ഹിമാചലില്‍ മുഖ്യമന്ത്രി മാറുമോ? അനുരാഗ് താക്കൂര്‍ വരുമെന്ന് സിസോദിയ, ക്രെഡിറ്റ് എഎപിക്ക്
ദില്ലി: ഹിമാചല്‍ പ്രദേശില്‍ ഭരണമാറ്റം ഉണ്ടാകുമോ? ആംആദ്മി പാര്‍ട്ടിയുടെ പ്രസ്താവനയോടെ ചോദ്യം പ്രസക്തമായിരിക്കുകയാണ്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ പുതിയ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായിരിക്കും ബിജെപിക്കെന്നാണ് എഎപി പറയുന്നത്. ജനങ്ങളെ സേവിക്കുന്നതില്‍ വലിയ വീഴ്ച്ചയാണ് ബിജെപി സര്‍ക്കാരില്‍ നിന്നുണ്ടായത്. അവര്‍ക്ക് വാഗ്ദാനങ്ങളൊന്നും പാലിക്കാനായില്ല.
അതുകൊണ്ട് മുഖ്യമന്ത്രിയെ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മാറ്റാനാണ് ഒരുങ്ങുന്നത്. അവരുടെ മുഖ്യമന്ത്രിയായ ജയറാം താക്കൂര്‍ വന്‍ പരാജയമാണെന്നും ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ആരോപിച്ചു. കേന്ദ്ര മന്ത്രി അനുരാഗ് താക്കൂറിനെ അടുത്ത മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ബിജെപി പ്രഖ്യാപിക്കുമെന്നും സിസോദിയ പറഞ്ഞു.

വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ബിജെപി പുതിയൊരു മുഖത്തെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവതരിപ്പിക്കും. ജയറാം താക്കൂര്‍ മുഖ്യമന്ത്രി സ്ഥാനത്ത് വന്‍ പരാജയമായിരുന്നുവെന്നും സിസോദിയ പറഞ്ഞു. കെജ്രിവാളിന് ഹിമാചലിലുള്ള ജനപ്രീതിയില്‍ ബിജെപി ആകെ വിറച്ചിരിക്കുകയാണ്. അവര്‍ എഎപിയെ ഭീഷണിയായിട്ടാണ് കാണുന്നതെന്ന് തങ്ങള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ടെന്ന് സിസോദിയ പറയുന്നു. സര്‍ക്കാരിനെ നയിക്കുന്ന നേതാവിനെ മാറ്റാനാണ് അവരിപ്പോള്‍ പ്ലാന്‍ ചെയ്യുന്നത്. മുഖ്യമന്ത്രിയെന്ന നിലയില്‍ ജയറാം താക്കൂര്‍ വന്‍ പരാജയമാണെന്നും, ജനങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നും സിസോദിയ വ്യക്തമാക്കി.

നാലര വര്‍ഷത്തെ പരാജയം മറയ്ക്കാന്‍ ബിജെപി കഷ്ടപ്പെടുകയാണ്. അവര്‍ക്ക് ജയറാം താക്കൂറിനെ വീണ്ടും മുഖ്യമന്ത്രിയാക്കാന്‍ താല്‍പര്യമില്ല. ജയറാം താക്കൂറിന് പകരം അനുരാഗ് താക്കൂറിനെ കേന്ദ്ര മന്ത്രിസ്ഥാനത്ത് നിന്ന് കൊണ്ടുവന്ന് മുഖ്യമന്ത്രിയാക്കാനാണ് ശ്രമമെന്നും സിസോദിയ പറഞ്ഞു. അതേസമയം അനുരാഗ് താക്കൂര്‍ ഹിമാചലിലെ മുന്‍ മുഖ്യമന്ത്രി പ്രേംകുമാര്‍ ധുമലിന്റെ മകനാണ്. അദ്ദേഹത്തിന് നേരത്തെ തന്നെ മുഖ്യമന്ത്രി സ്ഥാനത്തില്‍ നോട്ടമുണ്ട്. എന്നാല്‍ ക്രിക്കറ്റ് ഭരണത്തിലായിരുന്നു അദ്ദേഹം കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത്. പിന്നീട് മോദി മന്ത്രിസഭയിലെത്തുകയായിരുന്നു. അദ്ദേഹം സംസ്ഥാന ഭരണത്തിലേക്ക് തിരിച്ചുവരാന്‍ അവസരം നോക്കിയിരിക്കുകയാണ്.

