രാഘവ് ചദ്ദയെ പൂട്ടാന്‍ എഎപി; ഇത് ലയനം അല്ല കൂറുമാറ്റം, രാജ്യസഭാ ചെയര്‍മാന് പരാതി നല്‍കി
ന്യൂഡല്‍ഹി: ബിജെപിയില്‍ ചേര്‍ന്ന ഏഴ് എംപിമാര്‍ക്കെതിരെ നടപടിയുമായി എഎപി. രാജ്യസഭാ ചെയര്‍മാന്‍ സിപി രാധാകൃഷ്ണന് പരാതി നല്‍കി. ഏഴ് പേരെയും എംപി സ്ഥാനത്ത് നിന്ന് അയോഗ്യരാക്കണം എന്നാണ് ആവശ്യം. രാജ്യസഭാ അംഗങ്ങളില്‍ മൂന്നില്‍ രണ്ട് പേര്‍ മറ്റൊരു പാര്‍ട്ടിയില്‍ ചേര്‍ന്നാല്‍ അത് കൂറുമാറ്റത്തിന്റെ പരിധിയില്‍ വരില്ലെന്നും ലയനം ആയി കണക്കാക്കുമെന്നുമാണ് ബിജെപിയുടെ വാദം.
എന്നാല്‍ ഈ വാദം എഎപി എതിര്‍ക്കുന്നു. ഭരണഘടനയിലെ പത്താം ഷെഡ്യൂള്‍ പ്രകാരം നടപടി വേണം എന്നാണ് പാര്‍ട്ടിയുടെ രാജ്യസഭാ കക്ഷി നേതാവ് സഞ്ജയ് സിങ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഭരണഘടനയുടെ പത്താം ഷെഡ്യൂള്‍ പ്രകാരം ഇതും കൂറുമാറ്റമാണ്. കൂറുമാറ്റം തടയല്‍ നിയമ പ്രകാരവും നടപടി എഎപി ആവശ്യപ്പെട്ടു.

രാഘവ് ചദ്ദ, സന്ദീപ് പഥക്, അശോക് മിത്തല്‍, ഹര്‍ബജന്‍ സിങ്, രാജേന്ദ്ര ഗുപ്ത, വിക്രം സാഹ്നി, സ്വാതി മാലിവാള്‍ എന്നീ രാജ്യസഭാ എംപിമാരാണ് കഴിഞ്ഞ ദിവസം എഎപി വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. മൂന്നില്‍ രണ്ട് എഎപി എംപിമാര്‍ കളംമാറിയതിനാല്‍ കൂറുമാറ്റ നിരോധന നിയമം ബാധകമാകില്ല എന്നായിരുന്നു ഇവരുടെ വാദം. ഇത് എതിര്‍ത്താണ് എഎപിയുടെ പരാതി.
ഏഴ് രാജ്യസഭാ അംഗങ്ങളെയും അയോഗ്യരാക്കണം എന്ന് സഞ്ജയ് സിങ് സമര്‍പ്പിച്ച പരാതിയില്‍ ആവശ്യപ്പെട്ടു. എഎപി ടിക്കറ്റില്‍ രാജ്യസഭയിലേക്ക് എത്തിയവരാണ് ഏഴ് പേരും. ഇപ്പോള്‍ അവര്‍ ബിജെപിയില്‍ ചേര്‍ന്നിരിക്കുന്നു. എഎപി ബിജെപിയില്‍ ലയിച്ചിട്ടില്ല. ഏഴ് അംഗങ്ങള്‍ മാത്രമാണ് ബിജെപിയില്‍ ചേര്‍ന്നിരിക്കുന്നത്. അതുകൊണ്ടു തന്നെ അവരെ അയോഗ്യരാക്കണം എന്നാണ് പരാതിയില്‍ വ്യക്തമാക്കുന്നത്.
നിയമ വിദഗ്ധരുടെ അഭിപ്രായം തേടി എഎപി
പരാതി നല്‍കുന്നതിന് മുമ്പ് എഎപി മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലുമായി ചര്‍ച്ച നടത്തിയിരുന്നു. ഭരണഘടനാ വിദഗ്ധരുടെ അഭിപ്രായവും തേടിയ ശേഷമാണ് പരാതി നല്‍കിയത് എന്ന് സഞ്ജയ് സിങ് പറയുന്നു. രാജ്യസഭാ ചെയര്‍മാന്‍ അതിവേഗം നടപടി എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
എഎപി അംഗങ്ങളായിട്ടാണ് ഇവര്‍ രാജ്യസഭയില്‍ എത്തിയത്. അതിന് ശേഷം പാര്‍ട്ടി മാറുന്നത് അവരെ തിരഞ്ഞെടുത്ത ജനങ്ങളോടും ജനപ്രതിനിധികളോടുമുള്ള വിശ്വാസ വഞ്ചനയാണ്. ഭരണഘടനയുടെ അന്തസത്തയ്ക്ക് എതിരായ നീക്കമാണിത്. അതുകൊണ്ടുതന്നെ അയോഗ്യരാക്കണം എന്നും എഎപി ആവശ്യപ്പെട്ടു. അതേസമയം, ഇനിയും മുതിര്‍ന്ന എഎപി നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന് അഭ്യൂഹമുണ്ട്.
എഎപിയുടെ മുഖങ്ങളായിരുന്ന രാഘവ് ചദ്ദയും സന്ദീപ് പഥകും സ്വാതി മാലിവാളുമെല്ലാം കൂട്ടത്തോടെ ബിജെപിയില്‍ ചേര്‍ന്നത് അരവിന്ദ് കെജ്രിവാളിനെ ഞെട്ടിച്ചിരിക്കുകയാണ്. പഞ്ചാബില്‍ പത്ത് മാസം കഴിഞ്ഞാല്‍ നിയമസഭാ തിരഞ്ഞെടുപ്പ് വരികയാണ്. ഈ വേളിയല്‍ എഎപിക്ക് പഞ്ചാബ് ഭരണം നഷ്ടമാകുമോ എന്ന ആശങ്കയുമുണ്ട്. ബിജെപി തന്ത്രത്തില്‍ പഞ്ചാബിന്റെ ഭരണം പിടിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.














Click it and Unblock the Notifications