'ഡൽഹിയിലെ സ്ത്രീകൾ വഞ്ചിക്കപ്പെട്ടു'; ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്ക് കത്തെഴുതി അതിഷി
ഡൽഹി: ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്ക് കത്തെഴുതി എഎപി നേതാവ് അതിഷി. വ്യാഴാഴ്ച നടന്ന ആദ്യ ക്യാബിനറ്റ് യോഗത്തിൽ സ്ത്രീകൾക്ക് വാഗ്ദാനം ചെയ്ത് ധനസഹായ പദ്ധതി പാസാക്കാത്തത് ബിജെപി സർക്കാരിന്റെ പരാജയമാണെന്ന് അതിഷി പറഞ്ഞു.
ഡൽഹിയിലെ സ്ത്രീകൾക്ക് പ്രതിമാസം 2500 രൂപ നൽകുന്ന പദ്ധതി നടപ്പാക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ ഞായാറാഴ്ച ആം ആദ്മി പാർട്ടി ലെജിസ്ലേച്ചർ പാർട്ടിക്കൊപ്പം രേഖ ഗുപ്തയെ കാണാൻ അതിഷി കത്തിൽ ആവശ്യപ്പെട്ടു.

" ഡൽഹി മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് ആദ്യം താങ്കൾക്ക് ഹൃഗയംഗമമായ അഭിനന്ദനങ്ങൾ" എന്ന് അതിഷിയുടെ കത്തിൽ പറയുന്നു. ബി ജെ പി സർക്കാർ രൂപീകരിച്ചതിന് ശേഷം പ്രതിമാസം 2500 രൂപ വീതം നൽകുന്ന പദ്ധതി 2025 ജനുവരി 31 ന് സംഘടിപ്പിച്ച റാലിയിൽ ബി ജെ പി പാർട്ടി നേതാവും രാജ്യത്തിന്റെ പ്രധാനമന്ത്രിയുമായ ശ്രീ നരേന്ദ്ര മോദി ജി ഡൽഹിയിലെ അമ്മമാർക്കും സഹോദരിമാർക്കും ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ വാഗ്ദാനം ചെയ്തിരുന്നു. ഇത് മോദിയുടെ ഉറപ്പാണ്.
ബി ജെ പിയുടെ നേതൃത്വത്തിലുള്ള ഡൽഹി സർക്കാർ ഫെബ്രുവരി 20 ന് ആദ്യ മന്ത്രിസഭാ യോഗം ചേർന്നെങ്കിലും പദ്ധതി പാസാക്കിയില്ലെന്നും അവർ പറഞ്ഞു. " ഡൽഹിയുടെ അമ്മമാരും സഹോദരിമാരും മോദിജിയുടെ ഉറപ്പിൽ വിശ്വസിച്ചിരുന്നു. ഇപ്പോൾ അവർ വഞ്ചിക്കപ്പെട്ടതായി തോന്നുന്നു " അവർ കൂട്ടിച്ചേർത്തു.
എ എ പി പ്രതിനിധി സംഘത്തെ ഞായറാഴ്ച കാണണമെന്നും അവരുടെ ആശങ്കകൾ പരിഹരിക്കാനും പദ്ധതിയിൽ കൃത്യമായ നടപടി സ്വീകരിക്കാനും അതിഷി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ഡൽഹി തിരഞ്ഞെടുപ്പിൽ കൽക്കാജി നിയമസഭാ മണ്ഡലത്തിൽ നിന്ന് ബി ജെ പിയുടെ രമേഷ് ബിധുരിയെ തോൽപ്പിച്ച് വിജയിച്ച അതിഷി, തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൽ പാലിക്കുന്നതിൽ ഭരണകക്ഷി പരാജയപ്പെട്ടതായി ഇന്നലെയും വാർത്താ സമ്മേളനത്തിൽ വിമർശിച്ചിരുന്നു.
ഡൽഹി തിരഞ്ഞെടുപ്പിന് മുമ്പ് പ്രധാനമന്ത്രി മോദിയും ബി ജെ പി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയും പദ്ധതിക്ക് ആദ്യ മന്ത്രി സഭാ യോഗത്തിൽ അംഗീകാരം നൽകുമെന്നും അർഹതയുള്ള ഓരോ സ്ത്രീക്കും മാർച്ച് എട്ടിനകം അവരുടെ ബാങ്ക് അക്കൗണ്ടിൽ 2500 രൂപ ലഭിക്കുമെന്നും ഉറപ്പ് നൽകിയിരുന്നു. പ്രധാനമന്ത്രി മോദിയും എം എസ് ഗുപ്തയും അടങ്ങുന്ന പ്രചാരണ പോസ്റ്ററുകൾ പ്രദർശിപ്പിച്ച അതിഷി വാഗ്ദാനം ചെയ്ത് സാമ്പത്തിക സഹായം എപ്പോൾ നിക്ഷേപിക്കുമെന്ന് വ്യക്തമാക്കാൻ ബി ജെ പിയെ വെല്ലുവിളിച്ചു.












Click it and Unblock the Notifications