തെരഞ്ഞെടുപ്പ് കമ്മീഷനെ തെറിവിളിച്ച് എഎപി; പുതിയ തലവന്‍ ബിജെപിയുടെ സ്വന്തക്കാരന്‍!
ദില്ലി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെയും അതിന്റെ തലവനെയും രൂക്ഷമായി വിമര്‍ശിച്ച് ആം ആദ്മി പാര്‍ട്ടി. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഖാപ്പ് പഞ്ചായത്താണെന്നും പുതിയ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഒപി റാവത്ത് ബിജെപിയുടെ സ്വന്തം ആളാണെന്നും എഎപി വക്താവ് രാഘവ് ചദ്ധ കുറ്റപ്പെടുത്തി. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ ഉള്‍പ്പെടെ ബിജെപിയുമായി അടുത്ത ബന്ധമുള്ളയാളാണ് റാവത്ത്.
ഈ ആരോപണം ഉയര്‍ന്ന ശേഷം ഇരട്ടപ്പദവി വിവാദത്തില്‍ അയോഗ്യരാക്കപ്പെട്ട 20 എഎപി എംഎല്‍എമാരുമായി ബന്ധപ്പെട്ട കേസ് കേള്‍ക്കുന്നതില്‍ നിന്ന് അദ്ദേഹം അയോഗ്യനാക്കപ്പെട്ടിരുന്നതായും വക്താവ് പറഞ്ഞു. എന്നാല്‍ പാര്‍ട്ടിയെയോ എംഎല്‍എമാരെയോ അറിയിക്കാതെയാണ് ആറു മാസം മുമ്പ് അദ്ദേഹം കേസിന്റെ ഭാഗമായത്.

ഒരിക്കല്‍ കേസ് പരിഗണിക്കുന്നതില്‍ നിന്ന് അയോഗ്യനാക്കപ്പെട്ട ഒരു ജഡ്ജി പിന്നീട് വളഞ്ഞവഴിയിലൂടെ നുഴഞ്ഞുകയറുന്നത് ഇന്ത്യയുടെ ചരിത്രത്തിലാദ്യമാണെന്നും വക്താവ് പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഖാപ്പ് പഞ്ചായത്തിനെ പോലെയാണ് പ്രവര്‍ത്തിക്കുന്നത്. എതിര്‍ കക്ഷിയുടെ വാദം കേള്‍ക്കാതെയാണ് കമ്മീഷന്‍ വിധി പ്രഖ്യാപിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എഎപി എംഎല്‍എമാര്‍ക്ക് ഹിയറിംഗിനുള്ള സമയം അനുവദിച്ചിട്ടില്ലെന്ന് നേരത്തേ എഎപിയുടെ രാജ്യസഭാ എംപിമായി തെരഞ്ഞെടുക്കപ്പെട്ട സഞ്ജയ് സിംഗ് പറഞ്ഞിരുന്നു. പഞ്ചാബ്-ഹരിയാന ഹൈക്കോടതി പാര്‍ലമെന്ററി സെക്രട്ടറിമാരുടെ നിയമനം റദ്ദാക്കിയപ്പോള്‍ എംഎല്‍എമാരെ അയോഗ്യരാക്കിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ആംആദ്മി പാര്‍ട്ടി എംഎല്‍എമാര്‍ക്കെതിരായ നടപടി കൈക്കൊണ്ടത് മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ എകെ ജ്യോതിയായിരുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ താല്‍പര്യാര്‍ഥമാണ് അത് ചെയ്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തുകയുണ്ടായി.
ഇരട്ടപ്പദവി വിവാദത്തെ തുടര്‍ന്ന് 20 എഎപി എംഎല്‍എമാരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കഴിഞ്ഞ വെള്ളിയാഴ്ച അയോഗ്യരാക്കുകയും അത് രാഷ്ട്രപതി ശരിവയ്ക്കുകയും ചെയ്തിരുന്നു. 2015 മാര്‍ച്ച് 13 മുതല്‍ 2016 സപ്തംബര്‍ എട്ടു വരെ 21 എംഎല്‍എമാര്‍ പാര്‍ലമെന്ററി സെക്രട്ടറിയുടെ ചുമതല വഹിച്ചതാണ് അയോഗ്യതയിലേക്ക് നയിച്ചത്. അധികാരമേറ്റ് ഒരു മാസത്തിനുള്ളിലാണ് കെജ്രിവാള്‍ സര്‍ക്കാര്‍ എംഎല്‍എമാരെ പാര്‍ലമെന്ററി സെക്രട്ടറിമാരായി നിയമിച്ചത്. പാര്‍ലമെന്ററി സെക്രട്ടറിമാരുടേത് പ്രതിഫലം പറ്റുന്ന പദവിയാണെന്നും അതിനാല്‍ ഇവരെ അയോഗ്യരാക്കണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകനായ പ്രശാന്ത് പട്ടേല്‍ 2016ല്‍ രാഷ്ട്രപതിക്കു കത്തുനല്‍കുകയായിരുന്നു.












Click it and Unblock the Notifications