നെയായിരുന്നു. ബി ജെ പി കോട്ടയായ ഗുജറാത്ത് ഇളക്കി മറിക്കാനും സന്ദീപിനെ തന്നെയാണ് നേതൃത്വം ഏൽപ്പിച്ചിരിക്കുന്നത്. ബി ജെ പിയുടെ ഗുജറാത്തിൽ അധികാരം പിടിക്കാനാകുമെന്ന പ്രതീക്ഷ ആം ആദ്മിക്ക് ഇല്ല. എന്നിരുന്നാലും പരമാവധി വോട്ടുകൾ പെട്ടിയിലാക്കുകയെന്നതാണ് പാർട്ടിയുടെ ലക്ഷ്യം. കോൺഗ്രസിന് പകരം പ്രധാന പ്രതിപക്ഷമാകാൻ തങ്ങൾക്ക് സാധിക്കുമെന്നും ആം ആദ്മി കരുതുന്നുണ്ട്

ഇതിനായി വൻ ഒരുക്കങ്ങൾ തന്നെ ആം ആദ്മി നടത്തുന്നുണ്ട് പ്രത്യേക മാനേജ്മെന്റ് വിദഗ്ദരാണ് തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ തയ്യാറാക്കുന്നത്. ബൂത്ത് തലത്തിൽ നിന്നും പ്രത്യേക ഏജൻസികളുടെ സഹായത്തോടെ വിവരങ്ങൾ ശേഖരിച്ച് കൊണ്ടായിരിക്കും പ്രവർത്തനം. ജനസംഖ്യ, സ്ഥിതി വിവര കണക്കുകൾ ഉൾപ്പെടെയുള്ളവ ശേഖരിച്ച് കൊണ്ടായിരിക്കും തിരഞ്ഞെടുപ്പിനെ നേരിടാനുള്ള പദ്ധതികൾ ആവിഷ്കരിക്കുന്നത്. തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഏപ്രിലിൽ ഗുജറാത്തിൽ എഎപി 'തിരംഗ യാത്ര' ആരംഭിക്കുന്നുണ്ട്. ഗുജറാത്തിലെ എല്ലാ ജില്ലകളിലെയും ഗ്രാമപഞ്ചായത്തുകളിലൂടെ സഞ്ചരിക്കുന്ന തരത്തിലാണ് യാത്ര നിശ്ചയിച്ചിരിക്കുന്നത്.

അതിനിടെ കോൺഗ്രസിൽ നിന്നും ബി ജെ പിയിൽ നിന്നും പ്രമുഖരെ പാർട്ടിയിൽ എത്തിക്കാനുള്ള ശ്രമങ്ങളും ആം ആദ്മി നടത്തുന്നുണ്ട്. മികച്ച നേതാക്കളെ ഉയർത്തിക്കാട്ടിയാൽ മാത്രമേ പിടിച്ച് നിൽക്കാൻ സാധിക്കുവെന്ന് നേതൃത്വം കണക്ക് കൂട്ടുന്നുണ്ട്. അതേസമയം ആം ആദ്മിയുടെ വരവ് കോൺഗ്രസ്, ബി ജെ പി ക്യാമ്പുകളെ ആശങ്കപ്പെടുത്തുന്നുണ്ടെന്ന കാര്യത്തിൽ തർക്കമില്ല. ഈ സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് വേഗത കൂട്ടുകയാണ് ഇരു പാർട്ടികളും. പ്രധാനമന്ത്രി ഉൾപ്പെടെയുള്ള അണിനിരത്തിയുള്ള പ്രചരണങ്ങളാണ് ബി ജെ പി ഒരുക്കുന്നത്. കോൺഗ്രസ് ക്യാമ്പും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ആരംഭിക്കണമെന്ന നിർദ്ദേശം സംസ്ഥാന നേതൃത്വത്തിന് നൽകി കഴിഞ്ഞു.












Click it and Unblock the Notifications