രാഹുല്‍ ചെയ്യുന്നത് മോദിക്ക് ഗുണമുള്ള കാര്യങ്ങള്‍ മാത്രം: ഇന്ത്യാ സഖ്യം വിട്ട് എഎപി
ഡല്‍ഹി: പ്രതിപക്ഷ സഖ്യമായ ഇന്ത്യാ മുന്നണിയുമായുള്ള ബന്ധം അവസാനിപ്പിച്ച് അരവിന്ദ് കെജ്രിവാള്‍ നേതൃത്വം നല്‍കുന്ന എ എ പി. കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമർശനം ഉയർത്തിക്കൊണ്ടാണ് എ എ പി സഖ്യം വിട്ടിരിക്കുന്നത്. കോണ്‍ഗ്രസ് ബി ജെ പിയുമായി രഹസ്യമായി ബന്ധം പുലർത്തുകയാണെന്നും രണ്ട് പാർട്ടികളും തമ്മില്‍ അഴിമതിയുടെ കാര്യത്തില്‍ ഒറ്റക്കെട്ടാണെന്നും എ എ പി പ്രസ്താവനയിലൂടെ വ്യക്തമാക്കുന്നു.
ഇന്ത്യാ സഖ്യം 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിനായി മാത്രം രൂപീകരിച്ചതാണെന്നും, അതിന്റെ ലക്ഷ്യം പൂർത്തീകരിച്ചുവെന്നും എ എ പി പ്രസ്താവനയില്‍ പറയുന്നുണ്ട്. തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാർട്ടികള്‍ക്ക് 240 സീറ്റുകള്‍ നേടാന്‍ സാധിച്ചു. ഇത് പ്രധാനപ്പെട്ട ഒരു നേട്ടമാണ്. അതില്‍ തങ്ങള്‍ക്കും നിർണ്ണായകമായ പങ്കുണ്ടെന്നും എ എ പി വാദിക്കുന്നു.

കോൺഗ്രസിന്റെ ദുർബലമായ രാഷ്ട്രീയം ബി ജെ പിയെ ശക്തിപ്പെടുത്തുകയും ബി ജെ പിയുടെ ഭരണം കോൺഗ്രസിന്റെ അഴിമതിയെ മറയ്ക്കുകയും ചെയ്യുന്നുവെന്ന് എ എ പിയുടെ മീഡിയ ഇൻ-ചാർജ് ദിനേഷ് ധൻഡയും ആരോപിക്കുന്നു. പരസ്പരം ഗുണം ചെയ്യുന്ന ഒരു രഹസ്യ ബന്ധ്യം ബി ജെ പിയും കോണ്‍ഗ്രസും തമ്മില്‍ നിലനില്‍ക്കുന്നുണ്ട്. ഇരു പാർട്ടികളും പരസ്പരം ശക്തിപ്പെടുത്തുന്ന രീതിയിൽ പ്രവർത്തിക്കുന്നു. ഒരു പ്രതിപക്ഷ പാർട്ടി എന്ന നിലയില്‍ കോണ്‍ഗ്രസ് അതീവ ദുർബലമാണെന്നും അദ്ദേഹം പറഞ്ഞു.
'യഥാർത്ഥ സഖ്യം ബി ജെ പിയും കോൺഗ്രസും തമ്മിലുള്ളതാണ്. മോദിക്ക് രാഷ്ട്രീയമായി ഗുണം ചെയ്യുന്ന കാര്യങ്ങൾ മാത്രമാണ് രാഹുൽ ഗാന്ധി പറയുന്നത്. പകരമായി, ഗാന്ധി കുടുംബത്തെ ജയിലിൽ പോകുന്നതിൽ നിന്ന് മോദി രക്ഷിക്കുന്നു. സ്‌കൂളുകൾ, ആശുപത്രികൾ, വൈദ്യുതി, വെള്ളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ നാട്ടുകാർക്ക് ഒരുക്കുന്നതിൽ ഇരുവർക്കും താൽപ്പര്യമില്ല," അനുരാഗ് ധണ്ട എക്‌സിൽ കുറിച്ചു.
വരാനിരിക്കുന്ന ബിഹാർ തിരഞ്ഞെടുപ്പില്‍ തനിച്ച് മത്സരിക്കുമെന്നും എ എ പി വ്യക്തമാക്കുന്നു. ഇന്ത്യാ ബ്ലോക്കിന്റെ ഭാഗമായി തുടരുന്നതിനുപകരം, എഎപി സ്വന്തം ശക്തിയിൽ തിരഞ്ഞെടുപ്പുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കും. ഈ തീരുമാനം, 2024-ലെ തിരഞ്ഞെടുപ്പിൽ ഡൽഹിയിലും പഞ്ചാബിലും കോൺഗ്രസുമായുള്ള സഖ്യം നിരാശാജനകമായ ഫലങ്ങൾ നൽകിയതിന്റെ പശ്ചാത്തലത്തിലാണെന്നും പാർട്ടി നേതൃത്വം വ്യക്തമാക്കുന്നു. 2024 ജൂണില്‍ തന്നെ അന്നത്തെ എഎപി മന്ത്രി ഗോപാൽ റായ്, കോൺഗ്രസുമായുള്ള ബന്ധം അവസാനിച്ചുവെന്ന് പ്രഖ്യാപിച്ചിരുന്നു.
പഹൽഗാം ഭീകരാക്രമണത്തെത്തുടർന്നുള്ള സംഭവവികാസങ്ങൾ ചർച്ച ചെയ്യാൻ പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ഉൾപ്പെടെ 16 പ്രതിപക്ഷ പാർട്ടികൾ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയിരുന്നു. ഇതില്‍ ഒപ്പിടാതിരുന്ന എ എ പി സമാനമായ ആവശ്യം പ്രത്യേകമായി ഉന്നയിച്ചു. ഇതോടെ തന്നെ സഖ്യത്തിലെ പ്രശ്നങ്ങള്‍ മറനീക്കി പുറത്ത് വന്നിരുന്നു.
സഖ്യത്തിനുള്ളില്‍ കോണ്‍ഗ്രസും എ എ പിയും തമ്മില്‍ നേരത്തെ തന്നെ വലിയ രീതിയുള്ള സംഘർഷങ്ങള്‍ നിലനിന്നിരുന്നു. 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ, ഡൽഹിയിലും പഞ്ചാബിലും എ എ പിയും കോൺഗ്രസും തമ്മിൽ സീറ്റ് വിഭജനം നടത്തിയിരുന്നെങ്കിലും സഖ്യം വിജയകരമായിരുന്നില്ല. ഡല്‍ഹിയില്‍ ബി ജെ പി മുഴുവന്‍ സീറ്റിലും വിജയിച്ചപ്പോള്‍ പഞ്ചാബില്‍ കോണ്‍ഗ്രസ് ഏഴ് സീറ്റിലും എ എ പി മൂന്ന് സീറ്റിലുമായിരുന്നു വിജയിച്ചത്. എന്നാല്‍ തൊട്ടുപിന്നാലെ നടന്ന ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പില്‍ ഇരു പാർട്ടികളും ഒറ്റക്ക് മത്സരിക്കുകയും ബി ജെ പി രാജ്യതലസ്ഥാനത്ത് ഭരണം നേടുകയും ചെയ്തു.












Click it and Unblock the Notifications