ആപ്പിന്റെ ലോക്‌സഭ സ്ഥാനാര്‍ഥികള്‍ രണ്ടാഴ്ചയ്ക്കകം
ദില്ലി: തലസ്ഥാന നഗരിയായ ദില്ലിയിലെ നിയമസഭ തിരഞ്ഞെടുപ്പിന് പിന്നാലെ ലോക്‌സഭയിലേക്കും ഒരു കൈ നോക്കാന്‍ ആം ആദ്മി പാര്‍ട്ടി ഒരുങ്ങുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക രണ്ടാഴ്ചയ്ക്കകം പുറത്തിറക്കാന്‍ ദില്ലിയില്‍ ചേര്‍ന്ന പാര്‍ട്ടി ദേശീയ എക്‌സിക്യുട്ടീവ് കമ്മിറ്റി തീരുമാനിച്ചു. ദില്ലിയില്‍ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഇതാദ്യമായാണ് ആം ആദ്മി പാര്‍ട്ടി ദേശീയ കമ്മിറ്റി ചേരുന്നത്.
ദില്ലിക്ക് പിന്നാലെ ലോക്‌സഭ തിരഞ്ഞെടുപ്പിന് ഒരുങ്ങുക എന്നതാണ് പാര്‍ട്ടി കമ്മിറ്റിയുടെ പ്രധാന അജണ്ടയെന്ന് ശനിയാഴ്ച രാവിലെ മാധ്യമപ്രവര്‍ത്തകരോട് മുതിര്‍ന്ന നേതാവ് ഗോപാല്‍ റായ് വ്യക്തമാക്കിയിരുന്നു. ഏതൊക്കെ സംസ്ഥാനങ്ങളില്‍ മത്സരിക്കണം, ഏത് തരത്തില്‍ സ്ഥാനാര്‍ഥികളെ നിശ്ചയിക്കണം തുടങ്ങിയ കാര്യങ്ങളും പാര്‍ട്ടി കാര്യമായെടുക്കുന്നുണ്ട്.
ദില്ലിയിലെ തിരഞ്ഞെടുപ്പ് വിജയത്തോടെ ആം ആദ്മി പാര്‍ട്ടിയിലെ അംഗങ്ങളുടെ എണ്ണത്തില്‍ കനത്ത വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. മുന്‍ ഇന്‍ഫോസിസ് ബോര്‍ഡ് മെബര്‍ വി ബാലകൃഷ്ണന്‍, എയര്‍ ഡെക്കാണ്‍ സ്ഥാപകന്‍ ക്യാപ്റ്റന്‍ ഗോപിനാഥ്, മീര സന്യാല്‍ തുടങ്ങിയവര്‍ ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നിരുന്നു. ദില്ലിയില്‍ അധികാരത്തിലെത്തി കേവലം ഒരാഴ്ചയ്ക്കകം പ്രധാനപ്പെട്ട രണ്ട് വാഗ്ദാനങ്ങള്‍ പാലിക്കാന്‍ ആം ആദ്മി പാര്‍ട്ടിക്ക് കഴിഞ്ഞു.
ദില്ലിക്ക് പുറത്തേക്ക് പ്രവര്‍ത്തന മേഖല വ്യാപിപ്പിക്കാന്‍ പാര്‍ട്ടി ലക്ഷ്യമിടുന്നതായി എ എ പി നേതാക്കള്‍ നേരത്ത തന്നെ വ്യക്തമാക്കിയിരുന്നു. സംസ്ഥാന തലത്തില്‍ ഹരിയാനയാണ് ആം ആദ്മി പാര്‍ട്ടിയുടെ അടുത്ത ലക്ഷ്യമെന്ന് മുതിര്‍ന്ന നേതാവ് യോഗേന്ദ്ര യാദവ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ദില്ലി മുഖ്യമന്ത്രിയും പാര്‍ട്ടി കണ്‍വീനറുമായ അരവിന്ദ് കെജ്രിവാളിന്റെയും യാദവിന്റെയും തട്ടകം കൂടിയാണ് ഹരിയാന. അടുത്ത വര്‍ഷമാണ് ഹരിയാനയില്‍ തിരഞ്ഞെടുപ്പ്.












Click it and Unblock the Notifications