'കെജ്രിവാള്‍ പഞ്ചാബ് മുഖ്യമന്ത്രിയാകും?' ഭഗവന്ത് മന്‍ പറയുന്നതിങ്ങനെ...
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട അരവിന്ദ് കെജ്രിവാള്‍ പഞ്ചാബ് മുഖ്യമന്ത്രിയാകും എന്ന വാര്‍ത്തകളെ ചിരിച്ചുതള്ളി ഭഗവന്ത് മന്‍. ഇത്തരം കിവംദന്തികള്‍ പ്രചരിപ്പിക്കുന്നവര്‍ അവരുടെ ജോലി ചെയ്യട്ടെ എന്നും തങ്ങള്‍ തങ്ങളുടെ ജോലിയുമായി മുന്നോട്ട് പോകുകയാണ് എന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയിലെ കപൂര്‍ത്തല ഹൗസില്‍ പഞ്ചാബ് എംഎല്‍എമാരുടെ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയും അടക്കമുള്ള ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ യോഗത്തില്‍ സന്നിഹിതരായിരുന്നു. ഭഗവന്ത് മന്നിനെ മാറ്റി പഞ്ചാബ് മുഖ്യമന്ത്രിയാകാന്‍ കെജ്രിവാള്‍ ശ്രമിക്കുകയാണെന്ന് മുതിര്‍ന്ന ബിജെപി നേതാവ് മഞ്ജീന്ദര്‍ സിംഗ് സിര്‍സ ആരോപിച്ചിരുന്നു. കെജ്രിവാള്‍ മന്നിനെ 'അയോഗ്യന്‍' എന്ന് മുദ്രകുത്തി അദ്ദേഹത്തെ പുറത്താക്കാന്‍ ശ്രമിക്കുകയാണെന്നാണ് സിര്‍സ അവകാശപ്പെട്ടിരുന്നത്.

'ഡല്‍ഹി തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന് ശേഷം അരവിന്ദ് കെജ്രിവാള്‍ ഡല്‍ഹിയില്‍ പഞ്ചാബ് എംഎല്‍എമാരുടെ യോഗം വിളിച്ചിട്ടുണ്ട്. കഴിവില്ലാത്തയാളെന്ന് മുദ്രകുത്തി മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ഭഗവന്ത് മാന്‍ ജിയെ മാറ്റാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സ്ത്രീകള്‍ക്ക് 1000 രൂപ നല്‍കുമെന്ന വാഗ്ദാനം പാലിക്കുന്നതില്‍ പരാജയപ്പെട്ടു. ഇത് പറഞ്ഞ് അദ്ദേഹത്തെ പുറത്താക്കും', സിര്‍സ പറഞ്ഞു.
ഇതിനെ കുറിച്ചുള്ള ചോദ്യത്തോടായിരുന്നു മന്നിന്റെ പ്രതികരണം. 'അവര്‍ പറയട്ടെ' എന്നായിരുന്നു ചിരിച്ചുകൊണ്ട് മന്‍ പ്രതികരിച്ചത്. സ്ത്രീകള്‍ക്ക് എല്ലാ മാസവും 1000 രൂപ നല്‍കുമെന്ന പഞ്ചാബ് സര്‍ക്കാരിന്റെ വാഗ്ദാനം പാലിക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി. പഞ്ചാബിലെ 20 ല്‍ അധികം എ എ പി എം എല്‍ എമാര്‍ താനുമായി ബന്ധപ്പെടുന്നുണ്ടെന്ന കോണ്‍ഗ്രസ് നേതാവ് പര്‍താപ് സിങ് ബജ്വയുടെ അവകാശവാദത്തിനും മുഖ്യമന്ത്രി മറുപടി നല്‍കി.
'ഏകദേശം മൂന്ന് വര്‍ഷമായി പാര്‍താപ് ബജ്വ ഇത് പറയുന്നു. ഡല്‍ഹിയിലെ കോണ്‍ഗ്രസ് എംഎല്‍എമാരുടെ എണ്ണം മൂന്നാം തവണയും എണ്ണാന്‍ അദ്ദേഹത്തോട് ആവശ്യപ്പെടുക എന്നെ എനിക്ക് പറയാനുള്ളൂ,' അദ്ദേഹം പറഞ്ഞു. എം എല്‍ എമാര്‍ എഎപി വിടുമെന്ന ബജ്വയുടെ അവകാശവാദവും അദ്ദേഹം തള്ളി. 'ഞങ്ങളുടെ ചോരയും വിയര്‍പ്പും കൊണ്ടാണ് ഞങ്ങള്‍ ഈ പാര്‍ട്ടി കെട്ടിപ്പടുത്തത്. കൂറ് മാറുന്ന സംസ്‌കാരമാണ് അവര്‍ക്കുള്ളത്. ആം ആദ്മി പാര്‍ട്ടിയുടെ തോല്‍വി ആഘോഷിക്കാന്‍ അവരുടെ ഒരു നേതാവ് ധോള്‍ അടിക്കുകയായിരുന്നു, ' അദ്ദേഹം പറഞ്ഞു. 117 അംഗ പഞ്ചാബ് നിയമസഭയില്‍ എഎപിക്ക് 93 ഉം കോണ്‍ഗ്രസിന് 16 ഉം എംഎല്‍എമാരാണുള്ളത്.












Click it and Unblock the Notifications