എഎപിയുടെ എംപി രാഘവ് ചദ്ദയ്ക്ക് രാജ്യസഭയില്‍ സസ്‌പെന്‍ഷന്‍, കാരണം ഇതാണ്
ന്യൂഡല്‍ഹി: ആംആദ്മി പാര്‍ട്ടിയുടെ രാജ്യസഭാ എംപി രാഘവ് ചദ്ദയ്ക്ക് സഭയില്‍ സസ്‌പെന്‍ഷന്‍. അവകാശ ലംഘനത്തെ തുടര്‍ന്നാണ് നടപടി നേരിട്ടത്. സഭയിലെ നാല് അംഗങ്ങളുടെ പേര് അവരുടെ അനുമതി കൂടാതെ പരാമര്‍ശിച്ചതിനാണ് നടപടി നേരിട്ടത്. പിയൂഷ് ഗോയലാണ് രാഘവിനെതിരെ സസ്‌പെന്‍ഷന് പ്രമേയം കൊണ്ടുവന്നത്. അവകാശ ലംഘനങ്ങളുടെ കാര്യത്തില്‍ പ്രിവിലേജ് കമ്മിറ്റി അവരുടെ കണ്ടെത്തലുകള്‍ നടത്തുന്നത് വരെയാണ് സസ്‌പെന്‍ഷന്‍ കാലാവധി.
തീര്‍ത്തും സഭയുടെ മാന്യതയ്ക്ക് ധാര്‍മികതയ്ക്ക് നിരക്കാത്ത തരത്തിലാണ് രാഘവ് ചദ്ദ പെരുമാറിയതെന്ന് ഗോയല്‍ ആരോപിച്ചു. എംപിമാരായ സസ്മിത് പത്ര, പാങ്ങ്‌നോണ്‍ കോന്യാക്, തമ്പിദുരൈ, നര്‍ഹാരി അമിന്‍ എന്നിവരാണ് രാജ്യസഭാ ചെയര്‍മാന് പരാതി നല്‍കിയത്.രാഘവ് ചദ്ദയുടെ നടപടിയില്‍ ആറ് അംഗങ്ങളുടെ അതൃപ്തിയിലാണ്. അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍ ഇവരെ വേദനിപ്പിച്ചിരിക്കുകയാണ്. അവര്‍ക്ക് നീതിയാണ് ആവശ്യമെന്ന് പിയുഷ് ഗോയല്‍ പറഞ്ഞു.

നേരത്തെ ഡല്‍ഹി ഭേദഗതി ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്നായിരുന്നു ചദ്ദയുടെ ആവശ്യം. നാല് എംപിമാരുടെ പേര് അതിനായി അദ്ദേഹം പരാമര്‍ശിച്ചിരുന്നു. ഇതാണ് സസ്‌പെന്‍ഷനിലേക്ക് നയിച്ചിരിക്കുന്നത്. നേരത്തെ എഎപിയുടെ എംപി സഞ്ജയ് സിംഗിനും സസ്‌പെന്‍ഷന്‍ ലഭിച്ചിരുന്നു. കഴിഞ്ഞ ദിവസം ഇതിന്റെ കാലാവധിയും നീട്ടിയിരുന്നു. പ്രിവിലേജ് കമ്മിറ്റി പരാതിയില്‍ തീരുമാനമെടുക്കുന്നത് വരെയാണ് സസ്‌പെന്‍ഷന്‍ നീട്ടിയത്.
സഞ്ജയ് സിംഗ് കടുത്ത എതിര്‍പ്പാണ് കാഴ്ച്ചവെച്ചത്. ചേംബര്‍ വിട്ടുപോയില്ല. അതിലൂടെ സഭയുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടു. അതില്‍ അദ്ദേഹത്തിന് പശ്ചാത്താപമില്ല. സ്വന്തം നടപടിയെ ന്യായീകരിക്കുകയാണ് അദ്ദേഹം ചെയ്തതെന്നും ഗോയല്‍ പറഞ്ഞു. രാഘവ് ചദ്ദ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെ കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ബിജെപി എന്നെ ടാര്‍ഗറ്റ് ചെയ്യുകയാണ്. 34കാരനായ ഒരു എംപി അവരുടെ ഉന്നത നേതാക്കളെ വിമര്‍ശിക്കുന്നത് അംഗീകരിക്കാന്‍ അവര്‍ക്ക് സാധിക്കുന്നില്ല. ആരുടെ എങ്കിലും ഒപ്പ് താന്‍ വ്യാജമായി ഇട്ടതാണെന്ന് തെളിയിക്കാന്‍ ബിജെപി നേതാക്കളെ അദ്ദേഹം വെല്ലുവിളിക്കുകയും ചെയ്തു.
നുണ ആയിരം തവണ ആവര്‍ത്തിക്കുന്നതാണ് ബിജെപിയുടെ ശൈലി. അതിലൂടെ നുണ സത്യമാകുമെന്നാണ് അവര്‍ കരുതുന്നത്. അതുപോലെ വ്യാജമായ കാര്യങ്ങളാണ് എനിക്കെതിരെ അവര്‍ പ്രചരിപ്പിക്കുന്നതെന്നും ചദ്ദ പറഞ്ഞു. പാര്‍ലമെന്റ് അംഗങ്ങളുടെ പേര് സെലക്ട് കമ്മിറ്റിക്ക് നിര്‍ദേശിക്കുന്നതിന് ആരുടെയും അനുമതിയോ ഒപ്പോ ആവശ്യമില്ലെന്നും രാഘവ് ഛദ്ദ പറഞ്ഞു.
ഒരു വിവാദ ബില്‍ സഭയില്‍ വരുമ്പോള്‍, വോട്ടെടുപ്പിന് മുമ്പ് അതില്‍ ചര്‍ച്ച വേണമെന്ന് പാര്‍ലമെന്റ് അംഗത്തിന് ആവശ്യപ്പെടാം. ആ ബില്‍ സെലക്ട് കമ്മിറ്റി വിടണമെന്നും നിര്‍ദേശിക്കാം. അതിന് വേണ്ടി എംപിമാരുടെ പേരും നിര്‍ദേശിക്കാം. ഈ കമ്മിറ്റിയുടെ ഭാഗമാവാന്‍ താല്‍പര്യമില്ലാത്തവര്‍ക്ക് പേരുകള്‍ പിന്‍വലിക്കാം. ഇതില്‍ ഒപ്പിന്റെ ആവശ്യമില്ല. പിന്നെന്തിനാണ് അത് കൃത്രിമമായി തയ്യാറാക്കുന്നതെന്നും ചദ്ദ ചോദിച്ചു.












Click it and Unblock the Notifications