ദില്ലി മേയറെ തിരഞ്ഞെടുത്തില്ല, മൂന്നാം തവണയും തല്ലിപ്പിരിഞ്ഞു, ആം ആദ്മി പാർട്ടി സുപ്രീം കോടതിയിലേക്ക്

ദില്ലി: മൂന്നാം തവണയും മേയര്‍ തിരഞ്ഞെടുപ്പ് നടത്താനാകാതെ ദില്ലി നഗരസഭാ കോര്‍പ്പറേഷന്‍. മേയറെ തിരഞ്ഞെടുക്കാനായി ചേര്‍ന്ന യോഗത്തില്‍ ബിജെപിയുടേയും എഎപിയുടേയും അംഗങ്ങള്‍ ഏറ്റുമുട്ടിയതോടെയാണ് തിരഞ്ഞെടുപ്പ് വീണ്ടും മാറ്റി വെച്ചത്. നേരത്തെ ചേര്‍ന്ന രണ്ട് യോഗങ്ങളും സമാനമായ തരത്തില്‍ സംഘര്‍ഷത്തെ തുടര്‍ന്ന് മേയറെ തിരഞ്ഞെടുക്കാന്‍ സാധിക്കാതെ അവസാനിപ്പിക്കുകയായിരുന്നു. ഈ മാസം മൂന്ന് തവണ നടത്തിയ യോഗങ്ങളും കലങ്ങിയതോടെ സുപ്രീം കോടതിയെ സമീപിക്കാനാണ് ആം ആദ്മി പാര്‍ട്ടിയുടെ തീരുമാനം.
കോടതിയുടെ നിരീക്ഷണത്തില്‍ മേയര്‍ തിരഞ്ഞെടുപ്പ് നടത്തണം എന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് അതിഷി മര്‍ലേന വ്യക്തമാക്കി. ദില്ലി ഗവര്‍ണര്‍ വികെ സക്‌സേന നോമിനേറ്റ് ചെയ്ത പത്ത് അംഗങ്ങള്‍ക്ക് മേയര്‍ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താന്‍ അവസരം നല്‍കിയതാണ് പ്രതിഷേധത്തിലേക്ക് നയിച്ചത്. ദില്ലി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ നിയമ പ്രകാരം നോമിനേറ്റഡ് അംഗങ്ങള്‍ വോട്ട് ചെയ്യാനുളള അവകാശമില്ല.

ഡിസംബര്‍ നാലിന് ആണ് ദില്ലി കോര്‍പറേഷന്‍ തിരഞ്ഞെടുപ്പ് നടന്നത്. ഡിസംബര്‍ 7ന് തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു. 250 സീറ്റില്‍ 134ലും ആം ആദ്മി പാര്‍ട്ടി വിജയിച്ചു. ബിജെപിക്ക് വിജയിക്കാന്‍ സാധിച്ചത് 104 സീറ്റിലാണ്. പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ദില്ലി മുന്‍സിപ്പല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് തോല്‍വി രുചിക്കുന്നത്. തിരഞ്ഞെടുപ്പ് കഴിഞ്ഞ് മൂന്ന് മാസം പിന്നിട്ടിട്ടും മേയറെ തീരുമാനിക്കാന്‍ സാധിച്ചിട്ടില്ല.
വരുന്ന പത്ത് ദിവസങ്ങള്‍ക്കുള്ളില്‍ മേയര്‍ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതിയില്‍ ആവശ്യപ്പെടുമെന്ന് ആം ആദ്മി പാര്‍ട്ടി വ്യക്തമാക്കി. തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ലഭിച്ചുവെങ്കിലും രഹസ്യ ബാലറ്റിലും ക്രോസ് വോട്ടിംഗ് വഴിയും മേയര്‍ തിരഞ്ഞെടുപ്പില്‍ അട്ടിമറി സാധ്യതയുണ്ട്. തിരഞ്ഞെടുപ്പ് നടക്കണം, ദില്ലിക്കൊരു മേയറുണ്ടാകണം. ബിജെപി ബോധപൂര്‍വ്വം പ്രതിഷേധമുണ്ടാക്കി തിരഞ്ഞെടുപ്പ് തടസ്സപ്പെടുത്തുകയാണ്, ആതിഷി ആരോപിച്ചു.












Click it and Unblock the Notifications