കെജ്രിവാള്‍ മോഡല്‍ ഭരണം ഇന്ന് രാജ്യത്താകെയുള്ള ജനങ്ങളുടെ പ്രതീക്ഷയാണ്. ഈ മോഡല്‍ ഭരണം ഓരോ പൗരനും നല്‍കുമ്പോള്‍, ബിജെപിക്കുള്ളില്‍ വെറും ബില്‍ഡ് അപ്പ് മാത്രമാണ് നടക്കുന്നതെന്നും സിസോദിയ പറഞ്ഞു. ദില്ലിയിലും പഞ്ചാബിലും കെജ്രിവാള്‍ മോഡല്‍ ഭരണം വന്‍ വിജയമായി. എവിടൊക്കെ തിരഞ്ഞെടുപ്പ് നടക്കുന്നുവോ അവിടൊക്കെ എഎപിക്ക് ഒരവസരം നല്‍കണമെന്നതാണ് ജനകീയ വികാരം. പഞ്ചാബിലും ദില്ലിയിലും ജനങ്ങള്‍ എഎപിക്ക് അധികാരം നല്‍കിയത് പോലെയാണിത്. കെജ്രിവാള്‍ കഴിഞ്ഞ ദിവസം ഗുജറാത്തില്‍ പോയിരുന്നു. അവിടെ നിന്ന് വലിയ പിന്തുണയാണ് ലഭിച്ചതെന്നും സിസോദിയ പറയുന്നു.

കഴിഞ്ഞ ദിവസമാണ് അരവിന്ദ് കെജ്രിവാള്‍ മിഷന്‍ ഹിമാചല്‍ പദ്ധതിക്ക് തുടക്കമിട്ടത്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനം പിടിക്കുകയാണ് ലക്ഷ്യം. മാണ്ഡിയില്‍ റോഡ് ഷോയിലൂടെയായിരുന്നു എഎപി തുടക്കമിട്ടത്. ജനങ്ങളെ മുഴുവന്‍ പറഞ്ഞ് പറ്റിച്ച് നാലര വര്‍ഷത്തിന് ശേഷം മുഖ്യമന്ത്രിയെ മാറ്റിയാലും വലിയ കാര്യമുണ്ടാവില്ല. ജനങ്ങളുടെ പ്രതീക്ഷകളാണ് നിങ്ങള്‍ തകര്‍ത്തത്. അവര്‍ നിങ്ങളെ ഒരിക്കലും ഓര്‍ക്കില്ല. അവരുടെ പ്രതീക്ഷകളെ ശക്തമാക്കാന്‍ അവരുടെ അടുക്കല്‍ കെജ്രിവാള്‍ എത്തി കഴിഞ്ഞുവെന്നും, ഇനി ബിജെപിയുടെ ആവശ്യമില്ലെന്നും സിസോദിയ പറഞ്ഞു.

അതേസമയം എഎപിയെ പക്ഷേ കോണ്‍ഗ്രസോ ബിജെപിയോ ഗൗരവത്തോടെ കാണുന്നില്ല. എഎപിയുടെ മാണ്ഡിയിലെ റോഡ് ഷോയും അവരെ ബാധിച്ചിട്ടില്ല. ഹിമാചലില്‍ മൂന്നാമതൊരു ശക്തിക്ക് ഇടമില്ലെന്നാണ് കോണ്‍ഗ്രസും ബിജെപിയും പ്രതികരിച്ചത്. എഎപി നേതാവ് അരവിന്ദ് കെജ്രിവാളിന്റെ രാഷ്ട്രീയം ഹിമാചലില്‍ ചെലവാകില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ സുരേഷ് കശ്യപ് പറഞ്ഞു. കെജ്രിവാള്‍ അഴിമതിയെ കുറിച്ച് സംസാരിക്കുന്നു. എന്നാല്‍ സംസ്ഥാനം ഇപ്പോഴേ അഴിമതി മുക്തമാണ്. അതുകൊണ്ട് മൂന്നാമതൊരു പാര്‍ട്ടിക്ക് സ്ഥാനമില്ല. ഇവിടെയുള്ള വോട്ടര്‍മാര്‍ ബുദ്ധിമാന്മാരാണെന്നും കശ്യപ് പറഞ്ഞു. പഞ്ചാബില്‍ നിന്നും ദില്ലിയില്‍ നിന്നും വന്ന ടൂറിസ്റ്റുകളാണ് എഎപി റാലിയില്‍ കണ്ടതെന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ കുല്‍ദീപ് സിംഗ് റാത്തോഡ് പറഞ്ഞു.












Click it and Unblock the Notifications