ഒളിക്യാമറകള്‍ ആംആദ്മി പാര്‍ട്ടിക്ക് പണിയാകുമോ?
ദില്ലി: അഴിമതിക്കാരായ ഒരുപാട് പേരുകള്‍ ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാട്ടിയിട്ടുള്ള ഒരു ജനകീയമുന്നേറ്റത്തിന്റെ ബാക്കിപത്രമാണ് ആം ആദ്മി പാര്‍ട്ടി എന്ന രാഷ്ട്രീയ പാര്‍ട്ടി. ജനകീയ സമരത്തിന് നേതൃത്വം നല്‍കിയ അണ്ണാ ഹസാരെ എന്ന ഗാന്ധിയന്റെ പിന്തുണയില്ലെങ്കിലും സാധാരണക്കാരായ ഒട്ടേറെയാളുകള്‍ ഈ പാര്‍ട്ടിയില്‍ പ്രതീക്ഷ വെച്ചിരുന്നു.
എന്നാല്‍ വാളെടുത്തവന്‍ വാളാല്‍ എന്ന് പറഞ്ഞ കണക്കിന്, സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിന്റെ അങ്കലാപ്പിലാണ് ഇപ്പോള്‍ ആപ്പ് എന്ന് ചുരുക്കി വിളിക്കപ്പെടുന്ന ആം ആദ്മി പാര്‍ട്ടി. ഒരു കമ്പനിക്കെതിരെ അപവാദ പ്രചരണം നടത്താന്‍ വേണ്ടിയാണ് എ എ പിയുടെ സ്ഥാനാര്‍ഥി 15 ലക്ഷം രൂപ വാങ്ങിയത്.

വാങ്ങിയ പണത്തിന് രസീത് നല്‍കില്ലെന്നും അത് വളണ്ടിയര്‍മാരുടെ സ്‌റ്റൈപ്പന്‍ഡിനായി ചെലവഴിക്കും എന്ന് ഇവര്‍ പറയുന്നതോടെയാണ് ആം ആദ്മി പാര്‍ട്ടി നേതാക്കളുടെ സുതാര്യത പൊളിയുന്നത്. ഇത്തരം സംഭാവനകള്‍ ഏറെ ലഭിക്കുന്നുണ്ടെന്ന് ഇവരുടെ കൂട്ടത്തിലുള്ള മറ്റൊരാള്‍ പറയുന്നതും കേള്‍ക്കാം.
കിട്ടിയ ഓരോ രൂപയുടെയും കണക്ക് വെബ്‌സൈറ്റിലിടുന്ന പാര്‍ട്ടിക്ക് ഇങ്ങനെ കണക്കില്‍പ്പെടാത്ത എത്ര പണം കിട്ടിയിട്ടുണ്ടാകും എന്ന് കേള്‍ക്കുന്നവര്‍ ആലോചിക്കുക സ്വാഭാവികം. മാത്രമല്ല, ആം ആദ്മി പാര്‍ട്ടി ഉന്നയിക്കുന്ന ആരോപണങ്ങളുടെ വിശ്വാസ്യതയും ചോദ്യചിഹ്നമായി മാറുന്നു. എ എ പിയുടെ വിദേശ ഫണ്ടുകളുടെ ഉറവിടം അന്വേഷിക്കുമെന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രഖ്യാപനവും രണ്ടുകോടി രൂപയ്ക്ക് സീറ്റു മറിച്ചുവിറ്റെന്ന ആരോപണവും ഇതോടൊപ്പം ചേര്‍ത്തുവായിക്കപ്പെടേണ്ടവയാണ്.
ഷാസിയാ ഇല്‍മി ഒളിക്യാമറയില്‍ പെട്ട ദൃശ്യങ്ങള്‍ പ്രസീദ്ധീകരിച്ച വെബ്‌സൈറ്റിനെതിരെ മാനനഷ്ടത്തിന് കേസുകൊടുക്കാനാണ് ആം ആദ്മി പാര്‍ട്ടിയുടെ നീക്കം. മുഴുവന്‍ ദൃശ്യങ്ങളെല്ലാം കൈമാറണമെന്ന ആം ആദ്മി പാര്‍ട്ടി നേതാക്കളുടെ അഭ്യര്‍ഥന നിരസിച്ച സൈറ്റ് അധികൃതര്‍ സി ഡി തിരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ചിട്ടുണ്ട്.












Click it and Unblock the Notifications