കോണ്‍ഗ്രസിനെ വിടാതെ എഎപി, ജമ്മുവിലേക്ക് വരുന്നു, കോട്ട കാക്കാന്‍ കരുതലോടെ ബിജെപി
ദില്ലി: ദേശീയ തലത്തിലാകെ വ്യാപിപ്ക്കാന്‍ പദ്ധതിയിട്ട് ആംആദ്മി പാര്‍ട്ടി. അടുത്ത ലക്ഷ്യം ജമ്മുവാണ്. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ശക്തമാക്കുകയാണ് എഎപി ചെയ്യുന്നത്. അതിന്റെ ഭാഗമായിട്ടാണ് ജമ്മുവിലെത്തുന്നത്. ജമ്മുവില്‍ മുസ്ലീങ്ങളേക്കാള്‍ കൂടുതല്‍ ഹിന്ദുക്കളാണ്. ഇവരുടെ വോട്ട് കോണ്‍ഗ്രസിന് ലഭിക്കാറുണ്ട്. പക്ഷേ സമീപകാലത്തായി ബിജെപി വന്‍ കുതിപ്പ് ഹിന്ദു വോട്ടര്‍മാരില്‍ സ്വന്തമാക്കി കഴിഞ്ഞു. ജമ്മുവില്‍ കോണ്‍ഗ്രസിന്റെ വലിയൊരു വിടവുണ്ട്. ഈ വോട്ടുബാങ്ക് ആകെ ദുര്‍ബലമായി പോയിരിക്കുകയാണ്. ഇത് സ്വന്തമാക്കാനാണ് അരവിന്ദ് കെജ്രിവാള്‍ ലക്ഷ്യമിടുന്നത്. കശ്മീരില്‍ വൈകാതെ തിരഞ്ഞെടുപ്പ് നടക്കാം. ഇതില്‍ മത്സരിക്കാനാണ് എഎപിയുടെ പ്ലാന്‍. കോണ്‍ഗ്രസ് ദുര്‍ബലമായാല്‍ കൂടുതല്‍ സാധ്യത എഎപി മുന്നില്‍ കാണുന്നുണ്ട്.

കോണ്‍ഗ്രസ് പാര്‍ട്ടിയെ അടിമുടി പൊളിച്ചെഴുതാനുള്ള ശ്രമങ്ങളൊന്നും ശക്തമായി നടത്തുന്നില്ല. ജമ്മുവിലും കശ്മീരിലുമൊക്കെ ഇതേ അവസ്ഥയാണ്. കോണ്‍ഗ്രസിന്റെ അതേ ആശയം തീവ്രതയോടെ അവതരിപ്പിച്ചാല്‍ കൂടുതല്‍ വോട്ട് നേടാനാവുമെന്ന് കെജ്രിവാള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. കോണ്‍ഗ്രസിന്റെ നല്ലൊരു ശതമാനം വോട്ടും ദേശീയ തലത്തില്‍ തന്നെ എഎപി കൊണ്ടുപോകാനാണ് സാധ്യത. ജമ്മു മേഖലയില്‍ ശ്രദ്ധിക്കാന്‍ പ്രത്യേക കാരണമുണ്ട്. പത്ത് ജില്ലകളിലായി പടര്‍ന്ന് കിടക്കുന്നത് ഈ ജമ്മു മേഖല. 43 നിയമസഭാ സീറ്റുകള്‍ ഇവിടെയുണ്ട്. 90 സീറ്റുകളുള്ള ജമ്മു കശ്മീര്‍ മന്ത്രിസഭയില്‍ അധികാരം പിടിക്കാന്‍ ജമ്മുവിലെ വന്‍ നേട്ടം കൊണ്ട് സാധ്യമാണ്.
എഎപിയുടെ ലക്ഷ്യം ഇവിടെ നിന്ന് ഇരുപതില്‍ അധികം സീറ്റുകള്‍ നേടുക എന്നതായിരിക്കും. മൂന്ന് ജില്ലകളിലാണ് എഎപി ഫോക്കസ് ചെയ്യുന്നത്. ദോഡ, കിഷ്ത്വര്‍, ചെനാബ് വാലിയിലെ രാംബന്‍, എന്നിവയാണ് ഈ ജില്ലകള്‍. പിര്‍ പഞ്ചല്‍ മേഖലയിലെ പൂഞ്ചും അത്തരത്തിലൊരു ടാര്‍ഗറ്റാണ്. അരവിന്ദ് കെജ്രിവാള്‍ പാര്‍ട്ടിയെ പുതിയൊരു ഹിന്ദുത്വത്തിലേക്ക് നയിച്ചിരിക്കുകയാണ്. ഇത് കൂടുതല്‍വോട്ട് നേടാനും ഇന്ത്യയൊട്ടാകെ വളരാനും അവരെ സഹായിച്ച ഘടകമാണ്. ബിജെപിയുടെ കരുത്ത് ജമ്മു, സാമ്പ, കാത്തുവ, ഉദ്ധംപൂര്‍, റീസി എന്നീ ജീല്ലകളിലാണ്. ബിജെപി ദുര്‍ബലമായ മേഖലകള്‍ കൂടിയാണ് ഇത്. കോണ്‍ഗ്രസിന്റെ കരുത്ത് ചോര്‍ന്ന സാഹചര്യത്തില്‍ ബിജെപി ശക്തമല്ലാത്ത മേഖലയില്‍ വലിയ മുന്നേറ്റം എഎപി സ്വപ്‌നം കാണുന്നുണ്ട്.
ചെനാബ് വാലിയില്‍ കോണ്‍ഗ്രസ് ദുര്‍ബലമായ അവസ്ഥയിലാണ്. സാന്നിധ്യം പോലും കുറഞ്ഞ് വരികയാണ്. പിര്‍ പഞ്ചലിലും ജമ്മുവിലും സമാന അവസ്ഥയാണ്. ജമ്മുവില്‍ ബിജെപിക്ക് നേരിട്ടൊരു വെല്ലുവിളിയാവാനാണ് കെജ്രിവാളിന്റെ പ്ലാന്‍. ദോഡ ജില്ലയില്‍ പാര്‍ട്ടി റോഡ് ഷോ അടക്കം നടത്തി. മെഹരാജ് മാലിക്കിന്റെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്. ദോഡ ജില്ലാ വികസന കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ മെഹരാജാണ് വിജയിച്ചത്. എഎപിയുടെ ജനപ്രീതി വര്‍ധിച്ച് വരുന്നതായി കണ്‍വീനര്‍ ഫാറൂഖ് അഹമ്മദ് ബന്ദായ് പറഞ്ഞു.
എല്ലാ മണ്ഡലത്തിലും ആയിരത്തിലധികം ആക്ടീവായിട്ടുള്ള പ്രവര്‍ത്തകരുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു. ബിജെപിയുമായി നേരിട്ടുള്ള ഏറ്റുമുട്ടല്‍ ആദ്യ ഘട്ടത്തില്‍ ഒഴിവാക്കി,പിന്നീട് അവരെ നേരിടുന്ന ശക്തിയായി വളരാനാണ് എഎപി എല്ലാ സംസ്ഥാനത്തും ശ്രമിക്കുന്നത്.












Click it and Unblock the Notifications