യോഗേന്ദ്ര യാദവിന്റെ മുഖത്ത് മഷിയൊഴിച്ചു
ദില്ലി: ആം ആദ്മി വക്താവ് യോഗേന്ദ്ര യാദവിന്റെ മുഖത്ത് ചെറുപ്പക്കാരന്‍ മഷിയൊഴിച്ചു. ജന്തര്‍ മന്ദിറില്‍ യാദവ് പ്രസംഗിച്ചുകൊണ്ടിരിക്കേ പിന്നിലൂടെ എത്തിയാണ് ഒരാള്‍ യോഗേന്ദ്ര യാദവിന്റെ മുഖത്ത് മഷിയൊഴിച്ചത്. ശനിയാഴ്ച വനിതാ ദിനാഘോഷത്തിനിടെയായിരുന്നു ആക്രമണം.
എന്നാല്‍ മുഖത്ത് മഷിയൊഴിച്ച സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കാന്‍ യോഗേന്ദ്ര യാദവ് വിസമ്മതിച്ചു. ആരാണ് ആക്രമണത്തിന് പിന്നിലെന്ന് അറിയില്ല. മുഖത്ത് മഷിയൊഴിച്ചതില്‍ വിഷമമില്ല. ആരാണ് ആക്രമിച്ചത് എന്നറിയാതെ പരാതി പറയുന്നത് ശരിയല്ല. അയാള്‍ക്ക് നല്ല ബുദ്ധി തോന്നണേ എന്ന് മാത്രമേ പറയാനുള്ളൂ.

യോഗേന്ദ്ര യാദവിന്റെ പിന്നിലൂടെ എത്തിയാണ് ചെറുപ്പക്കാരന്‍ മഷിയൊഴിച്ചത്. ആം ആദ്മി പാര്‍ട്ടിയുടെ തൊപ്പി ധരിച്ചെത്തിയ സാഗര്‍ ഭണ്ഡാരി എന്ന ചെറുപ്പക്കാരനാണ് യാദവിനെ ആക്രമിച്ചത്. ജയ് മാതാ ദി എന്ന മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് ഇയാള്‍ വേദിയിലേക്ക് കയറിയത്. പോലീസ് പിടികൂടിയ ഭണ്ഡാരിയെ വൈദ്യ പരിശോധനയ്കായി ആര്‍ എം എല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
യോഗേന്ദ്ര യാദവിന്റെ മുഖത്ത് മഷിയൊഴിച്ച സംഭവത്തെ കോണ്‍ഗ്രസ് വക്താവ് ദിഗ് വിജയ് സിംഗ് അപലപപിച്ചു. ഇത്തരം ആക്രമണങ്ങളെ ഒരിക്കലും അംഗീകരിക്കാനാവില്ല. കഴിഞ്ഞ ദിവസം സഹാറ ഗ്രൂപ്പ് മേധാവി സുബ്രതോ റോയിക്കെതിരെയും സമാനമായ രീതിയില്‍ ആക്രമണം ഉണ്ടായിരുന്നു. ബി ജെ പി പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് ആം ആദ്മി പാര്‍ട്ടിക്കാര്‍ ആരോപിച്ചു.












Click it and Unblock the Notifications