തോൽക്കാനിരിക്കുന്ന പാർട്ടി എതിരാളികളെ അട്ടിമറിക്കാൻ നടത്തുന്ന ശ്രമം ; ഇഡി റെയ്ഡിനെതിരെ അരവിന്ദ് കെജ്രിവാൾ
ആം ആദ്മി എം പി സഞ്ജയ് സിങ്ങിന്റെ വീട്ടിലെ ഇ ഡി പരിശോധനയ്ക്ക് പിന്നാലെ സഞ്ജയ് സിങ്ങിന് പിന്തുണയുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. മദ്യനയ കേസുമായി ബന്ധപ്പെട്ടാണ് എം പി സഞ്ജയ് സിങ്ങിന്റെ വീട്ടിൽ ഇ ഡി പരിശോധന നടത്തി വരുന്നത്. ഇതുവരെ ഇ ഡി ആയിരത്തോളം റെയ്ഡുകൾ നടത്തിയിട്ടുണ്ടെന്നും എന്നാൽ അനധികൃതമായി ഒരു പൈസ പോലും അവർക്ക് കണ്ടെത്താനായില്ലെന്നും അരവിന്ദ് കെജ്രിവാൾ പറഞ്ഞു.
വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ച് തോൽക്കാനിരിക്കുന്ന ഒരു പാർട്ടി എതിരാളികളെ അട്ടിമറിക്കാൻ നടത്തുന്ന തീവ്രശ്രമമാണ് ഇതെന്ന് അരവിന്ദ് കെജ്രിവാൾ ആരോപിച്ചു. ബി ജെ പിയെ പേരെടുത്ത് പറയാതെയായിരുന്നു എ എ പി കൺവീനർ കൂടെയായ കെജ്രിവാളിന്റെ ആരോപണം.

ബസ് വാങ്ങിയതിലും, വൈദ്യുതി വിതരണത്തിലും, ക്ലാസ് റൂമുകളും റോഡുകളും നിർമിച്ചതും തുടങ്ങി തങ്ങൾ നടത്തിയ ഒരുപാട് മാറ്റങ്ങൾക്കെതിരെ അവർ ആരോപണങ്ങൾ ഉന്നയിച്ചു. തങ്ങൾക്കെതിരെ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കാൻ തുടങ്ങിയിട്ട് കുറെക്കാലമായെന്നും അരവിന്ദ് കെജ്രിവാൾ കുറ്റപ്പെടുത്തി. കുറച്ചു കാലമായി മദ്യനയത്തിൽ അഴിമതി നടന്നുവെന്നാണ് അവർ ആരോപിയ്ക്കുന്നത്. എന്നാൽ ഈ ആരോപണം തെളിയിക്കാൻ തക്കതൊന്നും അവർക്ക് കണ്ടെത്താനായിട്ടില്ല. ഇനി സഞ്ജയ് സിങ്ങിന്റെ വീട്ടിൽ നിന്നും ഒന്നും ലഭിക്കാൻ പോകുന്നില്ലെന്നും വരുന്ന തിരഞ്ഞെടുപ്പിൽ തോൽക്കാനിരിക്കുന്ന ഒരു പാർട്ടിയുുടെ അവസാന ഘട്ട ശ്രമങ്ങളാണ് ഇതെന്നും അരവിന്ദ് കെജ്രിവാൾ കൂട്ടിച്ചേർത്തു.
ഇന്ന് രാവിലെ മുതലാണ് മദ്യനയ കേസുമായി ബന്ധപ്പെട്ട് രാജ്യസഭാ എം പി സഞ്ജയ് സിങ്ങിന്റെ വസതിയിൽ റെയ്ഡ് നടത്തിയത്. നേരത്തെ ഇതേ കേസുമായി ബന്ധപ്പെട്ട് എ എ പി നേതാവും ഉപമുഖ്യമന്ത്രിയുമായിരുന്ന മനീഷ് സിസോദിയെ ഇ ഡി അറസ്റ്റ് ചെയ്തിരുന്നു. മാർച്ച് 9നാണ് ഈ സംഭവം. സിസോദിയുമായി ബന്ധമുള്ള ഡൽഹിയിലെ വ്യാപാരി ദിനേഷ് അറോറയെയും അറസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെ മനീഷ് സിസോദിയുടെ 52 കോടിയോളം രൂപയുടെ സ്വത്തുവകകളും കണ്ടുകെട്ടിയിരുന്നു.
നേരത്തെ പാർലമെന്റ് മൺസൂൺ സെഷനിൽ നിന്ന് സഞ്ജയ് സിങ്ങിനെ സസ്പെന്റ് ചെയ്തിരുന്നു. മണിപ്പൂർ വിഷയവുമായി ബന്ധപ്പെട്ട് രാജ്യ സഭയിൽ പ്രതിഷേധിച്ചതിനെത്തുടർന്നായിരുന്നു നടപടി. ചെയറിന്റെ നിർദേശങ്ങൾ തുടർച്ചയായി ലംഘിച്ചെന്നതാണ് സസ്പെൻഷന് ചൂണ്ടിക്കാട്ടിയ കാരണം. അത സമയം സസ്പെൻഷൻ വിവരമറിഞ്ഞതിനെത്തുടർന്ന് സഞ്ജയ് സിങ്ങ് പാർലമെന്റ് പരിസരത്ത് പ്രതിഷേധിക്കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications