സ്ഥാനാര്‍ഥിക്ക് ആം ആദ്മിയുടെ ക്ലീന്‍ ചിറ്റ്
ദില്ലി: കൈക്കൂലി വീഡിയോ കേസില്‍ പെട്ട പാര്‍ട്ടി സ്ഥാനാര്‍ഥിക്ക് ആം ആദ്മി പാര്‍ട്ടിയുടെ ക്ലീന്‍ ചിറ്റ്. ഒരു കമ്പനിക്കെതിരെ അപവാദ പ്രചരണം നടത്താന്‍ വേണ്ടി 15 ലക്ഷം രൂപ കൈപ്പറ്റിയ വിവാദത്തില്‍പ്പെട്ട ഷാസിയാ ഇല്‍മി എന്ന സ്ഥാനാര്‍ഥിക്കാണ് എ എ പി ക്ലീന്‍ ചിറ്റ് നല്‍കിയത്. പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാളും സംഘവും പത്രസമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്.
ഷാസിയാ ഇല്‍മി ഒളിക്യാമറയില്‍ പെട്ട ദൃശ്യങ്ങളടങ്ങി വീഡിയോ കെട്ടിച്ചമച്ചതാണ് എന്ന ആരോപണം കെജ്രിവാളും സംഘവും ആവര്‍ത്തിച്ചു. വീഡിയോ ദൃശ്യങ്ങള്‍ പ്രസിദ്ധീകരിച്ച വെബ്‌സൈറ്റിനെതിരെ മാനനഷ്ടത്തിന് കേസുകൊടുക്കാനാണ് ആം ആദ്മി പാര്‍ട്ടിയുടെ തീരുമാനം.

ആം ആദ്മി പാര്‍ട്ടിയെ കരിവാരിത്തേക്കാനും സംശയത്തിന്റെ നിഴലില്‍ നിര്‍ത്താനും വേണ്ടി ബോധപൂര്‍വ്വം കെട്ടിച്ചമച്ച വീഡിയോ ആണിത്. ഇതിന്റെ പല ഭാഗങ്ങളും മുറിച്ചുമാറ്റിയും വെട്ടിയൊട്ടിച്ചതുമാണ്. വീഡിയോയുടെ പൂര്‍ണരൂപം പുറത്തുവിടണമെന്നും എ എ പി ആവശ്യപ്പെട്ടു.
ഈ വീഡിയോയില്‍ പെട്ടിട്ടുള്ള മുഴുവന്‍ നേതാക്കളും നിരപരാധിത്വം തെളിയിച്ച് പുറത്തുവരും - കെജ്രിവാള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. നിയമസഭ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥിയടക്കമുള്ളവര്‍ കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത് ആം ആദ്മി പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയിരുന്നു.
എ എ പിയുടെ ആവശ്യം നിരാകരിച്ച വെബ്‌സൈറ്റ് ഉടമകള്‍ വീഡിയോയുടെ പൂര്‍ണരൂപം തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയിട്ടുണ്ട്. ഒരു കമ്പനിക്കെതിരെ അപവാദ പ്രചരണം നടത്താന്‍ വേണ്ടിയാണ് എ എ പിയുടെ സ്ഥാനാര്‍ഥി 15 ലക്ഷം രൂപ വാങ്ങി എന്നാണ് ആരോപണം. വാങ്ങിയ പണത്തിന് രസീത് നല്‍കില്ലെന്നും അത് വളണ്ടിയര്‍മാരുടെ സ്‌റ്റൈപ്പന്‍ഡിനായി ചെലവഴിക്കും എന്ന് ഇവര്‍ പറയുന്നതായും വീഡിയോയിലുണ്ട്.












Click it and Unblock the Notifications