പഞ്ചാബില്‍ എഎപി പണി തുടങ്ങി; കോണ്‍ഗ്രസ് നേതാക്കളുടെ സുരക്ഷ പിന്‍വലിച്ചു
ചണ്ഡീഗഡ്: കോണ്‍ഗ്രസിനെ പരാജയപ്പെടുത്തി പഞ്ചാബിന്റെ ഭരണം പിടിച്ച ആം ആദ്മി പാര്‍ട്ടി 'ശുദ്ധികലശം' തുടങ്ങി. അധികാരമേല്‍ക്കും മുമ്പ് നിയുക്ത മുഖ്യമന്ത്രി ഭഗവന്ത്മന്‍ സിങ് ഭരണപരമായ നീക്കങ്ങള്‍ക്ക് തുടക്കമിട്ടു. എംപിമാര്‍ക്കും എല്‍എമാര്‍ക്കുമുള്ള സുരക്ഷ പിന്‍വലിക്കാന്‍ അദ്ദേഹം ഉത്തരവിട്ടു എന്നാണ് റിപ്പോര്‍ട്ടുകള്‍. സംസ്ഥാനത്തെ ഒട്ടേറെ വിവിഐപികളുടെ സുരക്ഷയും പിന്‍വലിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ബാദല്‍ കുടുംബത്തിന്റെ സുരക്ഷ പിന്‍വലിച്ചിട്ടില്ല. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരമാണ് ബാദല്‍ കുടുംബത്തിന് സുരക്ഷ നല്‍കുന്നത്. അതേസമയം, മുന്‍ മുഖ്യമന്ത്രിമാരായ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്, ചരഞ്ജിത് ചന്നി, മറ്റു നിരവധി കോണ്‍ഗ്രസ്, അകാലിദള്‍ നേതാക്കള്‍ എന്നിവരുടെ സുരക്ഷ പിന്‍വലിക്കാനാണ് നിര്‍ദേശം.

അതിനിടെ, എഎപി നേതാവ് ഭഗവന്ത് മന്‍ സിങ് ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ചു. ഗവര്‍ണര്‍ ഭന്‍വാരിലാല്‍ പുരോഹിതുമായി ചര്‍ച്ച നടത്തി. എംഎല്‍എമാരുടെ പിന്തുണ തെളിയിക്കുന്ന രേഖ കൈമാറി. സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ചു. സത്യപ്രതിജ്ഞാ ചടങ്ങ് എവിടെ നടത്താനാണ് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. ശഹീദ് ഭഗത് സിങിന്റെ ജന്മാനാടായ ഖട്കര്‍ കലനില്‍ മാര്‍ച്ച് 16ന് ഉച്ചയ്ക്ക് 12.30നാണ് സത്യപ്രതിജ്ഞ എന്നും ഭഗവന്ത് മന്‍ സിങ് പ്രതികരിച്ചു.
117 അംഗ നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ മികച്ച പ്രകടനമാണ് എഎപി കാഴ്ചവച്ചത്. 92 സീറ്റുകള്‍ പാര്‍ട്ടി നേടി. കോണ്‍ഗ്രസ്, ശിരോമണി അകാലിദള്‍, ബിഎസ്പി, ബിജെപി എന്നീ പാര്‍ട്ടികള്‍ക്കെതിരെയാണ് എഎപി മല്‍സരിച്ചത്. ചരഞ്ജിത് ചന്നി, പര്‍കാശ് സിങ് ബാദല്‍, അമരീന്ദര്‍ സിങ് തുടങ്ങി പ്രമുഖര്‍ തോറ്റിടത്താണ് പുതുമുഖമായ ഭഗവന്ത് മന്‍ സിങ് മുഖ്യമന്ത്രിയാകാന്‍ പോകുന്നത്.












Click it and Unblock the Notifications