ഇപ്പോള്‍ മത്സരിച്ചാല്‍ ആപ്പിന് 10 സീറ്റ്!
ദില്ലി: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വൈറ്റ് വാഷ് ചെയ്യപ്പെട്ടതൊന്നും നോക്കണ്ട, ദില്ലിയില്‍ ഇപ്പോളാണ് തിരഞ്ഞെടുപ്പ് നടക്കുന്നതെങ്കില്‍ ആം ആദ്മി പാര്‍ട്ടിക്ക് 10 സീറ്റുകള്‍ കിട്ടുമെന്ന് റിപ്പോര്‍ട്ട്. ദില്ലി നിയമസഭയില്‍ 28 അംഗങ്ങളാണ് നിലവില്‍ ആം ആദ്മി പാര്‍ട്ടിക്ക് ഉള്ളത്. ലോക്‌സഭ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് പാര്‍ട്ടി കണ്‍വീനര്‍ മത്സരിക്കാനിറങ്ങിയെങ്കിലും പാര്‍ട്ടി പച്ച തൊട്ടില്ല.
ആം ആദ്മി പാര്‍ട്ടിക്ക് ഒരു തരത്തിലുള്ള സ്വാധീനവും ദില്ലിയില്‍ ഉണ്ടാക്കാനായില്ല എന്ന് മാത്രമല്ല, ബി ജെ പി ഏഴ് സീറ്റുകളിലും വിജയിക്കുയും ചെയ്തു. ദില്ലി നിമസഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയാണ് ബി ജെ പി. 32 എം എല്‍ എ മാരാണ് ദില്ലിയില്‍ ബി ജെ പിക്ക് ഉള്ളത്. ലോക്‌സഭ തിരഞ്ഞെടുപ്പിന് പിന്നാലെ വീണ്ടും ദില്ലിയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആം ആദ്മി പാര്‍ട്ടി ശ്രമം നടത്തുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.

എന്നാല്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം എം എല്‍ എമാരും കോണ്‍ഗ്രസും ഇതിന് തയ്യാറായില്ല. കോണ്‍ഗ്രസിന്റെ എട്ട് എം എല്‍ എമാരുടെ പിന്തുണയോടെയാണ് ആം ആദ് മി പാര്‍ട്ടി 49 ദിവസം ദില്ലി ഭരിച്ചത്. തങ്ങളെ അവഗണിച്ച് രാജിവെച്ച കെജ്രിവാളും സംഘത്തിനും വീണ്ടും പിന്തുണ നല്‍കേണ്ട എന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്.
ആം ആദ്മി പാര്‍ട്ടിയുമായി അടുത്ത വൃത്തങ്ങളാണ് ദില്ലിയില്‍ ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടന്നാല്‍ 10 സീറ്റുകള്‍ കിട്ടുമെന്ന ഫലം പുറത്തുവിട്ടത്. ഒരുകക്ഷിക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ ദില്ലിയിലെ നിയമസഭ തിരഞ്ഞെടുപ്പ് ഉടന്‍ നടന്നേക്കുമെന്നാണ് സൂചന. 70 അംഗങ്ങളാണ് ദില്ലി നിയമസഭയില്‍ ആകെയുള്ളത്.












Click it and Unblock the Notifications